വാട്‌സ്ആപ്പിൽ ഈ വർഷം നിരവധി മാറ്റങ്ങൾ ആണ് മെറ്റ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറാണ് സോഷ്യൽ മീഡിയിലടക്കം ചർച്ചയായിരിക്കുന്നത്. ടെലഗ്രാമിന് സമാനമായ ചാനൽ ഫീച്ചറാണ് കഴിഞ്ഞദിവസം ഇന്ത്യയിൽ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ വന്നതിന് പിന്നാലെ സെലിബ്രറ്റികളടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ ചാനൽ ലിങ്കുകൾ ഷെയർ ചെയ്തുകഴിഞ്ഞു. എന്നാൽ ഇപ്പോഴും ഈ ഫീച്ചർ ലഭിക്കാത്ത നിരവധി പേരാണ് ഉള്ളത്.
ഇനി എന്താണ് വാട്‌സ്ആപ്പ് ചാനൽ എന്നു നോക്കാം. ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവക്കാൻ കഴിയുന്ന സംവിധാനമാണ് വാട്‌സ്ആപ്പ് ചാനൽ. അഡ്മിന് മാത്രം മെസേജ് അയക്കാൻ കഴിയുന്ന തരത്തിലുള്ള വൺവേ ബ്രോഡ്കാസ്റ്റ് ടൂളാണിത്. അതേസമയം ചാനലിൽ പങ്കാളിയാകുന്നവരുടെ പ്രൊഫൈൽ അഡ്മിന് മാത്രമായിരിക്കും കാണാൻ കഴിയുക. ചാനലിൽ ഉള്ള മറ്റംഗങ്ങൾക്ക് മറ്റുള്ളവരുടെ ഫോൺ നമ്പറോ പ്രൊഫൈലോ കാണാൻ കഴിയില്ല എന്നത് പ്രധാന സവിശേഷതയാണ്. നിലവിൽ സ്റ്റാറ്റസ് ടാബിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകൾ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകൾ അറിയാനും സാധിക്കും. ഇൻവിറ്റേഷൻ ലിങ്കിലൂടെയായിരിക്കും ഒരു വ്യക്തിയോ സ്ഥാപനമോ ക്രിയേറ്റ് ചെയ്ത ചാനലുകളിൽ ഉപഭോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുക.
2023 ജൂണിലാണ് വാട്‌സ്ആപ്പ് ചാനൽ ഫീച്ചർ വാട്‌സ്ആപ്പിലെത്തുന്നത്. നിലവിൽ 150ലധികം രാജ്യങ്ങളിൽ ഈ ഫീച്ചർ ലഭ്യമാണ്. ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാൻ കഴിയുക. സുരക്ഷ കാര്യങ്ങളിലും വാട്‌സ്ആപ്പ് ചാനൽ നീതി പുലർത്തുന്നുണ്ട്. ചാനലിലെ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് എടുക്കുന്നതിന് വരെ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും. കൂടാതെ 30 ദിവസം മാത്രമേ വാട്‌സ്ആപ്പ് ചാനൽ ഹിസ്റ്ററി സൂക്ഷിക്കുകയുള്ളൂവെന്നതും ചാനലിന്റെ പ്രത്യേകതയാണ്.
English summary; WhatsApp with channel feature
you may also like this video;