Site iconSite icon Janayugom Online

ഇന്ത്യക്ക് മുന്നില്‍ ഇനിയെന്ത് ? സെമി സാധ്യത തുലാസില്‍

ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് കൂറ്റൻ തോൽവി വഴങ്ങിയതോടെ ഇന്ത്യയുടെ സെമിഫൈനൽ പ്രവേശം പ്രതിസന്ധിയില്‍. വലിയ മാർജിനിലുള്ള തോൽവി ഇന്ത്യയുടെ നെറ്റ് റൺറേറ്റിനെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജീവൻമരണ പോരാട്ടമായി മാറി. 26ന് ചെന്നൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയും മാർച്ച് ഒന്നിന് വെ­സ്റ്റിൻഡീസിനെതിരെയും ഇന്ത്യക്ക് വിജയം അനിവാര്യമാണ്. രണ്ട് കളിയും ജയിച്ചാൽ നാല് പോയിന്റോടെ ഇന്ത്യക്ക് സാധ്യത നിലനിർത്താം. എന്നാൽ മറ്റ് ടീമുകൾക്കും നാല് പോയിന്റ് ലഭിക്കുകയാണെങ്കിൽ റൺറേറ്റ് നിർണായകമാകും. ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യയുടെ വിധി മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ദക്ഷിണാഫ്രിക്ക ബാക്കിയുള്ള മത്സരങ്ങൾ ജയിക്കുകയും വേണം. 

ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാകുന്നതിനായി ദക്ഷിണാഫ്രിക്കയും എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഇന്ത്യ വിൻഡീസിനേയും സിംബാബ്‌വയേയും തോല്പിക്കുകയും ചെയ്യുന്നതോടൊപ്പം പ്രോട്ടീയാസ് അജയ്യരാകുകയും ചെ­യ്താല്‍ അവസാന നാല് ഉറപ്പിക്കാൻ സൂര്യക്കും സംഘത്തിനുമാകും. ആരാധകർ ഉറ്റുനോക്കുന്ന ഇന്ത്യ‑പാകിസ്ഥാ­ൻ സെമി ഫൈനലിന് ഇ­പ്പോഴും സാധ്യതകളുണ്ട്. ഇ­ന്ത്യ ഗ്രൂപ്പ് 1ൽ ഒന്നാമതോ രണ്ടാമതോ എത്തണം. ഗ്രൂപ്പ് 2ൽ ഉള്ള പാകിസ്ഥാൻ യഥാക്രമം രണ്ടാമതോ ഒന്നാമതോ എത്തണം. നിലവിൽ പാകിസ്ഥാന്റെ ആ­ദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാൽ അവർക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്. ഇന്ന് ഇംഗ്ലണ്ടിനെതിരെയും 28ന് ശ്രീലങ്കയ്ക്കെതിരെയും നടക്കുന്ന മത്സരങ്ങൾ പാകിസ്ഥാനും നിർണായകമാണ്.

Exit mobile version