Site iconSite icon Janayugom Online

പശ്ചിമഘട്ട ആവാസ വ്യവസ്ഥയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും

2018 ല്‍ കേരളം അന്നുവരെ അഭിമുഖീകരിക്കാത്ത വന്‍ പ്രളയക്കെടുതി അനുഭവിച്ചറിഞ്ഞു. ഒരു നൂറ്റാണ്ട് മുമ്പ് ഇത്തരമൊരു പ്രളയത്തിലൂടെ നമ്മള്‍ കടന്നുപോയിരുന്നു എന്ന ഒരു കേട്ടറിവ് മാത്രം. അകാലത്തില്‍ അതിവൃഷ്ടികൊണ്ട് നദികള്‍ കരകവിഞ്ഞൊഴുകി. ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായി. 2018 ല്‍ ലോകം കണ്ട ഏറ്റവും കൂടിയ പ്രകൃതി ദുരന്തം കേരളത്തില്‍ സംഭവിച്ചു. 2019 ലും സ്ഥിതി ആവര്‍ത്തിച്ചു. കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടായി. വരള്‍ച്ചയും അതിവൃഷ്ടിയും ചേര്‍ന്ന് കാര്‍ഷിക വിളകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളിലാണ് പ്രധാനമായും ഈ പാരിസ്ഥിതിക ദുരന്തങ്ങള്‍ സംഭവിച്ചത്. ഈ ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണുകയും അവ വലിയൊരളവോളം തടയാനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തുകൊണ്ടുള്ള പഠനം, 522 പേജുള്ള ഒരു റിപ്പോര്‍ട്ട് 2011 ഓഗസ്റ്റ് 31 ന് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ചുള്ള പഠനത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ 13 അംഗ വിദഗ്ധസമിതി കേന്ദ്ര സര്‍ക്കാരിന് നല്കുകയുണ്ടായി. 2010 മാര്‍ച്ചിലാണ് കേന്ദ്ര വനം — പരിസ്ഥിതി മന്ത്രാലയം ഈ കമ്മിറ്റിയെ നിയോഗിച്ചത്. പക്ഷെ, വളരെ വിശദമായി പശ്ചിമഘട്ട ആവാസ വ്യവസ്ഥയെ മനുഷ്യ കേന്ദ്രീകൃതമായി പഠിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചുനോക്കുവാന്‍ പോലും മിനക്കെടാതെ സങ്കുചിത താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ മാത്രമായി ചില രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും റിപ്പോര്‍ട്ടിനെതിരെ നിലപാട് സ്വീകരിച്ചു. റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെടാനുള്ള ഒരു സംവിധാനവും സര്‍ക്കാരും സ്വീകരിച്ചില്ല. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ പശ്ചിമഘട്ട പ്രദേശങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി കുടിയിറക്കപ്പെടുമെന്ന ആശങ്കകളുണ്ടായി. കേരളത്തില്‍ അക്രമാസക്തമായ സമരങ്ങളുണ്ടായി. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പരിശോധിച്ച് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ അംഗം കസ്തൂരി രംഗന്‍ അധ്യക്ഷനായി മറ്റൊരു സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലും ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ കസ്തൂരി രംഗനും തമ്മില്‍ ഏതു വിഷയത്തുിലുമുണ്ടാകാവുന്ന ഭിന്നാഭിപ്രായം ഈ രണ്ട് റിപ്പോര്‍ട്ടുകളിലും പ്രകടമാണ്. ഗാഡ്ഗില്‍ ജനപക്ഷത്തും കസ്തൂരി രംഗന്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കൊപ്പവും ആണ് നിലകൊണ്ടതെന്ന് ഈ റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്താല്‍ മനസിലാവും.


