Site iconSite icon Janayugom Online

വേണ്ടത് നിറം പൂശലല്ല; നയം മാറ്റം

പൊതുമേഖലാ ടെലകോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റിഡിന്റെ (ബിഎസ്എൻഎൽ) ലോഗോ കഴിഞ്ഞദിവസം മാറ്റി. ഇന്ത്യയെന്ന പേരിനോട്, അതിന്റെ മതേതരസ്വഭാവം കൊണ്ടുമാത്രം വെറുപ്പ് പുലര്‍ത്തുന്ന മോഡി ഭരണകൂടം ഇന്ത്യക്ക് പകരം ഭാരതമെന്നാക്കി മാറ്റുകയാണ് ചെയ്തത്. കണക്ടിങ് ഇന്ത്യ എന്നത് കണക്ടിങ് ഭാരത് എന്നുമാറ്റിയതോടൊപ്പം നിറവും കാവിവല്‍ക്കരിച്ചു. പഴയ ലോ​ഗോയിലെ നീല, ചുവപ്പ് നിറങ്ങൾക്ക് പകരം കാവി, വെള്ള, പച്ച നിറങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാവിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഭൂപടവും ലോ​ഗോയിലുണ്ട്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡൽഹിയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. മുമ്പ് ദൂരദർശൻ ലോ​ഗോയിലെ ചുവപ്പ് ഒഴിവാക്കി കാവിയാക്കിയതും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയിലടക്കം കാവിവൽക്കരണം നടത്തിയതും ഏറെ വിവാദമുണ്ടാക്കിയതാണ്. 

കൊളോണിയൽ പാരമ്പര്യത്തിൽ നിന്നുള്ള മാറ്റം എന്നു പറഞ്ഞ് പുരാതന ന​ഗരങ്ങളുടെയുള്‍പ്പെടെ പേരുകള്‍ ഹിന്ദുത്വവൽക്കരിക്കുന്നതിനു പിന്നാലെയാണ് എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും വ്യാപക കാവിവൽക്കരണം കേന്ദ്രം നടപ്പാക്കുന്നത്. ‘ഇനിയൊരു കൂട്ടക്കരച്ചിൽ കേൾക്കാം; കാവി നിറത്തിൽ പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ’ എന്നാണ് കേരളത്തിലെ സംഘ്പരിവാര്‍ മുഖപത്രം വാര്‍ത്ത അവതരിപ്പിച്ചത്. അതില്‍ നിന്നുതന്നെ കാവിപുതപ്പിക്കലിനു പിന്നിലെ സങ്കുചിതത്വം വ്യക്തമാണ്; അതവരുടെ നയവുമാണ്. നിറം മാറ്റം പ്രതിസന്ധിയിലകപ്പെട്ട ബി എസ്‌എൻഎല്ലിനെ രക്ഷിക്കുമോ എന്നതാണ്‌ ഭരണാധികാരികള്‍ ചിന്തിക്കേണ്ടത്. വര്‍ഷങ്ങളായി നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ബിഎസ്എന്‍എല്‍ പൂര്‍ണമായും തകര്‍ക്കാനും ആസ്തി വിറ്റുതുലയ്ക്കാനും തീരുമാനിച്ച മോഡിസര്‍ക്കാര്‍, അതിനിടയിലാണ് തങ്ങളുടെ നിറംപൂശല്‍ നടത്തിയിരിക്കുന്നത് എന്നതാണ് വിചിത്രം. രാജ്യത്താകെ ഏതാണ്ട്‌ 120 കോടി ടെലികോം ഉപയോക്താക്കളുള്ളതിൽ ബിഎസ്‌എൻഎല്ലിന്റെ പങ്കാളിത്തം ഒമ്പത് കോടിയില്‍ താഴെ മാത്രമാണ്. 1.67 ലക്ഷം കോടിയുടെ ആസ്തിയും രാജ്യത്താകെ 10,568 ഏക്കർ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളുമുള്ള കമ്പനിയെ 2023ൽ മാത്രം 1.80 കോടി ഉപയോക്താക്കളാണ്‌ കയ്യൊഴിഞ്ഞത്‌. ഇതെന്തുകൊണ്ട്‌ എന്നതിന്‌ ഉത്തരം തേടുകയാണ് അധികാരികള്‍ ചെയ്യേണ്ടത്. മൊബൈൽ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ പ്രചരിക്കാൻ തുടങ്ങിയ 2000ത്തിലാണ് ബിഎസ്എൻഎൽ സ്ഥാപിതമായത്. അതേവര്‍ഷം എയർടെൽ, റിലയൻസ്, ഹച്ചിൻസൺ എന്നീ കമ്പനികള്‍ രാജ്യത്ത് മൊബൈൽ സർവീസ് ആരംഭിച്ചു. 

