Site iconSite icon Janayugom Online

വെസ്റ്റ് നൈല്‍ വൈറസ്: കൊച്ചിയില്‍ ഒരാള്‍ മരിച്ചു

വെസ്റ്റ് നൈൽ പനി ബാധിച്ച് കൊച്ചിയിൽ ഒരാൾ മരിച്ചു. കുമ്പളങ്ങി സ്വദേശിയായ 65 കാരനാണ് മരിച്ചത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാത്രിയിൽ രക്തം തേടുന്ന ക്യൂലക്സ് കൊതുകുകൾ പരത്തുന്നതാണ് വെസ്റ്റ് നൈൽ പനി.

കിടപ്പുരോഗിയായ ഇദ്ദേഹത്തെ പനി ബാധിച്ചതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാൽ രോഗം തീവ്രമായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

എറണാകുളത്ത് വെസ്റ്റ് നൈൽ വൈറസ് ബാധ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മരണമാണ്. ഏപ്രിലിലും എറണാകുളം ജില്ലയിൽ ഒരാൾക്ക് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തലവേദന, പനി, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഭൂരിഭാഗം പേർക്കും സാധാരണ പനി പോലെ കടന്നുപോകാമെങ്കിലും, ചിലരിൽ നാഡീസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞവർഷം മേയിൽ തിരുവനന്തപുരത്തും തൃശൂരും വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് മരണം സംഭവിച്ചിരുന്നു.

Eng­lish Sum­ma­ry: West Nile Virus: One per­son died in Kochi
You may also like this video

Exit mobile version