26 April 2024, Friday

Related news

March 25, 2024
February 6, 2024
January 3, 2024
December 26, 2023
November 17, 2023
November 9, 2023
November 9, 2023
October 9, 2023
October 7, 2023
October 7, 2023

ബാങ്ക് സ്വകാര്യവല്‍ക്കരണം: തിരിച്ചടിക്കും


ആര്‍ബിഐയുടെ മുന്നറിയിപ്പ്
വളര്‍ച്ച പിന്നോട്ടടിക്കും
ഗ്രാമ നഗരപ്രദേശങ്ങളില്‍ 
വിടവ് സൃഷ്ടിക്കപ്പെടുന്നു
റെജി കുര്യന്‍
ന്യൂഡല്‍ഹി
August 20, 2022 11:11 pm

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഒറ്റമൂലിയല്ല പൊതുമേഖലാ ബാങ്ക് സ്വകാര്യവല്ക്കരണമെന്ന് റിസര്‍വ് ബാങ്കി(ആര്‍ബിഐ)ന്റെ മുന്നറിയിപ്പ്.
ദീര്‍ഘവീക്ഷണമില്ലാതെ സ്വകാര്യവല്ക്കരണം തുടര്‍ന്നാല്‍ രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയെ പിറകോട്ടടിക്കുമെന്നും ഔദ്യോഗിക പ്രസിദ്ധീകരണത്തിലെ ലേഖനം വിലയിരുത്തുന്നു. ആര്‍ബിഐ ഗവേഷണ വിഭാഗത്തിലെ സ്‌നേഹാല്‍ ഹെര്‍വാഡ്കര്‍, സൊണാലി ഗോയല്‍, റിഷുക ബന്‍സാല്‍ എന്നിവരാണ് 214 പേജുള്ള ആര്‍ബിഐ ബുള്ളറ്റിന്റെ ഓഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം തയാറാക്കിയിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്ക്കരണത്തിനെതിരെ സിപിഐ ഉള്‍പ്പെടെ ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തിയ എതിര്‍പ്പുകളും ആശങ്കകളും ശരിയെന്നാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്.
ആര്‍ബിഐയുടെ സാമ്പത്തിക നയവിശകലന വിഭാഗമാണ് ജി വി നഥാനിയേല്‍ എഡിറ്ററായ പ്രതിമാസ ബുള്ളറ്റിന്‍ പുറത്തിറക്കുന്നത്. മൈക്കിള്‍ ദേബബ്രത അധ്യക്ഷനായ പത്രാധിപ സമിതിയില്‍ രാജീവ് രഞ്ജന്‍, സീതീകാന്ത പട്‌നായിക്, അജിത് ആര്‍ ജോഷി, ദേബപ്രസാദ് രഥ്, പല്ലവി ചവാന്‍, തുഷാര്‍ ബരണ്‍ ദാസ്, പുലസ്ത ബന്ദോപാദ്ധ്യായ എന്നിവാണ് അംഗങ്ങള്‍.
സ്വകാര്യവല്ക്കരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പാണ് ലേഖനം മുന്നോട്ടുവയ്ക്കുന്നത്. ആഗോള തലത്തിലെ വസ്തുതകളും രേഖകളും മേഖലാതല വിലയിരുത്തലുകളും വിശകലനങ്ങളും പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്കും കാഴ്ചപ്പാടിലേക്കും എത്തിയിരിക്കുന്നത്. ബാങ്കിങ് സ്വകാര്യവല്ക്കരണം സ്വകാര്യ കോര്‍പറേറ്റ് കുത്തകകള്‍ക്കൊഴിച്ച് രാജ്യത്തെ ഗ്രാമീണ, കാര്‍ഷിക, അടിസ്ഥാന സൗകര്യ മേഖലകള്‍, സാധാരണക്കാര്‍, പാവപ്പെട്ടവര്‍ തുടങ്ങി അവശേഷിക്കുന്ന സാമാന്യ ജനത്തിന് ഹിതകരമല്ലെന്ന് ലേഖനം സമര്‍ത്ഥിക്കുന്നു.
ലേഖനം ചര്‍ച്ചയായതോടെ വിശദീകരണവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തി. ലേഖകരുടെ വ്യക്തിപരമായ നിഗമനങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും ആര്‍ബിഐയുടെ ഔദ്യോഗിക നിലപാടല്ലെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ധൃതിപിടിച്ചുള്ള സ്വകാര്യവല്ക്കരണം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും ഘട്ടംഘട്ടമായി മാത്രമേ പാടുള്ളൂ എന്നാണ് ലേഖകര്‍ ഉദ്ദേശിച്ചതെന്നും വിശദീകരണത്തിലുണ്ട്.
ഭരണകൂട നടപടികള്‍ ഇപ്പോള്‍ വിനയായി പ്രതിഫലിച്ചു എന്നകാര്യം ലേഖനം ഊന്നിപ്പറയുന്നു. രാജ്യത്തെ കാര്‍ഷിക, ഗ്രാമീണ, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് പൊതുമേഖലാ ബാങ്കുകളാണെന്ന് ലേഖനം വ്യക്തമാക്കുന്നു.
അതായത് രാജ്യത്തെ ബാങ്കിങ് സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുന്ന മുറയ്ക്ക് കാര്‍ഷിക ഗ്രാമീണ മേഖലകളും അടിസ്ഥാന സൗകര്യ വികസന നിക്ഷേപങ്ങളും പിന്നോട്ടടിക്കും എന്നതിനാല്‍ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് വന്‍ വെല്ലുവിളിയാകും സൃഷ്ടിക്കുകയെന്നും ലേഖനം അടിവരയിടുന്നു.

സ്വകാര്യബാങ്കുകള്‍ നഗരകേന്ദ്രീകൃതം

രാജ്യത്തെ ഗ്രാമീണ മേഖലയിലും അര്‍ധ നഗരങ്ങളിലും ഏറ്റവും അധികം ശാഖകളുള്ളത് പൊതു മേഖലാ ബാങ്കുകള്‍ക്കാണ്. അതുകൊണ്ട് എല്ലാവര്‍ക്കും ബാങ്കിങ് സംവിധാനത്തെ ആശ്രയിക്കുവന്‍ കഴിയുന്നു. അതേസമയം സ്വകാര്യ ബാങ്കുകള്‍ നഗര കേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാന്‍ മന്ത്രി ധന്‍ ജന്‍ യോജന പ്രകാര്യം ബാങ്കിങ് സേവനങ്ങള്‍ എല്ലാ വീടുകള്‍ക്കും ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം അനുസരിച്ച് 2022 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 45 കോടി ജനങ്ങളാണ് അക്കൗണ്ട് ആരംഭിച്ചത്. ഇതില്‍ 78 ശതമാനവും പൊതു മേഖലാ ബാങ്കുകളിലും അതില്‍തന്നെ 60 ശതമാനത്തിലധികം ഗ്രാമീണ മേഖലയിലുമാണെന്ന് ലേഖനം കണക്കുനിരത്തുന്നു.

Eng­lish Sum­ma­ry: Bank Pri­va­ti­za­tion will be a setback 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.