ഭാവി തലമുറകളെ മുന്നിൽ കണ്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് ഫിഷറീസ്-സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർദേശിച്ചു. സംസ്ഥാന സർക്കാർ കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) മുഖേന നടപ്പാക്കുന്ന നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി പുന്നപ്ര കാർമൽ എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തിന് ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ട്.
ലോകത്തോടൊപ്പം സഞ്ചരിക്കുന്നതിന് കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന മുന്നേറ്റം ശക്തമായി തുടരണം. ഭൂമിശാസ്ത്രപരമായി ഒരുപാട് പരിമിതികളുള്ള സംസ്ഥാനത്ത് വ്യവസായ നിക്ഷേപം കൂടുതലായി വരുന്നതിനും ലഭ്യമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനം കൂടിയേതീരൂ. കേരളത്തിന്റെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിതെളിക്കുന്ന കെ റെയിൽ പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കരുത്. എല്ലാത്തിനെയും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ എതിർക്കുന്നത് ഒഴിവാക്കണം. സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ പദ്ധതിയായ നോളജ് ഇക്കണോമി മിഷന്റെ തൊഴിൽ മേളകളിലൂടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കും. വിദ്യാഭ്യാസവും തൊഴിൽ വൈദഗ്ധ്യവും ഉള്ളവരെ തൊഴിൽ ദായകരുമായി ബന്ധിപ്പിക്കുകയാണ് സർക്കാർ ഇതിലൂടെ ചെയ്യുന്നത്.
സംസ്ഥാനത്തും പുറത്തും വിദേശത്തും അഭിരുചിക്കും നൈപുണ്യത്തിനും യോജിച്ച തൊഴിലുകൾ കണ്ടെത്തുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും-മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംപി മുഖ്യാതിഥിയായിരുന്നു. എച്ച് സലാം എം എൽ എ മുഖ്യപ്രഭാഷണം നടത്തി. കേരള നോളജ് ഇക്കണോമി മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ എം സലിം പദ്ധതി വിശദീകരിച്ചു.
ജില്ലാ കളക്ടർ എ അലക്സാണ്ടർ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജേഷ്, പുന്നപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബി വിജയാനന്ദൻ, ഗ്രാമപഞ്ചായത്ത് അംഗം സുധർമ ഭുവനചന്ദ്രൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ജയ, ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ആർ വിനോദ്, കെ-ഡിസ്ക് ജില്ലാ കോ-ഓർഡിനേറ്റർ അബ്ദുള്ള അസാദ്, നോളജ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അനൂപ് തുടങ്ങിയവർ പങ്കെടുത്തു. 72 സ്ഥാപനങ്ങൾ പങ്കെടുത്ത തൊഴിൽ മേളയിൽ സംസ്ഥാനത്തും പുറത്തുമായി 15000ൽ അധികം തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്.