Site iconSite icon Janayugom Online

ക്ഷേമ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെൻഷൻ തടയരുതെന്നും വകുപ്പിന് നിർദേശം നൽകി. ക്ഷേമ പെൻഷൻ ഗുണഭോകൃത് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവർ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മേയ് മാസത്തിൽ സർക്കാർ നിർദേശം നൽകിയിരുന്നു. 

2025 ഡിസംബർ 31 വരെയാണ് സമയം നൽകിയിരുന്നത്. 62 ലക്ഷത്തിൽപരം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2.53 ലക്ഷം പേർ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലത്തത്. 2019 ഡിസംബർ 31 വരെ പെൻഷൻ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവർക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസം കൂടി നീട്ടിയത്. ആക്ഷയ കേന്ദ്രങ്ങൾവഴി ജുൺ 30 നകം വരുമാന സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.

Exit mobile version