Site iconSite icon Janayugom Online

ഇന്ന് ലോക വനിതാദിനം; സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പോരാട്ടത്തിന് സജ്ജരാകാം

വര്‍ഗസമരത്തിന്റെ ഭാഗമായി സ്ത്രീ സമൂഹം മുന്നേറാനും പോരാടാനും തയാറായ ചരിത്രത്തിന്റെ ഓര്‍മ്മയ്ക്കാണ് മാര്‍ച്ച് എട്ട് സാര്‍വദേശീയ മഹിളാദിനമായി ആഘോഷിക്കുന്നത്. 1908ല്‍ അമേരിക്കയിലെ തയ്യല്‍ തൊഴിലാളികളായ സ്ത്രീകള്‍ ന്യൂയോര്‍ക്ക് നഗരത്തിലൂടെ വോട്ടവകാശത്തിന് വേണ്ടിയും കുറഞ്ഞ മണിക്കൂര്‍ ജോലിക്കും മെച്ചപ്പെട്ട വേതനത്തിനും വേണ്ടി മാര്‍ച്ച് നടത്തി. “ബ്രഡ് ആന്റ് റോസസ്” (അപ്പവും പനിനീര്‍പുഷ്പവും) എന്ന മുദ്രാവാക്യമായിരുന്നു അന്നവര്‍ ഉയര്‍ത്തിയത്. ബ്രഡ് സാമ്പത്തിക സുരക്ഷയുടെ പ്രതീകവും റോസാപ്പൂവ് നല്ല ജീവിതത്തിന്റെ പ്രതീക്ഷയുമായിരുന്നു. 1909ലും വസ്ത്രരംഗത്തെ സ്ത്രീത്തൊഴിലാളികള്‍ വേതനത്തിനും മെച്ചപ്പെട്ട ജോലി വ്യവസ്ഥയ്ക്കും വേണ്ടി പണിമുടക്കി. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിക്കപ്പെട്ടതോടെ വര്‍ഗബോധവും ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആശയങ്ങളും തൊഴിലെടുക്കുന്ന സ്ത്രീകളില്‍ പ്രചരിക്കാനും തുടങ്ങി. വര്‍ഗസമൂഹത്തിന്റെ പരിണാമവും വര്‍ഗചൂഷണവുമാണ് സ്ത്രീകള്‍ക്കെതിരായ വിവേചനത്തിന്റെ മുഖ്യകാരണം. സമൂഹത്തില്‍ മര്‍ദ്ദിത സ്ത്രീകളുടെ വിധി എല്ലാ മര്‍ദ്ദിത ജനങ്ങളുടെയും പ്രത്യേകിച്ച് സാമൂഹ്യ വിപ്ലവത്തിന്റെ ചാമ്പ്യന്മാരായ തൊഴിലാളികളുടെയും വിധിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് സ്ഥാപിച്ചു. ഈ ഭൗതിക വീക്ഷണം, സാമൂഹ്യ ശാസ്ത്രത്തിന്റെ ഈ നിയമം സ്ത്രീവിമോചന പ്രസ്ഥാനത്തിന് പുതിയ വെളിച്ചം ചൊരിഞ്ഞു. 1851ല്‍ സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി സ്ത്രീകള്‍ രംഗത്തിറങ്ങി. വോട്ടവകാശത്തിനു വേണ്ടി ആദ്യം രൂപീകരിച്ച ഗ്രൂപ്പ് “ഷൈഫീല്‍ഡ് അസോസിയേഷന്‍” അതിന്റെ ഉദ്ഘാടന സമ്മേളനം നടത്തി. 1870 ഓഗസ്റ്റിലാണ് ഡെന്മാര്‍ക്കിലെ സ്റ്റൂട്ട് ഗാര്‍ട്ടില്‍ സോഷ്യലിസ്റ്റ് സ്ത്രീകളുടെ ഒന്നാം സാര്‍വദേശീയ സമ്മേളനം നടന്നത്. സോഷ്യലിസ്റ്റ് നേതാവായ ക്ലാരസെതിങ്ങിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ സാര്‍വദേശീയ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. 1907ല്‍ നടന്ന സോഷ്യലിസ്റ്റ് വനിതകളുടെ പ്രഥമ സമ്മേളനത്തില്‍ സ്ത്രീകള്‍ വോട്ടവകാശത്തിന് വേണ്ടി പോരാടാന്‍ തീരുമാനിച്ചു. ഇതിന്റെയൊക്കെ ഭാഗമായിട്ടാണ് 1908ല്‍ അമേരിക്കയിലെ ന്യുയോര്‍ക്കില്‍ മാര്‍ച്ച് എട്ടിന് സ്ത്രീത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്. 1910ല്‍ കോപ്പന്‍ഹേഗില്‍ ചേര്‍ന്ന സാര്‍വദേശീയ മഹിളാസമ്മേളനമാണ് സ്ത്രീ തൊഴിലാളികളുടെ ചരിത്രവും പാരമ്പര്യവും നിലനിര്‍ത്തുന്നതിനായി മാര്‍ച്ച് എട്ട് സാര്‍വദേശീയ മഹിളാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അന്നു മുതല്‍ മാര്‍ച്ച് എട്ട് ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ സമത്വത്തിനായി അനീതികള്‍ക്കെതിരായി, അതിക്രമങ്ങള്‍ക്കെതിരായി, സമാധാനത്തിനായി, സാഹോദര്യത്തിനായി ആചരിച്ചു വരുന്നു. ഇത്തവണ ഐക്യരാഷ്ട്രസഭ “ഇന്നത്തെ ലിംഗസമത്വം നാളത്തെ സുസ്ഥിരതയ്ക്കായ്” എന്ന മുദ്രാവാക്യമാണ് മാര്‍ച്ച് എട്ടിന് ഉയര്‍ത്തിപ്പിടിക്കുന്നത്.


