Site iconSite icon Janayugom Online

ശ്രദ്ധതിരിക്കൽ തന്ത്രങ്ങൾ തുറന്നു കാട്ടപ്പെടുമ്പോൾ

നകീയ ബാങ്കിങ് വിസ്മരിക്കുന്ന ബാങ്ക് മാനേജ്മെന്റുകളെ തിരുത്താനുദ്ദേശിച്ചു തന്നെയാണ് നവംബര്‍ 19 ന് എഐബിഇഎ ദേശീയ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന് ആധാരമായ പ്രശ്നങ്ങൾ ഏറെ പ്രത്യേകതയാർന്നതുമായിരുന്നു. വർത്തമാന കാലഘട്ടത്തിൽ ഭരണകൂടങ്ങളും അവരെ നിയന്ത്രിക്കുന്ന ആശയ‑പ്രത്യയശാസ്ത്ര‑പ്രായോഗിക പരിവേഷങ്ങളണിഞ്ഞ് ഇടപെടുന്ന കോർപറേറ്റ് മുതലാളിത്ത ശക്തികളും ചേർന്ന് സൃഷ്ടിച്ചെടുക്കുന്ന നിക്ഷേപ സൗഹൃദവും ലാഭ കേന്ദ്രിതവുമായ നയങ്ങളുടെയും തൊഴിലാളി ദ്രോഹ, സാമൂഹ്യക്ഷേമ വിരുദ്ധ നിയമ വ്യവസ്ഥകളുടെയും പ്രതിഫലനങ്ങൾ ബാങ്കിങ് മേഖലയിലും വർധിതമായി പ്രകടമാകുന്ന സ്ഥിതിവിശേഷത്തിലാണ് പ്രക്ഷോഭങ്ങൾ അനിവാര്യമാകുന്നത്.
സമീപകാലത്ത് ബാങ്ക് മാനേജ്മെന്റുകൾ കൂടുതലായി ഉയർത്തിക്കാണിക്കുന്ന പ്രശ്നങ്ങളിലൊന്ന് ചെലവിന്റേതാണ്. പ്രവർത്തന ചെലവ് വർധിക്കുന്നു, വരുമാന വളർച്ച വേണ്ടത്രയുണ്ടാകുന്നില്ല, അതിനാൽ ചെലവുകൾ കുറയ്ക്കണം എന്ന ആശയമാണ് പറഞ്ഞു പരത്തുന്നത്. മാനേജ്മെന്റുകൾ വിഷയങ്ങളെ അതിന്റെ സമഗ്രതയിൽ കാണുന്നില്ല എന്നതാണ് മുഖ്യ പ്രശ്നം. ബാങ്കുകളിൽ പെരുകിയ കിട്ടാക്കടങ്ങളാണ് ചെലവിലെ വർധനവിനും വരുമാനചോർച്ചയ്ക്കും നിദാനം. കിട്ടാക്കടങ്ങൾക്കായി വേണ്ടിവരുന്ന നീക്കിയിരിപ്പും തിരിച്ചുകിട്ടാതെ വരുന്ന കടങ്ങൾ എഴുതിത്തള്ളുമ്പോഴുണ്ടാകുന്ന ചോർച്ചയുമാണ് ചെലവുകളുടെ മുഖ്യ ഭാഗം. വരുമാനം വർധിക്കണമെങ്കിൽ കൂടുതലായി നിക്ഷേപങ്ങളും വായ്പകളുമുണ്ടാകണം. അതിന് മികച്ച സേവനം ഗുണഭോക്താക്കൾക്ക് നല്കണം. അതിനാകട്ടെ കൂടുതൽ ജീവനക്കാർ ബാങ്കുകളിൽ ഉണ്ടാകണം.


