Site iconSite icon Janayugom Online

മണിപ്പൂരിലെ പൊലീസ് ഔട്ട്പോസ്റ്റില്‍ നിന്ന് ആയുധങ്ങള്‍ കൊള്ളയടിച്ചു

മണിപ്പൂരിലെ തൗബല്‍ ജില്ലയിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയൻ (ഐആര്‍ബി) ഔട്ട്പോസ്റ്റില്‍ ആയുധങ്ങള്‍ കൊള്ളയടിച്ചു. ശനിയാഴ്ച രാത്രിയാണ് കക്മായൈ പ്രദേശത്തെ ഐആർബി ഔട്ട്‌പോസ്റ്റിൽ നിന്ന് തോക്കുകളുമായെത്തിയ അജ്ഞാത സംഘം കൊള്ള നടത്തിയത്. അക്രമകാരികളിലേക്ക് ആയുധങ്ങളെത്തിയിരിക്കുന്നത് കനത്ത സുരക്ഷാവെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് കാണിച്ച് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

വാഹനങ്ങളില്‍ എത്തിയ സംഘം ഐആർബിയുടെയും മണിപ്പൂർ റൈഫിൾസിന്റെയും ആറ് എസ്‌എൽ‌ആറുകളും മൂന്ന് എകെ റൈഫിളുകളുമായി കടന്നുകളഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ കേസ് എടുത്തതായും പ്രതികള്‍ക്കായി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഔദ്യോഗിക, അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2023 മേയ് 23ന് മണിപ്പൂരില്‍ കലാപം ആരംഭിച്ചതിന് ശേഷം 6000ത്തോളം വ്യത്യസ്ത ആയുധ മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഔട്ട് പോസ്റ്റുകളില്‍ നിന്നും ലക്ഷക്കണക്കിന് ആയുധങ്ങള്‍ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ആയുധങ്ങളില്‍ ഭൂരിഭാഗവും കേന്ദ്ര, സംസ്ഥാന സേനകളുടെ തെരച്ചിലില്‍ തിരിച്ചുപിടിച്ചിരുന്നു. സംസ്ഥാനത്തെ കലാപങ്ങള്‍ രക്തരൂക്ഷിതമാകുന്നതില്‍ മോഷ്ടിക്കപ്പെട്ട ആയുധങ്ങള്‍ നിര്‍ണായകമായതായാണ് വിലയിരുത്തല്‍. അതേസമയം ഇഫാല്‍ വെസ്റ്റ് ജില്ലയില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഏതാനും പിസ്റ്റളുകളും രണ്ട് ഇരുചക്രവാഹനങ്ങളും ഏതാനും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതതായാണ് വിവരം.

Exit mobile version