ഓൺലൈൻ തട്ടിപ്പുകളും ദുരുപയോഗവും തടയാനാവശ്യമായ അവബോധം വളർത്തിയെടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ സൈബർ ഡിവിഷന്റെയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈൻ പദ്ധതികൾക്കെതിരെ സമൂഹം നല്ല ജാഗ്രത പുലർത്തണം.എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ട്. പലപ്പോഴും അമിത ലാഭം പ്രതീക്ഷിച്ചാണ് ആളുകൾ ഇത്തരം കെണിയിൽ പോയി വീഴുന്നതെന്നും അദ്ദേഹംപറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ഓൺലൈൻ തട്ടിപ്പുകളിലൂടെ സംസ്ഥാനത്ത് 201 കോടി രൂപയാണ് നഷ്ടമായത്. തട്ടിപ്പുകൾക്കിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ തിരുവനന്തപുരം സൈബർ സ്റ്റേഷന്റെ ചുമതല ഒരു ഡിവൈഎസ്പിക്കാണ്. സൈബർ ഡിവിഷൻ വരുന്നതോടെ കൊച്ചി, കോഴിക്കോട് സൈബർ സ്റ്റേഷനുകളുടെ ചുമതലയും ഡിവൈഎസ്പിമാർക്കാവും. ഇവരെ സഹായിക്കാൻ മൂന്ന് ഇൻസ്പെക്ടർമാരുണ്ടാകും. സൈബർ കുറ്റാന്വേഷണത്തിന്റെ ഏകോപനത്തിനായി റേഞ്ച് ഡിഐജിമാരുടെ കീഴിൽ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായും രാജ്യത്തെ മികച്ച ഒൻപതാമത്തെ സ്റ്റേഷനായും തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുള്ള ഉപഹാരം ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു. കൂടാതെ സൈബർ ഡിവിഷന്റെ ലോഗോ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളും പ്രകാശനം ചെയ്തു. ആന്റണിരാജു എംഎൽഎ അധ്യക്ഷനായി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എം ആർ അജിത്കുമാർ, എച്ച് വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു.
English Summary:We need to be careful about online scams: Chief Minister
You may also like this video