Site iconSite icon Janayugom Online

ഹിന്ദു വിശ്വാസം തീരുമാനിക്കാന്‍ ബിജെപി‌ക്ക് എന്തവകാശം?

സമ്പത്തും സംസ്കാരവും കൂടിക്കലർന്നേക്കാം; പക്ഷേ രാഷ്ട്രീയം അങ്ങനെയല്ല. അത് മധ്യപക്ഷമോ ഇടതാേ വലതോ ആകാം ഒരിക്കലും മിശ്രമാകില്ല. 1885ൽ രൂപീകരിച്ചതു മുതൽ, വലതുപക്ഷക്കാർ, മിതവാദികൾ തുടങ്ങി ഇടതുപക്ഷക്കാർ വരെ എല്ലാ വിഭാഗങ്ങളുടെയും ഒരു സംഘമായിരുന്നു കോൺഗ്രസ്. മതേതര തത്വങ്ങൾ അചഞ്ചലമായി പിന്തുടർന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലതുപക്ഷ മുഖമായി ബിജെപി ഉയർന്നുവരികയും മതേതരത്വത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തിൽ, കോൺഗ്രസിന് അതിന്റെ വ്യക്തിത്വത്തെക്കുറിച്ച് സുചിന്തിതമായ തീരുമാനം എടുക്കേണ്ടിവരുന്നു. ആർഎസ്‌എസ് മുന്നോട്ടുവയ്ക്കുന്ന, വലതുപക്ഷ തത്വശാസ്ത്രത്തിന്റെ പതാകവാഹകരായാണ് ബിജെപി സ്വയം ഉയർത്തിക്കാട്ടുന്നത്. വലതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് കോൺഗ്രസിന് ഉറപ്പിക്കാനാവില്ല. അങ്ങനെയായാല്‍ അവസരവാദമെന്ന അപകീർത്തിയും കുറ്റപ്പെടുത്തലും നേരിടേണ്ടിവരും. ബിജെപിയില്‍ നിന്ന് 24 കാരറ്റ് ഹിന്ദുത്വം വിപണിയിൽ ചുളുവിലയ്ക്ക് ലഭ്യമാകുമ്പോൾ, മൃദു ഹിന്ദുത്വമെന്ന പേരിൽ വിൽക്കപ്പെടുന്ന സമ്മിശ്ര ഹിന്ദുത്വം വാങ്ങാൻ ആരെങ്കിലും താല്പര്യപ്പെടുമോ എന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയണം. ഇന്ത്യയിലെ ഏറ്റവും പഴയ മതേതര പാർട്ടിയെ നിലനിർത്തുകയാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമാക്കേണ്ടത്. വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയും മൃദുഹിന്ദുത്വ സിദ്ധാന്തം ഉയർത്തിപ്പിടിക്കുന്നവരെ നിരാകരിക്കുകയും വേണം. അയോധ്യയിലെ രാമക്ഷേത്രപ്രതിഷ്ഠാ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷിപ്തതാല്പര്യക്കാരും ഹിന്ദു മതഭ്രാന്തന്മാരും അത് ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ചു തുടങ്ങിയിട്ടുണ്ട്. ഈ ആരോപണത്തിൽ അതിശയിക്കാനില്ല; പ്രതീക്ഷിച്ചതു തന്നെയാണ്. ചില കോൺഗ്രസ് നേതാക്കളും പാർട്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരും നേതൃത്വത്തിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നേതാക്കൾ വാസ്തവത്തിൽ പാർട്ടിക്ക് ബാധ്യതയാണ്. സംഘടനയ്ക്ക് അർത്ഥവത്തായ സംഭാവനകളൊന്നും നൽകാത്തവരാണ് അവര്‍. പാർട്ടിയുടെ മഹത്വത്തിൽ ഊറ്റംകൊള്ളുന്നുവെന്നേയുള്ളു.

