300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. ബ്രിട്ടാനിയ കമ്പനി നഷ്ടപരിഹാരമായി 60000 രൂപയും പലിശയും നൽകാന്‍ വിധി. തൃശൂർ വരാക്കരയിലുള്ള തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് വരാക്കരയിലുള്ള ചുക്കിരി റോയൽ ബേക്കറി ഉടമക്കെതിരെയും ബാംഗളൂരിലെ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധിയായത്.
40 രൂപയുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയ തൂക്കം 300 ഗ്രാം ആയിരുന്നു. തൂക്കത്തിൽ സംശയം തോന്നിയ ജോർജ് പരിശോധിച്ചപ്പോൾ ഒരു പാക്കറ്റ് 268 ഗ്രാമും അടുത്തത് 249 ഗ്രാമും മാത്രമാണുണ്ടായിരുന്നത്. തൃശൂർ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളറിനോട് പരാതിപ്പെടുകയും തൂക്കം നോക്കി ആരോപണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജോർജ് ഉപഭോക്തൃകോടതി മുമ്പാകെ ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷികളുടെ നടപടി അനുചിത ഇടപാടാണെന്ന് കോടതി വിലയിരുത്തി. ഭാവിയിൽ ആവർത്തിക്കരുതെന്നും കേരള ലീഗൽ മെട്രോളജി കൺട്രോളർ സംസ്ഥാനവ്യാപകമായ പരിശോധന നടത്തി ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് വിധി.
തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കും പരിഹാരമായി 50000 രൂപയും ചിലവിലേക്ക് 10000 രൂപയും ഹർജി തിയ്യതി മുതൽ 9 ശതമാനം പലിശയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ ഡി ബെന്നി ഹാജരായി.
English Summary: Weight loss; Court orders Britannia Company to pay Rs 60,000 compensation
You may also like this video