രാജ്യത്തെ ഗോതമ്പ് വില കുതിച്ചേക്കും. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ വന്‍തോതില്‍ സ്വകാര്യ മേഖലയ്ക്ക് ഗോതമ്പ് വിറ്റഴിച്ചതോടെ കരുതല്‍ ഗോതമ്പു ശേഖരം ഏഴു വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി. അതിനിടെ വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഗോതമ്പ് സംഭരണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും സ്റ്റോക്ക് പരിധി 2000 ടണ്ണില്‍നിന്ന് 1000 ടണ്ണായി കുറച്ചതായി ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര അറിയിച്ചു.
നിലവില്‍ സര്‍ക്കാരിന്റെ കൈവശം 19 ദശലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് മാത്രമാണുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വെയര്‍ ഹൗസുകളില്‍ നിലവിലുള്ള സ്റ്റോക്കാണിത്. ലോകത്തിലെ രണ്ടാമത്തെ ഗോതമ്പ് ഉല്പാദന രാജ്യമായ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഉഷ്ണക്കാറ്റു മൂലം ഗോതമ്പ് ഉല്പാദനത്തില്‍ ഇടിവുണ്ടായതോടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗോതമ്പ് ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള റഷ്യ, ഉക്രെയിനുമായി യുദ്ധം ആരംഭിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ ഗോതമ്പ് വില കുതിച്ചുയര്‍ന്നു. ഡിമാന്‍ഡിലുണ്ടായ വര്‍ധന ആഭ്യന്തര വിപണിക്ക് ദോഷകരമെന്ന കണ്ടെത്തലിലാണ് കേന്ദ്രം ഗോതമ്പ് കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നത്.
ഇന്ത്യയില്‍ കഴിഞ്ഞ കുറെ കാലമായി ഗോതമ്പ് വിലയില്‍ 20 ശതമാനത്തോളമാണ് വര്‍ധനവുണ്ടായത്. ഈ വര്‍ഷം 112 ദശലക്ഷം മെട്രിക് ടണ്ണിന് മുകളിലാകും ഗോതമ്പ് ഉല്പാദനം എന്ന് കേന്ദ്ര കൃഷിമന്ത്രാലയം വിലയിരുത്തുന്നെങ്കിലും അതില്‍ പത്ത് ശതമാനം ഇടിവ് ഉണ്ടാകുമെന്നാണ് കാര്‍ഷിക മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ കൈവശമുള്ള ഗോതമ്പ് ശേഖരത്തിന്റെ കുറവിന് കാരണം കര്‍ഷകരില്‍ നിന്നും ഗോതമ്പ് സംഭരിക്കുന്നതില്‍ വന്ന വീഴ്ചയാണെന്നും വിലയിരുത്തലുണ്ട്. മുന്‍ വര്‍ഷം സര്‍ക്കാര്‍ 34 ദശലക്ഷം മെട്രിക് ടണ്‍ ഗോതമ്പു സംഭരിച്ചെങ്കില്‍ ഇക്കുറി അത് 26 ലേക്ക് ചുരുങ്ങി.
ഗോതമ്പ് ഇറക്കുമതിക്ക് സര്‍ക്കാര്‍ 40 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ലാത്തതിനാല്‍ ആഭ്യന്തര വിപണിയില്‍ ഗോതമ്പ് വില കുതിക്കുമെന്നാണ് കരുതുന്നത്. മില്ലുകള്‍, ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശേഖരത്തിലുണ്ടായ ഗോതമ്പ് അമിതമായ തോതില്‍ വിറ്റഴിച്ചതാണ് നിലവില്‍ പ്രതിസന്ധിക്ക് കാരണമായത്. സ്വകാര്യ മേഖലയെ എന്നും വഴിവിട്ട് സഹായിക്കുന്ന മോഡി സര്‍ക്കാര്‍ ഗോതമ്പിന്റെ കാര്യത്തിലും അതേ നിലപാട് സ്വീകരിച്ചതോടെ രാജ്യത്തെ സാധാരണക്കാരന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന ലേലത്തിലൂടെ വന്‍തോതില്‍ നിലവിലുള്ള ഗോതമ്പ് സ്‌റ്റോക്ക് സര്‍ക്കാര്‍ വിറ്റഴിക്കുന്നത് തുടരുകയാണ്. വരുന്ന വിളവെടുപ്പ് മെച്ചമാകുമെന്ന് കരുതലിലാണ് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍. സ്വകാര്യ വിപണിക്ക് ആവശ്യം വന്നാല്‍ ഇനിയും ഗോതമ്പ് വിറ്റഴിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മഞ്ഞുകാലത്ത് കൃഷിയിറക്കുന്ന ഗോതമ്പിന്റെ വിളവെടുപ്പ് വരുന്ന വേനല്‍ എത്തുന്നതിന് മുന്നോടിയായി മാര്‍ച്ചിലാകും നടക്കുക.
മഴയുള്‍പ്പെടെ കാലാവസ്ഥയില്‍ വ്യതിയാനങ്ങള്‍ വന്നാല്‍ വന്‍ പ്രതിസന്ധിയാകും ഗോതമ്പിന്റെ കാര്യത്തില്‍ രാജ്യം നേരിടേണ്ടി വരിക. തെരഞ്ഞെടുപ്പ് വരുന്ന വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉള്ളി കയറ്റുമതിക്ക് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
You may also this video