Site icon Janayugom Online

കളനാശിനികളെയും കൂസാതെ കളകള്‍; പ്രതിവിധി തേടി കർഷകർ

കളനാശിനികളെയും അതിജീവിക്കുന്ന കളകൾ കുട്ടനാട്- അപ്പർ കുട്ടനാട്ടിലെ നെൽകർഷകരെ വലയ്ക്കുന്നു. നാല് തവണ കളനാശിനി പ്രയോഗിച്ചിട്ടും നശിക്കാത്ത കളകളെ പിഴുത് മാറ്റേണ്ട ഗതികേടിലാണ് കർഷകർ. കളനാശിനികൾ ഫലപ്രദമാകാതെ വന്നതോടെ വർഷകൃഷിയിൽ ഏക്കറിന് പതിനയ്യായിരത്തോളം രൂപയുടെ അധിക ചെലവാണ് കർഷകർക്ക് ഉണ്ടാവുന്നത്.

അപ്പർ കുട്ടനാട്ടിലെ 1600 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളിലാണ് കളനാശിനികളെയും അതിജീവിക്കുന്ന കളകൾ നിറഞ്ഞത്. ഓരോ ഏക്കറിലും നിറയുന്ന കളകൾ നീക്കാൻ 20 മുതൽ 40 വരെ തൊഴിലാളികളെയാണ് ആവശ്യം. നിലവിൽ പാടശേഖരങ്ങളിൽ പത്ത് ദിവസമായി കള നീക്കം പുരോഗമിക്കുകയാണ്. ഒരാഴ്ച കൂടി തൊഴിലാളികളെ നിർത്തിയാൽ മാത്രമെ കളകൾ പൂർണമായും നീക്കാനാകൂ. വിവിധ കമ്പനികളുടെ കളനാശിനികൾ ഉപയോഗിച്ചിട്ടും കർഷകർക്ക് രക്ഷയില്ല. കള നീക്കാൻ തൊഴിലാളികളെ കിട്ടാത്തതും കർഷകരെ വലയ്ക്കുകയാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. കള നീക്കാനുണ്ടാകുന്ന കാലതാമസം മൂലം നെൽച്ചെടികൾ പറിച്ചുനടുന്നതുൾപ്പെടെ 20 ദിവസത്തോളം വൈകി. ഇത് വിളവിനെ ബാധിക്കുമോ എന്നും കർഷകർ ആശങ്കപ്പെടുന്നു.

ശാസ്ത്രീയമായ രീതികൾ കൃഷിയിൽ അവലംബിക്കുന്നുണ്ടെങ്കിലും അതൊന്നും കളകളെ മാറ്റിനിർത്താൻ ഉതകുന്നതല്ലെന്ന് കുട്ടനാട് കായൽ നെൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ ജി പത്മകുമാർ ജനയുഗത്തോട് പറഞ്ഞു. ഇതിന് പരിഹാരം ഒന്നേയുള്ളു. വിത്തുകൾ സ്വയം ആർജ്ജിച്ചെടുക്കണം.
ഇപ്പോൾ പുറത്തുനിന്നും വിത്തുകൾ വാങ്ങിയാണ് പാടങ്ങളിൽ വിതയ്ക്കുന്നത്. ഇക്കൂട്ടത്തിൽ കളകളുടെ വിത്തും അടങ്ങിയിട്ടുണ്ട്. ഭാവിയിൽ കൃഷിയിടങ്ങൾ കളകൾ നിറഞ്ഞ് കർഷകർക്ക് ദുരന്തമായി മാറും. അതോടൊപ്പം വരിനെല്ലിന്റെ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
അശാസ്ത്രീയമായാണ് കളകൾ ഇപ്പോൾ നീക്കം ചെയ്യുന്നത്. ഇത് ചെത്തിമാറ്റുന്നതിന് പകരം യന്ത്രങ്ങൾ ഉപയോഗിച്ച് കളകൾ മാറ്റുകയാണ് പ്രതിവിധി. കൂടാതെ പാടശേഖരങ്ങളിൽ വെള്ളം കയറ്റി നിർത്തുന്നതും കളകളെ പ്രതിരോധിക്കാൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry; Weeds with­out her­bi­cides; Farm­ers look­ing for a solution

You may also like this video;

Exit mobile version