Site iconSite icon Janayugom Online

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് നടന്നത് 334 വിവാഹങ്ങൾ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് കല്യാണമേളം. ഇന്ന് നടന്നത് 334 വിവാഹങ്ങള്‍. പുലര്‍ച്ചെ നാല് മണി മുതൽ വിവാഹങ്ങൾ ആരംഭിച്ചു. ആറര മണഇക്കൂറിനുള്ളില്‍ 334 വിവാഹങ്ങളും പൂര്‍ത്തിയാക്കി. ടോക്കൺ ലഭിച്ച വിവാഹസംഘത്തിന് തെക്കേ നടപന്തലിൽ വിശ്രമിക്കാൻ ഇരിപ്പിടമൊരുക്കിയിരുന്നു. ഊഴമെത്തിയതോടെ മണ്ഡപത്തിലെത്തി താലികെട്ടി മടങ്ങി. ഉച്ചപൂജയ്ക്ക് നട അടയ്ക്കുന്നതിന് മുൻപായി 333 വിവാഹം നടന്നു. ഉച്ചപൂജ കഴിഞ്ഞ് നട തുറന്നതോടെ ഒരു വിവാഹം കൂടി നടന്നു.

ഇന്ന് അവധിയും ഓണാഘോഷവും കൂടി ആകുന്നതോടെ ഗുരുപവനപുരി അക്ഷരാർത്ഥത്തിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയിലായിരുന്നു. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വിവാഹതിരക്ക് കുറഞ്ഞതോടെ കിഴക്കേ നട ഭക്തർക്ക് തുറന്ന് നൽകി. മറ്റു നിയന്ത്രണങ്ങളും നീക്കി. 350 ലേറെ വിവാഹം ശീട്ടാക്കിയിരുന്നെങ്കിലും ഇരുപതിലേറെ ഡബിൾ എൻട്രിയുണ്ടായി. വധുവിന്റെയും വരന്റെയും സംഘം ഒരുപോലെ വിവാഹം ശീട്ടാക്കിയതാണ് ഡബിൾ എൻട്രിക്കിടയാക്കിയത്.

വിവാഹ നടത്തിപ്പിനും ഭക്തർക്ക് ക്ഷേത്ര ദർശനത്തിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ദേവസ്വം ജീവനക്കാരും സെക്യുരിറ്റി വിഭാഗവും ക്ഷേത്രം കോയ്മമാരും ഒപ്പം പൊലീസും മികവാർന്ന സേവനമൊരുക്കി. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Exit mobile version