രണ്ട് വർഷം കഴിഞ്ഞേ ബിഎസ്എൻഎല്ലിന് അന്നത്തെ സര്‍ക്കാര്‍ അനുമതി കൊടുത്തുള്ളൂ. എന്നിട്ടും 2006ൽ വിപണിയില്‍ 18 ശതമാനം പൊതുമേഖലാസ്ഥാപനം പിടിച്ചെടുത്തു. ഒന്നാംസ്ഥാനത്തുണ്ടായിരുന്ന സ്വകാര്യദാതാവിന്റെ കമ്പോളവിഹിതത്തെക്കാൾ ഒരു ശതമാനം മാത്രം കുറവോടെ. മൊബൈൽ സർവീസ് നിരക്കിലെ സ്വകാര്യ കമ്പനികളുടെ കൊള്ള തകര്‍ക്കുകയും ചെയ്തു. ഒരു മിനിറ്റ് ഔട്ട് ഗോയിങ് കാളിന് 15 രൂപയും ഇൻകമിങ്ങിന് എട്ട് രൂപയും ഈടാക്കിയിരുന്നത് മൂന്ന് മിനിറ്റിന് 2.40 രൂപയായി കുറഞ്ഞു. ഇതോടെ കുത്തകപ്രീണനം മുഖമുദ്രയാക്കിയ കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ നീക്കങ്ങള്‍ ബിഎസ്എൻഎല്ലിനെ കൂച്ചുവിലങ്ങിടാനായിരുന്നു. ചങ്ങാത്തമുതലാളിമാര്‍ക്ക് നഷ്ടമുണ്ടാക്കുന്നതൊന്നും കേന്ദ്രഭരണാധികാരികള്‍ക്ക് സഹിക്കില്ലല്ലോ. 2007ൽ 4.5 കോടി മൊബൈൽ ലൈനുകൾക്കു വേണ്ടിയുള്ള ബിഎസ്എൻഎല്ലിന്റെ ടെണ്ടർ കേന്ദ്ര സർക്കാർ റദ്ദാക്കി. അന്നുമുതൽ ഇന്നുവരെ ഒരു ടെണ്ടർ പോലും ഈയിനത്തില്‍ കമ്പനിക്ക് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്ന് ഭരണകൂടം ഈ സ്ഥാപനത്തെ എത്രമാത്രം അവഗണിക്കുന്നു എന്നത് വ്യക്തവുമാണ്.
2013ൽ സ്വകാര്യ കമ്പനികൾക്കെല്ലാം 3ജി സ്പെക്ട്രം അവര്‍ക്കിഷ്ടമുള്ളിടത്ത് നല്‍കി. 2014ൽ 4ജി സ്പെക്ട്രവും അനുവദിച്ചു. പക്ഷേ, ബിഎസ്എൻഎല്ലിന് 2020 വരെ കാത്തിരിക്കേണ്ടി വന്നു. എന്നിട്ടും സ്വകാര്യ കമ്പനികള്‍ ചെയ്യുന്നതുപോലെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയുണ്ടാക്കി 4ജി തടഞ്ഞു. 2019ൽ മോഡി സര്‍ക്കാര്‍ 69,000 കോടി പുനരുദ്ധാരണ പാക്കേജ് എന്നപേരില്‍ പ്രഖ്യാപിച്ചെങ്കിലും ജീവനക്കാർക്ക് വിആർഎസ് കൊടുക്കാനാണ് പണം ഉപയോഗിച്ചത്. അതിനിടെ അംബാനിയുടെ ജിയോയ്ക്ക് മുഴുവൻ ഡാറ്റയും കൈക്കലാക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍, മറ്റു സ്വകാര്യ കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ 1.64 ലക്ഷം കോടി എഴുതിത്തള്ളി. കുത്തകകമ്പനികൾക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അഞ്ച് ലക്ഷം കോടി വായ്പ അനുവദിച്ചപ്പോള്‍ ബിഎസ്എൻഎല്ലിന് അനുവദിച്ചത് 15,000 കോടി മാത്രം. 2024ൽ 5ജി സ്പെക്ട്രം ചുളുവിലയ്ക്ക് കൈക്കലാക്കിയ സ്വകാര്യ കമ്പനികൾ ഏകപക്ഷീയമായി താരിഫ് നിരക്കുകൾ 20–25 ശതമാനം വർധിപ്പിച്ചു.

ബിഎസ്എൻഎൽ നിരക്ക് വർധിപ്പിച്ചില്ല എന്നത് കൊഴിഞ്ഞുപോക്ക് കുറയുന്നതിനും ചെറിയശതമാനം വരിക്കാര്‍ തിരികെയെത്താനും സഹായകമായി. എന്നാല്‍ കേന്ദ്ര സർക്കാരിന്റെ കൂച്ചുവിലങ്ങുമൂലം ഇന്റര്‍നെറ്റ് വേഗതയില്‍ സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബിഎസ്എൻഎൽ. ഭൂസ്വത്ത് വില്പന, ടവറുകൾ കുറഞ്ഞ നിരക്കില്‍ സ്വകാര്യ എതിരാളികൾക്ക് പാട്ടത്തിന് കൊടുക്കല്‍ തുടങ്ങി പൊതുമേഖലാസ്ഥാപനത്തെ തകര്‍ക്കുന്ന നയമാണ് പുതിയ പാക്കേജിലും കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്താകമാനം അടിസ്ഥാന സൗകര്യമുണ്ടായിട്ടും അത് വിനിയോഗിക്കാനും കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ അനുമതിയില്ലാതെ ശ്വാസംമുട്ടുകയാണ് ബിഎസ്എന്‍എല്‍. അത് പരിഹരിക്കാന്‍ കാര്യക്ഷമവും സാങ്കേതികത്തികവുമുള്ള ഇടപെടലാണ് നടത്തേണ്ടത്, രാഷ്ട്രീയമായ ചായംപൂശലല്ല. 

Exit mobile version