12 സംസ്ഥാനങ്ങളില്‍ അതിതീവ്ര പ്രത്യേക വോട്ടര്‍ പരിഷ്കരണം എസ്ഐആര്‍ ആരംഭിച്ചതിന് പിന്നാലെ വാര്‍റൂം സജ്ജമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ എസ്ഐആര്‍ ആദ്യം നടപ്പിലാക്കിയ ബിഹാറില്‍ 80 ലക്ഷത്തോളം വോട്ടര്‍മാരെ , പ്രത്യേകിച്ച് മുസ്ലിം വോട്ടര്‍മാരെ ഒഴിവാക്കിയത് കണക്കിലെടുത്താണ് ടിഎംസി വാര്‍റൂം സജ്ജീകരിച്ചത്.
രേഖകളുടെ ആധികാരികതയും കമ്മിഷന്‍ ഒഴിവാക്കുന്നവരുടെ പട്ടികയും ഡാറ്റ ടീം പരിശോധിക്കും. ഇതോടൊപ്പം ടിഎംസിയുടെ പ്രത്യേക ഏജന്റുമാരും ബൂത്ത് തലം കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കും. അഭിഷേക് ബാനര്‍ജി എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാര്‍ റൂമിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പട്ടിക പുതുക്കല്‍ വാര്‍ റൂം സൂക്ഷമതയോടെ വിലയിരുത്തും.
സംസ്ഥാനത്ത് 294 വാര്‍ റൂം സജ്ജീകരിക്കനാണ് തീരുമാനിച്ചിരിക്കുന്നത്. വാര്‍ റൂം രൂപീകരണം സംബന്ധിച്ച യോഗത്തില്‍ സംസ്ഥാന- ജില്ലാ- ബ്ലോക്ക് തലത്തില്‍ നിന്ന് 18,000 നേതാക്കള്‍ പങ്കെടുത്തു.
294 വാര്‍ റൂമുകളെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച് എസ്ഐആര്‍ നടപടിക്രമം വിശദമായി പരിശോധിക്കുന്നതിനാണ് തീരുമാനം. ടിഎംസി എംഎല്‍എയാകും വാര്‍ റൂമിന്റെ മേല്‍നോട്ടം വഹിക്കുക. ടിഎംഎസി എംഎല്‍എ ഇല്ലാത്ത മണ്ഡലങ്ങളില്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍ ചുമതല കൈകാര്യം ചെയ്യും, ഓരോ വാര്‍റൂമിലും 15 പേരടങ്ങുന്ന സംഘം എസ്ഐആര്‍ ഇഴകീറി വിലയിരുത്തും. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബിഎല്‍ഒ) വീടുവീടാന്തരം നടത്തുന്ന വോട്ടര്‍ പട്ടിക പരിശോധന, പേര് ചേര്‍ക്കല്‍, ഒഴിവാക്കാല്‍ എന്നിവ ടിഎംസി ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സാന്നിധ്യം ഉറപ്പ് വരുത്തും.
ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് വിവരശേഖര നടപടികള്‍ ആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ബിഎല്‍എ മാരും ബിഎല്‍ഒമാരോടൊപ്പം ഉണ്ടാകണമെന്ന് അഭിഷേക് ബാനര്‍ജി എംപി നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സ്വന്തം ജില്ലയായ ഈസ്റ്റ് മിഡ്നാപൂരില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് വോട്ടര്‍മാരെ ഒഴിവാക്കാനുള്ള ശ്രമം ചെറുക്കണമെന്നും ബാനര്‍ജി ആവശ്യപ്പെട്ടു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം വഴി 80 ലക്ഷത്തോളം വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
എസ്ഐആറിനെതിരെ സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി അന്തിമ വിധി വരാനിരിക്കെയാണ് 12 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എസ്ഐആര്‍ നടപടി ആരംഭിച്ചിരിക്കുന്നത്.