ഇതുകൂടി വായിക്കാം; സ്ത്രീകളില്ലാത്ത ജനാധിപത്യം ജനാധിപത്യമല്ല


2022 മാര്‍ച്ച് എട്ടിന് ദേശീയ മഹിളാ ഫെഡറേഷനും‍ (എന്‍എഫ്ഐഡബ്ല്യു) കേരള മഹിളാസംഘവും ഉയര്‍ത്തുന്ന മുദ്രാവാക്യം “വിദ്വേഷത്തെ തുടച്ചുനീക്കുക, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഉയര്‍ത്തിപ്പിടിക്കുക” എന്നുള്ളതാണ്. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം സ്ത്രീകളെ പോരാട്ടമല്ലാതെ മറ്റൊരു വഴിയുമില്ല എന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു. ബിജെപി സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും ജുഡീഷ്യറിയെപ്പോലും നോക്കുകുത്തിയാക്കി, മനുസ്മൃതിയില്‍ അധിഷ്ഠിതമായ, വെറുപ്പിന്റെ രാഷ്ട്രീയം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദുസവര്‍ണ ശക്തികളുടെ പ്രധാന രാഷ്ട്രീയ മുഖമായി ബിജെപി മാറിയിട്ടുണ്ട്. ഭരണകൂട വേട്ടയിലൂടെ എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രരൂപീകരണം എന്ന സങ്കല്പനം മുന്നോട്ടുവയ്ക്കുകയാണ് ബിജെപിയെ നയിക്കുന്ന ആര്‍എസ്എസ്. ഹിന്ദുസ്വത്വത്തെ മുന്‍പില്‍ നിര്‍ത്തി വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കി പ്രവര്‍ത്തിക്കുകയാണിവര്‍. സംഘപരിവാറിന് കീഴില്‍ എല്ലാക്കാലത്തും ബിജെപി ഭരണത്തിന്റെ മുഖമുദ്ര സ്ത്രീവിരുദ്ധതയാണ്. പ്രത്യയശാസ്ത്രത്തിലെന്ന പോലെ അതിന്റെ നയത്തിലും അജണ്ടയിലും ഭരണത്തിന്റെ ഓരോ തലത്തിലും സ്ത്രീവിരുദ്ധതയും അതിനൊപ്പം ദളിത് ന്യൂനപക്ഷ വിരുദ്ധതയും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു, നടപ്പാക്കുന്നു. അതിന്റെ ഹീനമായ, നീചമായ ദൃഷ്ടാന്തങ്ങളായാണ് ഹിജാബ് വിവാദം ഉള്‍പ്പെടെയുള്ളവ. ജാതിയെ അടിസ്ഥാനമാക്കിയുള്ള അധികാര ശ്രേണി ബന്ധങ്ങള്‍ നിലനിര്‍ത്താനായി ദുരഭിമാനക്കൊലകളും ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതുമെല്ലാം അരങ്ങേറുന്നു. സ്ത്രീകള്‍ അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പോരാട്ടത്തിലാണ്. സ്ത്രീ-പുരുഷ സമത്വമെന്നത് മതേതരത്വ ജനാധിപത്യ സംവിധാനത്തില്‍ അടിസ്ഥാന അവകാശമാണ്. “ഒരു രാഷ്ട്രത്തിന്റെ ആത്മീയ പുരോഗതിയുടെ അളവുകോല്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് ലഭിക്കുന്ന പദവിയാണ്” എന്ന് പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രു തന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്. അധികാരം ലഭിച്ചാല്‍ സ്ത്രീകളുടെ രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന വാഗ്ദാനവുമായി ഇറങ്ങിത്തിരിച്ച നരേന്ദ്രമോഡിക്ക് നന്നായി അറിയാം, ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭരണാധികാരികളെ നിര്‍ണയിക്കുന്നതില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ നിര്‍ണായകമാകുന്നത് സ്ത്രീ വോട്ടുകളാണെന്ന്. എന്നാല്‍ ഇവര്‍ അധികാരത്തില്‍ വന്നശേഷം സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണസഭയില്‍ പ്രാതിനിധ്യം നല്കുന്ന വനിതാ സംവരണബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതുപോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2022–23ലെ ബജറ്റ് പരിശോധിച്ചാല്‍ സ്ത്രീകള്‍ക്ക് അല്പം പോലും ആശ്വാസകരമല്ല എന്ന് ഉറപ്പാക്കാന്‍ കഴിയും. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (പെണ്‍കുട്ടികളെ രക്ഷിക്കൂ, അവരെ പഠിപ്പിക്കൂ) എന്ന് ഇടയ്ക്കിടെ പറയുന്ന നരേന്ദ്രമോഡി ഭരിക്കുന്ന ഇന്ത്യയിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളെ നേരിടേണ്ടി വരുന്നത്. സഫലീകരിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെ പട്ടികയില്‍ വിലക്കയറ്റവും ദാദിദ്ര്യ നിര്‍മ്മാര്‍ജനവും തൊഴിലില്ലായ്മയും എല്ലാമുണ്ട്.


