Site iconSite icon Janayugom Online

മേക്കപ്പ് കഴുകി കളയാന്‍ നദിയിലിറങ്ങി; ബോളിവുഡ് ഡാന്‍സര്‍ക്ക് ദാരുണാ ന്ത്യം

നടന്‍ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയില്‍ ഡാന്‍സര്‍ വേഷം ചെയ്യാന്‍ എത്തിയയാള്‍ മുങ്ങി മരിച്ചു. മേക്കപ്പ് കഴുകി കളയാന്‍ കൃഷ്ണ നദിയിലിറങ്ങിയ സൗരഭ് ശര്‍മയാണ് മരിച്ചത്. 26 വയസായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം.
ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മൃതശരീരം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃഷ്ണ നദിയും വെണ്ണ നദിയും ഒരുമിക്കുന്ന മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ ഗ്രാമത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മുംബൈയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

നിറങ്ങള്‍ കൊണ്ടുള്ള ഒരു ഗാനത്തിന്റെ ചിത്രീകരണത്തിന് ശേഷം കൃഷ്ണ നദിയില്‍ കൈകഴുകാന്‍ പോയതാണ് സൗരഭ്. കൈകഴുകിയ ശേഷം നീന്താനായി കുറച്ചൂടെ ആഴത്തിലേക്ക് സൗരഭ് പോയെന്നും പക്ഷേ ശക്തമായ ഒഴുക്കില്‍ പെട്ടുപോയെന്നും പറയുന്നു. ഇരുട്ടു മൂലം രക്ഷാപ്രവര്‍ത്തനം അപകടം നടന്ന ദിവസം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. പിറ്റേ ദിവസവും തെരച്ചില്‍ നടത്തിയെങ്കിലും സൗരഭിനെ കണ്ടെത്താനായില്ല. പൊലീസും രക്ഷാപ്രവര്‍ത്തകരും ഒടുവില്‍ വ്യാഴാഴ്ച രാവിലെ 7.30ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മറാത്തിയിലും ഹിന്ദിയിലും റിലീസിനായി തയ്യാറെടുക്കുന്ന ചിത്രമാാണ് രാജാ ശിവാജി. മറാഠാ ചക്രവര്‍ത്തി ശിവാജിയുടെ കഥപറയുന്ന രാജാ ശിവാജി എന്ന ചിത്രത്തില്‍ സംവിധായകനായ റിതേഷാണ് നായകനായും അഭിനയിക്കുന്നത്.

Exit mobile version