ഇതുകൂടി വായിക്കൂ: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്ക്


ബാങ്കുകളിലെ നിക്ഷേപങ്ങൾ ജനസമ്പാദ്യമാണ്. അവ കിട്ടാക്കടമായി മാറുന്നത് സാമൂഹ്യ വിപത്തായി കാണണം. തന്മൂലമുണ്ടാകുന്ന ചെലവുകൾ ജനസമ്പാദ്യ ചോർച്ചയാണ്. ഇതു തടയാൻ കർശനവും പ്രായോഗികവുമായ നടപടികൾ വേണം. കൂടുതൽ പേരെ ബാങ്കുകളിൽ നിയമിച്ച് സേവനങ്ങൾ ശക്തിപ്പെടുത്തേണ്ടത് ഒരു സാമൂഹിക ആവശ്യമാണ്. പ്രത്യേകിച്ച് തൊഴിലില്ലായ്മ രൂക്ഷമായി നിലനില്ക്കുന്ന നമ്മുടെ രാജ്യത്ത്. പക്ഷെ മാനേജുമെന്റുകൾ എളുപ്പപ്പണിയും കുറുക്കുവഴികളുമാണ് അവലംബിക്കുന്നത്.
ചെലവുചുരുക്കൽ പദ്ധതികളുടെ ഭാഗമായി പുറംകരാർവല്ക്കരണം, കരാർ നിയമനങ്ങൾ, നിയമന നിരോധനം എന്നിവയാണ് മാനേജ്മെന്റുകളുടെ നടപ്പുകാല അജണ്ടകൾ. സ്ഥിരം തൊഴിൽ ഇല്ലാതാക്കി തുച്ഛവേതനത്തിന് ആളെവച്ച് ബാങ്കുകൾ നടത്തി ലാഭമുണ്ടാക്കുന്നതിൽ സാമൂഹ്യ നന്മയേതുമില്ല. ബാങ്കിടപാടുകാരുടെയും ഗുണഭോക്താക്കളുടെയും ഡാറ്റ, അക്കൗണ്ട് സുരക്ഷ എന്നിവ ഉറപ്പാക്കേണ്ട മാനേജ്മെന്റുകൾ ആ ചുമതലയിൽനിന്നും പിന്മാറുന്നത് ഉത്തരവാദിത്തലംഘനമാണ്.


ഇതുകൂടി വായിക്കൂ: ബാങ്ക് സ്വകാര്യവല്‍ക്കരണം: തിരിച്ചടിക്കും


ഇത് ചോദ്യം ചെയ്യുന്നതിലും വിഷയങ്ങൾ പൊതു സമൂഹത്തിലെത്തിക്കുന്നതിലും നിതാന്ത ജാഗ്രതയോടെ മുന്നേറുന്ന ഏക ബാങ്ക് ട്രേഡ് യൂണിയനാണ് എഐബിഇഎ. 52 പണിമുടക്കുകളാണ് കഴിഞ്ഞ മൂന്നുപതിറ്റാണ്ട് കാലഘട്ടത്തിൽ ജനകീയ ബാങ്കിങ് നയവ്യതിയാനങ്ങൾക്കെതിരെ എഐബിഇഎ നടത്തിയത്.
പെരുകുന്ന കോർപറേറ്റ് കിട്ടാക്കടങ്ങൾ, കടങ്ങളുടെ എഴുതിത്തള്ളൽ, സർക്കാർ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന സ്വകാര്യ‑വിദേശവല്ക്കരണം, ശാഖകളുടെ അടച്ചു പൂട്ടലുകൾക്കും സേവന നിരാസത്തിനും തൊഴിലവസര നിഷേധത്തിനും ഇടയാക്കിയ ബാങ്ക് നയങ്ങൾ, ഔട്ട്സോഴ്സിങ് തുടങ്ങിയവ ഗുരുതരമായ നയ പാളിച്ചകളാണ്. എന്നാൽ ഇതുൾക്കൊണ്ട് പരിഹാരം കാണേണ്ട മാനേജ്മെന്റുകൾ ‘ദൂതന്മാരെ വെടിവച്ചിടാ‘നാണ് വ്യഗ്രത കാണിക്കുന്നത്. ആളെ നിയമിക്കാതെയും ഉള്ളത് കുറച്ചും ജോലി ഭാരം കൂട്ടുക, ജീവനക്കാരെ സ്ഥലം മാറ്റി നിശബ്ദരാക്കുക, ഉഭയകക്ഷി കരാറുകളെ തള്ളിപ്പറഞ്ഞ് യൂണിയനെ അപ്രസക്തമാക്കുക, തൊഴിൽ നിയമങ്ങൾക്കും കോടതി ഉത്തരവുകൾക്കും പുല്ലുവില പോലും കല്പിക്കാതിരിക്കുക, യൂണിയൻ നേതാക്കളെയും ജീവനക്കാരെയും പിരിച്ചുവിടുക, ശമ്പള പരിഷ്കരണം നിഷേധിക്കുക, ട്രേഡ് യൂണിയൻ പ്രാതിനിധ്യ‑പ്രവർത്തന സൗകര്യങ്ങൾ റദ്ദാക്കുക എന്നിവയാണ് ഭൂഷണമായി കരുതി മാനേജ്മെന്റ് നടപ്പാക്കാൻ വെമ്പുന്നത്.
ബാങ്കിങ് മേഖലയിലെ വ്യവസായ സമാധാനത്തിനും പുരോഗതിക്കും ഗുണഭോക്താക്കളുടെ നന്മയ്ക്കും സംതൃപ്തിക്കും അതിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിനും ക്ഷേമത്തിനുമെല്ലാം നിദാനമായത് മാനേജ്മെന്റും യൂണിയനും തമ്മിലുള്ള ഉത്തരവാദിത്ത‑ഉഭയകക്ഷി ബന്ധമാണ്. ആറ് പതിറ്റാണ്ടുകളായി നിലനില്ക്കുന്ന ഈ ബന്ധങ്ങളുടെ അന്തഃസത്തയും പ്രയോജനവും തമസ്കരിക്കുന്ന പുത്തൻ മാനേജ്മെന്റ് രീതികൾ വികസന‑ക്ഷേമവിരുദ്ധമാണ്. അതിൽ ആധുനികതയോ പ്രൊഫഷണലിസമോ ഇല്ല. മറിച്ച് ജനവിരുദ്ധതയും തൊഴിലാളിദ്രോഹപരതയുമേയുള്ളു. അത്തരം രീതികൾ പിന്തുടരുന്നത് ആശാസ്യമല്ല. അത് അനുവദിക്കാൻ ട്രേഡ് യൂണിയനു കഴിയില്ല.


