വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽനിന്ന് സ്പോൺസർഷിപ്പ് സ്വീകരിക്കാൻ സർക്കാർ അനുമതിയായി.
ജില്ലാ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ സ്പോൺസർഷിപ്പ് സ്വീകരിച്ച് അർഹരായ കുട്ടികൾക്ക് നൽകാം. സ്പോൺസർഷിപ്പ് ഒറ്റത്തവണ സഹായധനം 18 വയസിനുശേഷം പിൻവലിക്കാവുന്ന തരത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെയും കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കും. പലിശ മാസംതോറും കുട്ടിയുടെ അക്കൗണ്ടില്‍ വരവുവയ്ക്കും. മാസ സ്പോൺസർഷിപ്പ് കുട്ടിയുടെയും കുട്ടിയെ പരിചരിക്കാൻ ശിശുക്ഷേമസമിതി നിശ്ചയിച്ച രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ അതത് മാസം നിക്ഷേപിക്കാം.
പഠനാവശ്യത്തിനും മറ്റും തുക നൽകാൻ തയ്യാറാകുന്നവർക്ക് സ്പോൺസർഷിപ്പ് ആന്റ് ഫോസ്റ്റർ കെയർ കമ്മിറ്റിയുടെ അനുമതിയോടെ സ്ഥാപനങ്ങൾക്ക് നേരിട്ടു നൽകാം.