Site iconSite icon Janayugom Online

വെടിനിർത്തൽ വേണം, പരമാധികാരം മാനിക്കണം; ഇറാന് പിന്തുണയുമായി ചൈന രംഗത്ത്

ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സൈനിക നടപടിയിൽ ചൈന കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇറാന്റെ പരമാധികാരവും സുരക്ഷയും പ്രാദേശിക അഖണ്ഡതയും മാനിക്കപ്പെടണമെന്നും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് എല്ലാ പക്ഷത്തോടും ചൈന അഭ്യർത്ഥിച്ചു. വാഷിംഗ്ടണിന്റെ സൈനിക നടപടി ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ലംഘനമാണെന്നും പരമാധികാര രാഷ്ട്രത്തിന് നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ വിമർശിച്ചു.

ആക്രമണത്തെത്തുടർന്ന് ഇറാനിലും ഇസ്രായേലിലുമുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ചൈന നിർദ്ദേശിച്ചു. ഇസ്രായേലിലുള്ളവർ ഈജിപ്ത് വഴിയും ഇറാനിലുള്ളവർ അസർബൈജാൻ, അർമേനിയ, തുർക്കി, ഇറാഖ് എന്നിവടങ്ങളിലെ കരമാർഗ്ഗവും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം. ഇതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് ഹോങ്കോങ് ആസ്ഥാനമായുള്ള കാഥേ ഗ്രൂപ്പ് ദുബായ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ചരക്ക് വിമാനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പാതകൾ പുനർക്രമീകരിച്ചതായും കമ്പനി അറിയിച്ചു.

Exit mobile version