ഇതുകൂടി വായിക്കൂ: ഇത് കേരളം: ഇവിടെ വാഴകള്‍ക്ക് വരെ ബാങ്കുണ്ട്


രാജ്യത്തെ നിയമവ്യവസ്ഥകളേയും 1926- ട്രേഡ് യൂണിയൻ നിയമം, 1947‑വ്യവസായ തർക്ക നിയമം എന്നിവയേയും ഇതിനനുസൃതമായി ഒപ്പുവച്ചിട്ടുള്ള വ്യവസായതല‑ബാങ്ക്തല ഉഭയകക്ഷി കരാറുകളേയും മാനിച്ചേ പോകാൻ കഴിയു എന്ന സന്ദേശമാണ് പണിമുടക്കടക്കമുള്ള പ്രക്ഷോഭങ്ങളിലൂടെ എഐബിഇഎ നൽകിയത്. അതുൾക്കൊണ്ടുതന്നെയാണ് കേന്ദ്ര മുഖ്യ ലേബർ കമ്മിഷണർ അനുരഞ്ജന ചർച്ചകൾ വിളിച്ചു ചേർത്തത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ധനമന്ത്രാലയവും അവസരത്തിനൊത്ത് ഉയർന്നത് നന്നായി. വികലധാരണകളും വിനാശ നിലപാടുകളും പുലർത്തിയ ബാങ്ക് മാനേജ്മെന്റുകൾക്ക് പുനർചിന്തനം അനിവാര്യമായി. പണിമുടക്ക് തല്ക്കാലം പിൻവലിച്ചു.
ബിനിനസ് രംഗത്ത് മൂല്യങ്ങൾ മുറുകെപ്പിടിച്ച് സർവതോമുഖമായ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ വികസനത്തിനും സഹായകമാകു
ന്ന സേവനങ്ങളാകണം ബാങ്കുകൾ നൽകേണ്ടത്. തൊഴിൽശക്തിയേയും ബഹുജനങ്ങളേയും വിശ്വാസത്തിലെടുത്ത് ബാങ്കുകൾ മുന്നേറണം.

Exit mobile version