Site iconSite icon Janayugom Online

വെല്‍ക്കം ബാക്ക് സഞ്ജു; വിക്കറ്റ് കീപ്പിങ്ങിന് ബിസിസിഐ അനുമതി

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു. ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സിഒഇ) നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ സഞ്ജുവിന് വിക്കറ്റ് കീപ്പിങ്ങിന് അനുമതി ലഭിച്ചു.
വിരലിന് പരിക്കേറ്റതിനെത്തുടർന്ന് രാജസ്ഥാന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു ഇംപാക്ട് പ്ലെയറായാണ് കളത്തിലെത്തിയത്. സഞ്ജുവിന്റെ അ­ഭാവത്തില്‍ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. വിക്കറ്റ് കീപ്പർ റോളില്‍ ദ്രുവ് ജൂറലുമായിരുന്നു രാജസ്ഥാനായി കളത്തിലെത്തിയത്. ബംഗളൂരുവിൽ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ സഞ്ജു ഉടൻ രാജസ്ഥാൻ റോയൽസ് ടീം ക്യാമ്പിലേക്കു മടങ്ങും. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന് കളിയുണ്ട്. ഈ മത്സരത്തിൽ സഞ്ജു രാജസ്ഥാനെ നയിക്കും. പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സൺറൈസേഴ്സ് ഹൈദരാബാദിനോടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും തോറ്റ രാജസ്ഥാൻ ചെന്നെ സൂപ്പർ കിങ്സിനെതിരെ ആറു റൺസ് വിജയവും സ്വന്തമാക്കി.

മുംബൈയില്‍ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ടാണ് സഞ്ജുവിന്റെ കൈവിരലിനു പരിക്കേറ്റത്. വലതു കൈയിലെ ചൂണ്ടുവിരലിനായിരുന്നു പരിക്ക്. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നത്. പിന്നാലെ വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനും സിഒഇയുടെ മെഡിക്കല്‍ ടീമില്‍നിന്ന് അനുമതി തേടുന്നതിനായി ഈ ആഴ്ച ആദ്യം സഞ്ജു ഗുവാഹട്ടിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയിരുന്നു. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു തിളങ്ങിയിരുന്നു. 66 റണ്‍സുമായാണ് സഞ്ജു പുറത്തായത്. എന്നാല്‍, പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 13 റണ്‍സും ചെന്നൈ സൂപ്പർ കിങ്സിനെതിരെ 20 റണ്‍സുമായിരുന്നു മലയാളി താരത്തിന്റെ സമ്പാദ്യം.

Exit mobile version