കോടതി നടപടികൾ അറിയിക്കാൻ വാട്സാപ്പ് സേവനം ആരംഭിക്കാനൊരുങ്ങി കേരള ഹൈക്കോടതി. ഒക്ടോബർ 6 മുതൽ ഈ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. കോടതിയുടെ കേസ് മാനേജ്‌മെൻ്റിൻ്റെ ഭാഗമായിട്ടാണ് വാട്സാപ്പ് ഉപയോഗിക്കാനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് പുറത്തിറക്കി. ഇ‑ഫയലിംഗ് ഹർജികൾ, ലിസ്റ്റിംഗ് വിശദാംശങ്ങൾ, കോടതി നടപടിക്രമങ്ങൾ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ വാട്സാപ്പ് വഴി അഭിഭാഷകർക്കും കക്ഷികൾക്കും ലഭ്യമാക്കും.
എന്നാൽ, ഈ വാട്സാപ്പ് സേവനം ഒരു അധിക സൗകര്യം മാത്രമായിരിക്കും. സമൻസുകൾ, അറിയിപ്പുകൾ തുടങ്ങിയ ഔദ്യോഗിക വിവരങ്ങൾക്ക് ഇത് പകരമാവില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കോടതി സന്ദേശങ്ങൾ കൈമാറുന്നതിലെ കാലതാമസവും അപാകതകളും ഒഴിവാക്കുകയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, തട്ടിപ്പുകൾ ഒഴിവാക്കാൻ, വാട്സാപ്പിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾ ഔദ്യോഗിക വെബ് പോർട്ടലിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