ഇതുകൂടി വായിക്കാം; ഭൂമിയുടെ അവകാശികള്‍


ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സ്ഥാപിത താല്പര്യക്കാര്‍ വലിയ വിവാദമുയര്‍ത്തിയത് കമ്മിറ്റി നിര്‍ദേശിച്ച മൂന്നുതരം പരിസ്ഥിതി ലോല മേഖലകള്‍ക്കെതിരായാണ്. കര്‍ഷകര്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നും യാതൊരുവിധ ഖനനവും അനുവദിക്കപ്പെടില്ലെന്നും വ്യവസായങ്ങളോ എന്തിന് സ്കൂളുകളും ആശുപത്രികളും പോലും നിര്‍മ്മിക്കാന്‍ അനുവദിക്കപ്പെടില്ലെന്നും വ്യാപകമായ പ്രചരണങ്ങളുണ്ടായി. റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ വ്യാപകമായി ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തുന്നതിന് ചില കേന്ദ്രങ്ങള്‍ അമിത താല്പര്യം കാണിച്ചു. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ച മൂന്നു പരിസ്ഥിതി ലോല മേഖലകള്‍ ഏതൊക്കെയാണ്, എവിടെയൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം. കേരളത്തിലെ മലയോര പ്രദേശങ്ങളെ മാത്രം ബാധിക്കുന്ന റിപ്പോര്‍ട്ട് എന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടന്നത്. എന്നാല്‍ വാസ്തവമെന്തായിരുന്നു? ഇന്ത്യയില്‍ പശ്ചിമഘട്ടം വ്യാപിച്ചുകിടക്കുന്ന ആറ് സംസ്ഥാനങ്ങളിലെ 44 ജില്ലകളിലെ 83 താലൂക്കുകള്‍ മേഖല ഒന്നിലും 14 താലൂക്കുകള്‍ മേഖല രണ്ടിലും 37 താലൂക്കുകള്‍ മേഖല മൂന്നിലും ആണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മഹാരാഷ്ട്രയിലെ 10 ജില്ലകളിലെ 32 താലൂക്കുകള്‍, കര്‍ണാടകയിലെ 11 ജില്ലകളിലെ 26 താലൂക്കുകള്‍ എന്നിവ മേഖല ഒന്നില്‍ വരുമ്പോള്‍ കേരളത്തിലെ 12 ജില്ലകളില്‍ 15 താലൂക്കുകള്‍ മാത്രമാണ് വരുന്നത്. കേരളത്തിലെ 75 താലൂക്കുകളില്‍ 15 എണ്ണം മേഖല ഒന്നിലും രണ്ടെണ്ണം മേഖല രണ്ടിലും എട്ടെണ്ണം മേഖല മൂന്നിലും വരുന്നു. അതുപോലെ 16 പരിസ്ഥിതി ലോല പ്രദേശങ്ങളും സംസ്ഥാനത്ത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടെത്തി. എന്നാല്‍ ഇവയുടെ അതിര്‍ത്തി നിര്‍ണയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരും പഞ്ചായത്തുകളും ചേര്‍ത്താണെന്നാണ് കമ്മിറ്റി നിര്‍ദേശിച്ചത്. കേരളത്തില്‍ കണ്ടെത്തിയതിന്റെ ഇരട്ടിയിലധികം മേഖല ഒന്നില്‍ വരുന്ന താലൂക്കുകള്‍ മഹാരാഷ്ട്രയിലും കേരളത്തേക്കാള്‍ 11 താലൂക്കുകള്‍ അധികമായി കര്‍ണാടകയിലും ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.

ഇവിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട നിയന്ത്രണങ്ങളില്‍ കൃഷിയെ ബാധിക്കുന്നവ ഇപ്രകാരമാണ്.

1. ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല

2. മൂന്നു വര്‍ഷംകൊണ്ട് പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തണം

3. മേഖല ഒന്ന്, അഞ്ചു വര്‍ഷംകൊണ്ടും മേഖല രണ്ട്, എട്ടു വര്‍ഷംകൊണ്ടും ജൈവകൃഷിയിലേക്ക് മാറണം

4. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ മേഖല മൂന്നില്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

5. പഞ്ചായത്തുകളില്‍ വികേന്ദ്രീകൃത ജലവിഭവ പരിപാലന പദ്ധതികള്‍ ഉണ്ടാവണം.

