Site iconSite icon Janayugom Online

പുതിയ രാഷ്ട്രപതിക്ക് സ്വാഗതം!

‘നമസ്കാരം, രാജ്യത്തെ എല്ലാ പൗരന്മാരുടെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും പ്രതീകമായ ഈ പാർലമെന്റിനുള്ളിൽ നിന്ന് ഏവരെയും ഞാൻ വിനീതമായി അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ വാത്സല്യവും വിശ്വാസവും പിന്തുണയുമാണ് എന്റെ പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിനുള്ള കരുത്ത്’- പ്രസിഡന്റ് ദ്രൗപദി മുർമു ചുമതലയേറ്റ ശേഷം ചെയ്ത ആദ്യ ട്വീറ്റാണിത്. സെൻട്രൽ ഹാളിൽ നടത്തിയ പ്രസംഗത്തിലും ഇതേ മനോഭാവം പ്രതിഫലിച്ചു. ദരിദ്ര, ഗോത്രവർഗ പശ്ചാത്തലത്തിൽ നിന്നുമൊരു വനിത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയിരിക്കുന്നു. ദ്രൗപദി മുർമു തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ താൻ കടന്നുവന്ന എളിയ പശ്ചാത്തലത്തോടും പ്രതീക്ഷകളോടും നീതി പുലർത്താൻ പരിശ്രമിച്ചു. തന്റെ ഗോത്ര പാരമ്പര്യം വിവരിച്ച രാഷ്ട്രപതി, പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധത വ്യക്തമാക്കി. വനങ്ങളുടെയും ജലാശയങ്ങളുടെയും പ്രാധാന്യം അടിവരയിട്ടു.
അവരുടെ സ്വപ്നങ്ങളുടെ ഭാവി എന്താകും? രാജ്യത്തിന്റെ പോക്ക് വിവേകത്തോടെ വീക്ഷിക്കുന്ന ഏതൊരാൾക്കും ഇങ്ങനെ ചോദിക്കാതിരിക്കാനാവില്ല. പുതിയ രാഷ്ട്രപതിയുടെ സ്വപ്നങ്ങളും കേന്ദ്ര സർക്കാരിന്റെ നയങ്ങളും മോരും മുതിരയുമെന്ന് വിവേകമതികൾ തിരിച്ചറിയുന്നുമുണ്ട്. തന്റെ വാക്കുകൾ അവര്‍ക്ക് വെല്ലുവിളിയാകുന്നസാഹചര്യമാണ് നിലവിലുള്ളത്. ആർഎസ്എസ് ‑ബിജെപി പ്രചാരണ കേന്ദ്രങ്ങൾ മുർമുവിന്റെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഉയർച്ചയിൽ നിന്ന് രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ രാപ്പകൽ യത്നിച്ചു. കേന്ദ്ര ഭരണകൂടവും സംഘ്പരിവാറും തങ്ങൾ പുലർത്തുന്ന ദരിദ്രവിരുദ്ധ നയങ്ങൾക്കു മറയായി രാഷ്ട്രപതിയുടെ പേരും ഗോത്ര പശ്ചാത്തലവും പ്രയോജനപ്പെടുത്തുന്നു. കേന്ദ്ര ഭരണകൂടത്തിനും സംഘ്പരിവാറിനും അവരുടെ ദളിത്, ഗോത്ര വിരുദ്ധ, സ്ത്രീ വിരുദ്ധ നയങ്ങൾക്ക് മറയാക്കേണ്ടതുണ്ട്, അതിനായി രാഷ്ട്രപതിയുടെ പേരും അവരുടെ ഗോത്ര ഉത്ഭവവും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ദ്രൗപദി മുർമുവിന് ചുറ്റുമുള്ള സംഘ്പരിവാർ നാട്യങ്ങൾ തങ്ങൾ ആദിവാസി അനുകൂലികളും സ്ത്രീപക്ഷ വാദികളുമെന്ന വ്യാജ പ്രതിച്ഛായ സൃഷ്ടിക്കാനാണ് പ്രചാരണ മികവിൽ ഇക്കൂട്ടർ കെട്ടിപ്പടുത്ത കല്ലുവച്ച നുണയാണത്.