ഹിന്ദുവായി പരിഗണിക്കുന്നതിന് ആർ എസ്എസ്-ബിജെപി നടത്തുന്ന “വിശ്വാസ പരീക്ഷ” എങ്ങനെ ജയിക്കുമെന്ന ആശയക്കുഴപ്പമാണ് ബിജെപിയുടെ പരിഹാസങ്ങൾ കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്തിയെന്ന പ്രതീതി സൃഷ്ടിക്കുന്നത്. ഹിന്ദുക്കളെല്ലാം ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ഹിന്ദുത്വയ്ക്ക് വിധേയരാണെന്ന് കരുതുന്നത് തികച്ചും തെറ്റാണ്. അങ്ങനെയെങ്കിൽ, പുൽവാമയിലെ 40 സൈനികരുടെ ജീവത്യാഗത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദുദേശീയതയുടെ കൊടുങ്കാറ്റുയര്‍ത്തിയിട്ടും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലം 35 ശതമാനം വോട്ടല്ല ലഭിക്കേണ്ടിയിരുന്നത്. സെെനികരുടെ ത്യാഗത്തിന് പ്രതികാരം ചെയ്യാനാണ് നരേന്ദ്ര മോഡി വോട്ട് തേടിയത്.
ആർഎസ്എസിന്റെയും ബിജെപിയുടെയും ‘ഹിന്ദു വിരുദ്ധ’ കുപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. ബിജെപിയുടെ കാവിരാഷ്ട്രീയത്തെ നിർവചിക്കുന്ന ആർഎസ്എസ് സൈദ്ധാന്തികരോട് നാല് ശങ്കരാചാര്യന്മാർ ഹിന്ദുവിരുദ്ധരാണോ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെടണം. കോൺഗ്രസ് സമൂഹമാധ്യമ മേധാവിയും വക്താവുമായ സുപ്രിയ ശ്രീനേറ്റ് പറഞ്ഞതുപോലെ, “ഇന്നലെ മുതൽ കോൺഗ്രസിനെതിരെ ശ്വാസംമുട്ടെ നിലവിളിക്കുന്ന പാദസേവകര്‍, എന്തുകൊണ്ട് നാല് ശങ്കരാചാര്യന്മാരും ക്ഷേത്രോദ്ഘാടനത്തിന് പോകുന്നില്ല” എന്ന് ചർച്ച ചെയ്യണം. പാർട്ടിക്ക് പുതിയ പ്രത്യയശാസ്ത്രരേഖ നൽകാനുള്ള ശരിയായ അവസരമാണിത്. രാഹുലും ഖാർഗെയും ശുദ്ധീകരണ യജ്ഞത്തിന് തുടക്കമിടുകയും ദളിത്, ദരിദ്ര, തൊഴിലാളിവർഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുകയും വേണം. ബിജെപി അവരെ വോട്ട് ബാങ്കായി ഉപയോഗിച്ചേക്കാം, പക്ഷേ ഒരിക്കലും പ്രത്യയശാസ്ത്രപരമായി തുല്യരായി കണക്കാക്കില്ല. പാർട്ടിക്ക് പുതിയ ദിശാബോധം നൽകാൻ കോൺഗ്രസ് നേതൃത്വം ഈ സാഹചര്യം ഉപയോഗിക്കണം. ഹിന്ദുവികാരത്തിന്റെ പേരില്‍ ഈ ആളുകളെ എങ്ങനെയെങ്കിലും ഒപ്പം നിര്‍ത്തുന്നതിൽ ബിജെപി വിജയിച്ചാൽ, കോൺഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടി ലഭിക്കും. ഭീഷണി വളരെ വലുതാണ്. മേൽജാതിക്കാർ അടങ്ങുന്ന പഴയ പിന്തുണാ അടിത്തറ പുനരുജ്ജീവിപ്പിക്കാമെന്ന ധാരണ പുലര്‍ത്തരുത്. മധ്യവർഗത്തെ പരിഗണിക്കണം, അവരിൽ വലിയൊരു വിഭാഗം അന്ധരായ ഭക്തരാണ്. ഉയർന്ന ജാതിക്കാർ ബിജെപിയുമായി ഏതാണ്ട് പൂർണമായി താദാത്മ്യം പ്രാപിച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ തദ്ദേശീയഘടകങ്ങൾക്കനുസരിച്ച് പ്രാദേശിക കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണച്ചേക്കാം. പക്ഷേ, അവർ പൂര്‍ണമായി തിരിച്ചുവരില്ല. പുതിയ പിന്തുണാ അടിത്തറ കണ്ടെത്തണം. അത് ദളിത്, ഇബിസികൾ, തൊഴിലാളിവർഗം എന്നിവയാകാം. പാര്‍ട്ടിനയം പുനഃക്രമീകരിക്കുകയും വലതുപക്ഷ ശക്തികൾക്കെതിരായി മധ്യ‑ഇടതുപക്ഷ സമീപനവും നിലപാടും സ്വീകരിക്കുകയും വേണം. ഹിന്ദുത്വത്തെക്കുറിച്ചുള്ള ആർഎസ്എസ് നിലപാടിൽ നിന്ന് കോൺഗ്രസ് എല്ലാ തലത്തിലും പൂർണമായും വിട്ടുനില്‍ക്കേണ്ടതുണ്ട്.