6. തനത് മത്സ്യങ്ങള്‍ സംരക്ഷിക്കപ്പെടണം. കൂടാതെ മൃഗപരിപാലനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പരിരക്ഷ. സേവനത്തിനും കണ്ടല്‍ക്കാടുകളും കാവുകളും സംരക്ഷിക്കുന്നവര്‍ക്കും സഹായധനം നല്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖല ഒന്നില്‍ പോലും പത്തു മെഗാവാട്ടില്‍ കവിയാത്ത ജലവൈദ്യുത പദ്ധതികളാവാമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടില്‍ മേഖല ഒന്നില്‍ മണല്‍വാരലിലും പാറപൊട്ടിക്കലിനും പുതിയ അനുമതികള്‍ നല്കരുതെന്നും പരിസ്ഥിതി മലിനമാക്കുന്ന റെഡ്, ഓറഞ്ച് കാറ്റഗറി വ്യവസായങ്ങള്‍ പുതുതായി അനുവദിക്കരുതെന്നുമാണ് ആവശ്യപ്പെടുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം യാന്ത്രികമായി പരിസ്ഥിതി തീവ്രവാദത്തിലൂന്നിയല്ല അത് തയാറാക്കപ്പെട്ടത് എന്നതുതന്നെയാണ്. അങ്ങേയറ്റം ജനാധിപത്യപരമായാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശമായി തരംതിരിച്ച താലൂക്കുകളില്‍ അവ മുഴുവനായും പരിസ്ഥിതി ലോല പ്രദേശമല്ല. ഒരു ഉരുള്‍പ്പൊട്ടല്‍ നടന്ന പ്രദേശം ഉള്‍പ്പെട്ട താലൂക്ക് പരിസ്ഥിതി ലോല മേഖലയായി കമ്മിറ്റി കാണുമ്പോള്‍ ആ താലൂക്കില്‍ എത്ര പ്രദേശം ഈ മേഖലയില്‍ വരണമെന്ന് തീരുമാനിക്കേണ്ടത് ഗ്രാമസഭയാണ്. കര്‍ഷകരെ ഇറക്കിവിടണമെന്നോ കൃഷിയും കന്നുകാലി വളര്‍ത്തലും നിര്‍ത്തണമെന്നോ റിപ്പോര്‍ട്ടില്‍ എവിടെയും പറഞ്ഞിട്ടില്ല. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് തപതീ തീരം വരെ ആറ് സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 25 കോടി ജനങ്ങളുടെ ആവാസ സ്ഥാനമാണ് പശ്ചിമഘട്ടം. ദക്ഷിണേന്ത്യയുടെ ജലസ്രോതസിന്റെയും ജൈവവൈവിധ്യത്തിന്റെയും കലവറ. വംശനാശ ഭീഷണിയുള്ളവയടക്കം (ഉദ: സിംഹവാലന്‍ കുരങ്ങ്) അനേകം ജീവജാലങ്ങളുടെ ആവാസ സ്ഥാനം. 29 ലധികം വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെയും വനവാസികളുടെയും വാസസ്ഥലം കേരളത്തില്‍ മാത്രം. 44 നദികളുടെ ഉത്ഭവസ്ഥാനം, ഇന്ത്യയിലെതന്നെ പ്രധാന നദികളായ കൃഷ്ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിവയും പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്നു. കേരളത്തില്‍ 28,000 ച. കിലോമീറ്റര്‍ ഭൂമിയും മൂന്നു കോടിയോളം ജനങ്ങളുടെയും ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്നു. ഈ ജീവല്‍പ്രധാനമായ ആവാസവ്യവസ്ഥയെ ജനകീയമായി സംരക്ഷിക്കുവാനുള്ള ഉദ്യമമായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. കേരളത്തില്‍ പ്രളയ ഭീഷണി ഉണ്ടാവുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2011 ല്‍ വന്ന റിപ്പോര്‍ട്ടിനെ ഒരു ചര്‍ച്ചയുമില്ലാതെ കണ്ണടച്ച് തിരസ്കരിച്ചതിന്റെ ദുരന്തഫലം കൂടിയാണ് കേരളത്തിലെ മനുഷ്യജീവിതം ദുഷ്കരമാക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍. ജനപക്ഷത്തുനിന്നുകൊണ്ടുള്ള പശ്ചിമഘട്ട സംരക്ഷണത്തിന് നാന്ദി കുറിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക വഴി സാധിക്കുമായിരുന്നു.

Exit mobile version