പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ജിദ്ദയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഇൻഡിഗോ 10 പ്രത്യേക റിലീഫ് വിമാനങ്ങൾ സർവീസ് നടത്തും. ഇന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കായിരിക്കും ഈ സർവീസുകളെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. മേഖലയിലെ വ്യോമപാതയിലുണ്ടായ മാറ്റങ്ങളും അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കുന്ന സാഹചര്യവും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ആവശ്യമായ അനുമതികൾക്കും വ്യോമപാതയിലെ സുരക്ഷാ സാഹചര്യങ്ങൾക്കും വിധേയമായിട്ടായിരിക്കും ഈ പ്രത്യേക സർവീസുകൾ നടത്തുക. യാത്രക്കാരുടെ സൗകര്യാർത്ഥം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചാണ് ഇൻഡിഗോ ഈ ദൗത്യം ഏകോപിപ്പിക്കുന്നത്. ഗൾഫ് മേഖലയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് പല വിമാന സർവീസുകളും റദ്ദാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.