ഇതുകൂടി വായിക്കൂ: മുര്‍മു പ്രത്യാശകള്‍ നിറവേറ്റുമോ?


ചാതുർവർണ്യത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ട ഒരു സംഘടന രാത്രി ഇരുണ്ടുപുലരുമ്പോൾ മറ്റൊന്നായി മാറില്ല. ഇതറിയുമ്പോഴും ആർഎസ്എസ്-ബിജെപി വക്താക്കൾ ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഘോരഘോരം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ‘നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്ന് പ്രഖ്യാപിക്കുന്ന മനുസ്മൃതിയിൽ നിന്ന് അകന്നുനില്ക്കാൻ കഴിയുമോ എന്ന് ആർഎസ്എസ്-ബിജെപി കൂട്ടം രാഷ്ട്രത്തോട് വിശദീകരിക്കണം. അവർ ഇക്കാര്യം വിശദീകരിക്കാന്‍ ബാധ്യസ്ഥരാണ്. മനുസ്മൃതിയുടെ ദർശനം സ്ത്രീകൾക്ക് അംഗത്വം നിഷേധിക്കുന്നതിലേക്ക് ആർഎസ്എസിനെ നയിച്ചു. വനിതാ സംവരണ ബില്ലിന്റെ ദുരവസ്ഥയും രാഷ്ട്രപതിക്ക് മുന്നിൽ ചോദ്യചിഹ്നമായി തുടരും. ഇരുപത്തിയാറ് വർഷം മുമ്പ് അവതരിപ്പിച്ച ബില്‍ നിയമമാക്കേണ്ടതിനെപ്പറ്റി മോഡി സർക്കാരിനെ ബോധ്യപ്പെടുത്താൻ അവർക്കാകുമോ? രാഷ്ട്രപതിഭവനിൽ പ്രവേശിക്കുമ്പോൾ ‘ജൽ, ജമീൻ, ജംഗിൾ’ എന്ന മുദ്രാവാക്യം ദ്രൗപദി മുർമു ഓർമ്മിക്കുമോ? ഭരണകൂടത്തിന്റെ ഒത്താശയോടെ കുത്തകകൾ വനം, വാസസ്ഥലം, കുടിവെള്ളം എന്നിവയുടെ മേലുള്ള അവകാശങ്ങൾ കവർന്നെടുക്കുമ്പോൾ രാജ്യത്തെ ആദിവാസിജനത ഉയർത്തുന്ന പ്രതിരോധത്തിനൊപ്പം നില്ക്കാന്‍ അവര്‍ക്കാകുമോ?


