Site iconSite icon Janayugom Online

പശ്ചിമേഷ്യൻ പ്രതിസന്ധി; വിമാനങ്ങൾ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾക്ക് വിസ നീട്ടിനൽകും

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യയിലുള്ള വിദേശ പൗരന്മാർക്കായി വിദേശകാര്യ മന്ത്രാലയം അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചു. യാത്രാതടസ്സം മൂലം ഇന്ത്യയിൽ തുടരേണ്ടി വരുന്ന വിദേശികൾക്ക് വിസ നീട്ടിനൽകുന്നതിനോ താമസ സൗകര്യം ക്രമീകരിക്കുന്നതിനോ തൊട്ടടുത്തുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടാമെന്ന് മന്ത്രാലയം അറിയിച്ചു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യയിലെ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. എയർ ഇന്ത്യ മാത്രം ഞായറാഴ്ച 22 അന്താരാഷ്ട്ര സർവീസുകൾ കൂടി റദ്ദാക്കി. ഇതോടെ എയർ ഇന്ത്യ റദ്ദാക്കിയ ആകെ വിമാനങ്ങളുടെ എണ്ണം 50 ആയി. വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം മാർച്ച് 1ന് മാത്രം വിവിധ ഇന്ത്യൻ വിമാനക്കമ്പനികൾ ആകെ 444 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കുമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം നൽകുന്ന വിവരം.

ആയിരക്കണക്കിന് വിദേശ വിനോദസഞ്ചാരികൾ ഇതോടെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. ഇത്തരക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എഫ് ആർ ആർ ഒ ഓഫീസുകൾ വഴി നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും വ്യോമപാത അടച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

Exit mobile version