ഇതുകൂടി വായിക്കാം; സ്ത്രീപക്ഷ നവ കേരളം, ജനങ്ങള്‍ ഏറ്റെടുക്കണം


എന്നാല്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് ജനങ്ങള്‍. തൊഴിലവസരങ്ങള്‍ എത്ര സൃഷ്ടിച്ചെന്ന് പറയാന്‍ ബിജെപി സര്‍ക്കാരിന് കഴിയുന്നില്ല. ഗ്രാമീണ മേഖലയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ആശ്രയമായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ 98,000 കോടി രൂപ ആയിരുന്നെങ്കില്‍ ഇത്തവണ 73,000 കോടി രൂപ മാത്രമാണ്. ബിജെപിയുടെ കാപട്യമാണിവിടെ കാണാന്‍ കഴിയുന്നത്. ലോക പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ലോക പട്ടിണിക്കാരില്‍ 24 ശതമാനവും ജീവിക്കുന്നത് ഇന്ത്യയിലാണ്. ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ 57 ശതമാനത്തോളം സ്ത്രീകള്‍ വിളര്‍ച്ച അനുഭവിക്കുകയാണെന്നാണ്. ഇവര്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയുന്നില്ല. ഇത് കുഞ്ഞുങ്ങളെയും ബാധിക്കുന്നു. 2019നും 2021നും ഇടയില്‍ നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേ (നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ- എന്‍എഫ്എച്ച്എസ്) പ്രകാരം ഇന്ത്യയിലെ അഞ്ചു വയസിന് താഴെയുള്ള ശിശുമരണ നിരക്ക് 41.9 ശതമാനമാണ്. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ 35.21 ആണ് വര്‍ഷം തോറും പോഷകാഹാരക്കുറവില്‍ മരണപ്പെടുന്നത്. നവജാത ശിശുക്കളുടെ മരണം 24.5 ശതമാനമാണ്. ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രിഷ്യന്‍ ഇന്‍ ദ വേള്‍ഡ് 2019 സൂചിക അനുസരിച്ച് ഇരുന്നൂറ് മില്യന്‍ മനുഷ്യര്‍ പോഷകാഹാരക്കുറവുകൊണ്ട് ബുദ്ധിമുട്ടുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ പട്ടിണിക്ക് പരിഹാരം കാണുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനിന്നുകൊണ്ട് 2,86,469 കോടി രൂപയില്‍ നിന്ന് 2,06,831 കോടിയായും ഭക്ഷ്യ സബ്സിഡി വെട്ടിക്കുറച്ചു- ‘ദാരിദ്ര്യത്തിന്റെ സ്ത്രീവല്ക്കരണം’ മാറ്റിയെടുത്തേ മതിയാകു. സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ പട്ടിണി ഇല്ലാതാക്കുക പരമപ്രധാനമാണ്. മോഡി സര്‍ക്കാര്‍ ഇതിനോട് വച്ചുപുലര്‍ത്തുന്ന നിസംഗതയും നിശബ്ദതയും മാറ്റിയേതീരൂ. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ബിജെപി സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീപരിപ്രേക്ഷ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ബദല്‍ രാഷ്ട്രീയം ശക്തിപ്പെടുത്തി ജാതി, മത, വര്‍ഗ, ലിംഗ ചേരിതിരിവുകള്‍ ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് ഏറ്റെടുത്തിട്ടുള്ളത്. ഈ വനിതാദിനം സ്ത്രീകളില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ്. എല്ലാ ഭരണഘടനാ മൂല്യങ്ങളെയും തിരസ്കരിച്ചുകൊണ്ട് വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തുന്ന ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്പിക്കാന്‍ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്ത്രീകളെ പോരാട്ടത്തിന് സജ്ജരാക്കാം- വനിതാദിനാശംസകള്‍.

Exit mobile version