 


ഇതുകൂടി വായിക്കൂ; സൂര്യനെ പിടിച്ച മമ്മൂഞ്ഞ്!


സനാതൻ ഹിന്ദുത്വയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ആർഎസ്എസും അതിന്റെ തലവൻ മോഹൻ ഭാഗവതും ചേർന്നാണ് മുഴുവൻ തന്ത്രങ്ങളും മെനയുന്നത് എന്നതിനാൽ, ശങ്കരാചാര്യന്മാർ സനാതന ധർമ്മ വിരുദ്ധരാണോ എന്ന് വ്യക്തമാക്കാന്‍ ആര്‍എസ്എസിനോട് ആവശ്യപ്പെടണം. അങ്ങനെയെങ്കിൽ, ഹിന്ദുസഭയുടെ പരമോന്നത സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ആർഎസ്എസ് നേതൃത്വം അവരെ നിർബന്ധിക്കുമോ എന്ന് ചോദിക്കണം. പുതിയ ശങ്കരാചാര്യന്മാരായി ആർഎസ്എസ് സ്വന്തം കേഡർമാരെ നിയോഗിക്കട്ടെ. പതിറ്റാണ്ടുകളായി രാംലല്ലയ്ക്ക് വേണ്ടി ആചാരങ്ങൾ അനുഷ്ഠിക്കുകയും ദളിതുകളിൽ നിന്ന് സ്വന്തംബ്രാൻഡ് പുരോഹിതരെ നിയമിക്കുകയും ചെയ്ത നിർമോഹി അഖാരയെ തള്ളിക്കളയാൻ ആർഎസ്എസിന് കഴിയുമെങ്കിൽ, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മനസിൽ മുന്നില്‍ക്കണ്ട് ശങ്കരാചാര്യരായി സ്വന്തം കേഡർമാരെ നിയമിക്കാന്‍ അവർക്ക് തീർച്ചയായും സാധിക്കും.
ശങ്കരാചാര്യന്മാരെ നേരിടാൻ ആർഎസ് എസിന് ധൈര്യമില്ല, കാരണം അത് കാവിരാഷ്ട്രീയത്തെ അപകടകരമായ അവസ്ഥയിലാക്കുകയും നിലനില്പിന് തന്നെ ഭീഷണിയാകുകയും ചെയ്യും. എന്നാല്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കോൺഗ്രസിനെ ‘ഹിന്ദുവിരുദ്ധ’ മുദ്രകുത്താനുള്ള തന്ത്രം അവർ പയറ്റും. നരേന്ദ്ര മോഡിയുടെ ശിക്ഷണത്തിലും മാർഗനിർദേശത്തിലും ബിജെപി നേതൃത്വം മുഴുവൻ നുണ പറയാനുള്ള വിദ്യ പഠിച്ചുകഴിഞ്ഞു. കോൺഗ്രസിന് മുസ്ലിം അനുകൂല ചിന്താഗതിയാണെന്ന് കുറ്റപ്പെടുത്താന്‍ ഗുജറാത്തിലെ നവീകരിച്ച സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചുകൊണ്ട് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു എഴുതിയ കത്ത് അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. മതത്തിൽ നിന്ന് ഭരണകൂടം അകലം പാലിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുന്ന ധാർമ്മിക നിലപാടാണ് നെഹ്രു സ്വീകരിച്ചത്. എന്നാൽ, നവ ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ പുതിയ മുഖമായ മോഡിയുടെ ഭരണത്തിൻകീഴിൽ രാഷ്ട്രീയം കാര്യമായ മാറ്റത്തിന് വിധേയമായിരിക്കുന്നു.