ഇതുകൂടി വായിക്കൂ: പുതിയൊരു പ്രസിഡന്റ്, പക്ഷെ


രാഷ്ട്രപതി മുർമു രാജ്യത്തിന്റെ മഹത്വത്തെ പ്രകീർത്തിച്ചു. ഭാരതം ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിച്ചു. പക്ഷെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ, ജനാധിപത്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളികൾ രാഷ്ട്രപതിക്ക് തിരിച്ചറിയാനാകുമോ. ഭരണഘടനാ മൂല്യങ്ങളായ പരമാധികാരം, മതേതരത്വം, സോഷ്യലിസം എന്നിവ നിരന്തരമായ ഭീഷണിയിലാണ്. അധികാരത്തിലിരിക്കുന്നവർ തന്നെ ഇതിനെ ദുർബലപ്പെടുത്തുമ്പോൾ തകർച്ചയുടെ മണി ഉച്ചത്തിൽ മുഴങ്ങുന്നു. ഈ ഭീഷണി ഗൗരവമേറിയതാണ്. ആത്മാർത്ഥമല്ലാത്ത മുദ്രാവാക്യം മുഴക്കി ദ്രൗപദി മുർമുവിനെ ആഘോഷിക്കുന്നവർ തന്നെ ഭരണഘടന വിവക്ഷിക്കുന്ന രാജ്യത്തിന്റെ അടിസ്ഥാന വ്യവസ്ഥയെ തകർക്കുന്നു. വൈദേശികവും അക്രമാസക്തവുമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സാംസ്കാരിക മന്ത്രാലയം വംശീയ വിശുദ്ധിയെ കുറിച്ച് പഠിക്കാൻ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നു. തന്റെ ഊർജസ്രോതസായി ദ്രൗപദി മുർമു വിശേഷിപ്പിച്ച ഇന്ത്യയുടെ ജനാധിപത്യ സാംസ്കാരിക ആശയങ്ങൾക്ക് ഇത്തരം ചെയ്തികൾ വിനാശകരമായിരിക്കും. ദളിത് അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവർ തങ്ങൾ മാത്രമെന്ന് ആർഎസ്എസും ബിജെപിയും വീമ്പിളക്കുമ്പോൾ, അഞ്ച് വർഷം മുമ്പ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി ഇരിപ്പിടത്തിലേക്ക് ആനയിച്ച കാലവും ആരും മറന്നിട്ടില്ല. ദളിതർക്കും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്നത് ഇക്കാലയളവിലാണ്. ജാതിമത ശക്തികളും അവരുടെ കോർപറേറ്റ് മുതലാളിമാരും ഈ അതിക്രമങ്ങള്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു. 83 ദശലക്ഷം ആളുകൾ കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന ഇന്ത്യ ലോകത്തിലെ പട്ടിണിയുടെ തലസ്ഥാനമായി മാറിയതും ഇക്കാലയളവിൽ തന്നെ.


ഇതുകൂടി വായിക്കൂ:  ഗോത്ര വിഭാഗങ്ങള്‍ ഇന്നും വിവേചനത്തിന്റെ ഇരുട്ടില്‍


‘ആയിരക്കണക്കിന് വർഷങ്ങളായി പ്രകൃതിയോട് ഇണങ്ങി ജീവിച്ച ഗോത്ര പാരമ്പര്യത്തിൽ’ ജനിച്ച പുതിയ രാഷ്ട്രപതിയുടെ ചിന്തകൾ സർക്കാരിന്റെ സാമൂഹിക‑സാമ്പത്തിക നയങ്ങളെയും പ്രത്യയശാസ്ത്രപരമായ ചെയ്തികളെയും അഭിമുഖീകരിക്കേണ്ടിവരും. തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കാൻ അവർ തീരുമാനിച്ചാൽ, വനസംരക്ഷണ നിയമത്തിന്റെ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കം ഏറ്റുമുട്ടലുകള്‍ അനിവാര്യമാക്കും. ന്യൂനപക്ഷ അവകാശങ്ങൾ, അടിച്ചമർത്തപ്പെട്ടവരുടെ താല്പര്യങ്ങൾ തുടങ്ങിയവയിൽ രാഷ്ട്രപതിയുടെ നിലപാടുകൾ നിർണായകമാകും. പാർലമെന്റിലെ സംഭവവികാസങ്ങളോടുള്ള അവരുടെ സമീപനം അറിയാൻ ജനത കാത്തിരിക്കുകയാണ്. പ്രതിപക്ഷത്തെ അവഗണിച്ച് പാർലമെന്റിനെ ഒരു ‘ഭക്ത ജനസഭ’യാക്കി മാറ്റാൻ സർക്കാർ പദ്ധതിമെനയുമ്പോൾ അവർ എന്തു നിലപാടിലെത്തും? അത്തരം വിഷയങ്ങളിൽ രാഷ്ട്രപതിയുടെ സ്വഭാവദാര്‍ഢ്യം ഉത്തരവാദിത്ത നിര്‍വഹണത്തിന് പര്യാപ്തമായേക്കില്ല. പുതിയ പ്രസിഡന്റിൽ നിന്ന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യക്തതയാണ് രാജ്യം ആഗ്രഹിക്കുന്നത്.

You may also like this video;

Exit mobile version