Site iconSite icon Janayugom Online

കാലവർഷം: മഴ കൂടുതൽ പെയ്‌തത്‌ കാസര്‍കോട്

കാലവര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ മഴകണക്കില്‍ മുന്നില്‍ കാസര്‍കോഡ് ജില്ല. മേയ് 24ന് ആരംഭിച്ച് ഇന്നലെ രാവിലെ വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. പതിവിന് വിപരീതമായി 16 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കാലവര്‍ഷം മേയ് അവസാന ആഴ്ച തുടങ്ങുന്നതിന് മുമ്പ് കേരളത്തിലെത്തിയത്. 2009ലും മേയ് 23നാണ് കാലവര്‍ഷം കേരളം കടന്ന് എത്തിയത്. ആദ്യ പകുതി പിന്നിടുമ്പോള്‍ കനത്ത മഴയാണ് കേരളത്തിന് മുകളില്‍ പെയ്തത്. 1628.4 മിഢല്ലി മീറ്റര്‍ മഴയാണ് സംസ്ഥാനത്തിന് വ്യാഴാഴ്ചവരെ ലഭിച്ചത്. മഴയുടെ ലഭ്യതയില്‍ മുന്നിലെത്തിയ കാസര്‍കോട് ഇന്നലെവരെ 2587.2 മില്ലിമിറ്റര്‍ മഴ ലഭിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് മഴ ലഭ്യതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് കൊല്ലം ജില്ലയാണ്. മില്ലിമീറ്റര്‍ കണക്കില്‍ ആയിരം പിന്നിടാത്ത ഏക ജില്ലയും കൊല്ലമാണ്. ഇന്നലെവരെ 876.6 മില്ലി മീറ്റര്‍ മഴയാണ് കൊല്ലത്തിന് ലഭിച്ചത്. 

കാലവര്‍ഷം മലബാര്‍ കടന്ന് ശക്തിപ്രാപിച്ച ജൂണ്‍ മാസത്തിലും ജൂലൈ ആദ്യ ആഴ്ചയിലും താരതമ്യേന കുറവ് മഴയാണ് കൊല്ലത്ത് ലഭിച്ചത്. എന്നാല്‍ ജൂലൈ രണ്ടാം ആഴ്ച പിന്നിട്ടതോടെ കൊല്ലത്ത് മഴ കനക്കുകയായിരുന്നു. മഴ ലഭ്യതയില്‍ ഇന്നലവെരെ കാസര്‍കോഡിന് തൊട്ടുപിന്നില്‍ കണ്ണൂരുമുണ്ട്. 2541.8 മില്ലി മീറ്റര്‍ മഴയാണ് കാസര്‍കോഡ് ലഭിച്ചത്. മില്ലിമീറ്റര്‍ കണക്ക് 2000 കടന്ന മറ്റൊരു ജില്ല കോഴിക്കോടാണ്. കാലവര്‍ഷ കണക്കില്‍ വ്യാഴാഴ്ചവരെ 2177.8 മില്ലിമീറ്റര്‍ മഴ കോഴിക്കോടിന് ലഭിച്ചിട്ടുണ്ട്. ആദ്യ മൂന്ന് സ്ഥാനം വടക്കന്‍ കേരളത്തിലെ ജില്ലകള്‍ക്കാണ് ലഭിച്ചതെങ്കില്‍ മധ്യകേരളത്തിലെ എറണാകുളം ജില്ല നാലാം സ്ഥാനത്തുണ്ട്. 1911.1 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെവരെ എറണാകുളത്തിന് ലഭിച്ചത്. ചില ഒറ്റപ്പെട്ട ഇടങ്ങില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ മഴ ഇന്നലെയും ശക്തമായി തന്നെ തുടര്‍ന്നു. തൃശൂര്‍ (1776.5 മില്ലിമീറ്റര്‍), മലപ്പുറം (1585.4) ഇടുക്കി (1472.6), വയനാട് (1465.8) എന്നീ ജില്ലകളിലാണ് പിന്നാലെ കാലവര്‍ഷം കൂടുതല്‍ കരുത്ത് കാട്ടിയത്. കോട്ടയത്തിന് 1418.8 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ആലപ്പുഴയാണ് (1371.4) കോട്ടയത്തിന് പിന്നില്‍ നില്‍ക്കുന്നത്. പത്തനംതിട്ടയില്‍ 1282.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മഴക്കണക്കില്‍ പാലക്കാടും തിരുവനന്തപുരവും ഒപ്പത്തിന് ഒപ്പമെത്തി. രണ്ട് ജില്ലകളിലും ലഭിച്ച മഴയുടെ കണക്ക് 1167.2 മില്ലി മീറ്ററാണ്. 

വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. തെക്കന്‍ കേരളത്തിലേ ജില്ലകളിലായിരിക്കാം കാലവര്‍ഷത്തിന്റെ രണ്ടാം പകുതി കരുത്ത് കാട്ടുകയെന്നും കാലാവസ്ഥ നിരീക്ഷകര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്. കാലവര്‍ഷത്തിന്റെ ആദ്യ ആഴ്ചകളില്‍ ഗംഭീര മഴ ലഭിച്ച പത്തനംതിട്ട അടക്കമുള്ള മധ്യകേരളത്തിലെ ചില ജില്ലകള്‍ പിന്നീട് പിന്നാക്കം പോയെങ്കിലും രണ്ടാം പകുതിയില്‍ മഴ ശക്തി പ്രാപിക്കുമെന്ന് തന്നെയാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാന രീതയില്‍ രണ്ടാം പാദത്തിലാണ് പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ മഴ അധികമായി ലഭിച്ചത്. തലസ്ഥാനത്ത് അടക്കം വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഈ മാസം അവസാനത്തോടെ കാലവര്‍ഷം കരുത്ത് കുറയുമെങ്കിലും ആകെ കണക്ക് പരിശോധിക്കുമ്പോള്‍ റെക്കോഡ് മഴപ്പെയ്ത്തിന്റെ സാധ്യതകള്‍ തള്ളി കളയാനാകില്ല.

Exit mobile version