ഹിന്ദു ആചാര്യന്മാരെ മാറ്റിനിര്‍ത്തി 22 ന് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തണമെന്ന മോഡിയുടെ നിർബന്ധത്തിൽ വിശ്വാസികള്‍ തന്നെ ആശ്ചര്യപ്പെടുന്നു. വാസ്തവത്തിൽ മോഡിയുടെ പിടിവാശിയിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. എല്ലാറ്റിനും മുകളിലുള്ള സമുന്നതവ്യക്തിയായി സ്വയം അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ക്ഷേത്രം രാമാനന്ദ വിഭാഗത്തിന്റെതാണെന്നും സന്യാസിമാരുടേതോ ശൈവ വിഭാഗത്തിന്റേതോ അല്ലെന്നും വിഎച്ച്പി നേതാവും ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയുടെ നിരീക്ഷണം ശങ്കരാചാര്യർക്ക് ആർഎസ്‌ എസിന്റെ കണ്ണിൽ യാതൊരു ബഹുമാനവുമില്ലെന്ന് വ്യക്തമാക്കുന്നു. ‘ക്ഷേത്രം രാമാനന്ദ് വിഭാഗത്തിന്റെതാണെങ്കിൽ, ചമ്പത് റായിക്കും മറ്റുള്ളവര്‍ക്കും അവിടെ എന്താണ് കാര്യം? അവരത് രാമാനന്ദ് വിഭാഗത്തിന് കൈമാറട്ടെ‘യെന്നാണ് പുരിയിലെ ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി ഇതിനോട് പ്രതികരിച്ചത്.
നെഹ്രുവിനും കോൺഗ്രസിനുമെതിരായ വിദ്വേഷ പ്രചാരണം അവസാനത്തേതല്ലെന്ന് വ്യക്തമാണ്. ഗാന്ധിജിയുടെ രാമരാജ്യ സങ്കല്പത്തിന്റെ യഥാർത്ഥ അർത്ഥമെന്തെന്നറിയാത്ത ബിജെപി സംഘം ഇത് ദുരുപയോഗം ചെയ്തും കോൺഗ്രസിനെ തരംതാഴ്ത്താൻ ശ്രമിക്കും. മഹാത്മാവിന്റെ മതത്തെക്കുറിച്ചുള്ള ധാരണ സംഘ്പരിവാറിന്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹം മതങ്ങളുടെ ബഹുത്വത്തിൽ വിശ്വസിക്കുകയും ഏതെങ്കിലും വംശങ്ങളുടെയോ മതങ്ങളുടെയോ ശ്രേഷ്ഠതയെക്കുറിച്ചുള്ള ആശയത്തെ വെറുക്കുകയും ചെയ്തു. ആർഎസ്എസ് പ്രത്യയശാസ്ത്രം ഗാന്ധിജിയുടെ ധാരണകൾക്ക് നേര്‍വിപരീതമാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്ന ഭീഷണി ഉയർന്നുവരുന്ന സാഹചര്യത്തിൽ, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആർഎസ്എസിന്റെ കുത്സിത പദ്ധതികള്‍ തുറന്നുകാട്ടാന്‍ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തയ്യാറാകണം. ഇത് പ്രാദേശികനേതാക്കളെയും കേഡർമാരെയും കാവിരാഷ്ട്രീയത്തെ എതിരിടാന്‍ പ്രോത്സാഹിപ്പിക്കും.
(അവലംബം: ഐപിഎ)

Exit mobile version