മുംബൈ: ബോളിവുഡിലെ മുൻകാല താരങ്ങള്‍ക്ക് അധോലോക നായകൻ കരിം ലാലയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായി മുംബൈ പൊലീസ് മുൻ കമ്മിഷണർ രാകേഷ് മരിയയുടെ വെളിപ്പെടുത്തല്‍. വിഖ്യാത ബോളിവുഡ‍് നടി ഹെലനില്‍ നിന്ന് അവരുടെ ആദ്യ ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ പ്രേം നാരായൺ അറോറ വീടും സ്വത്തുക്കളും തട്ടിയെടുത്തപ്പോള്‍ സഹായിച്ചത് കരിം ലാലയാണെന്ന് രാകേഷ് മരിയ വെൻ ഇറ്റ് ഓൾ ബിഗൻ: ദി അൺടോൾഡ് സ്റ്റോറീസ് ഓഫ് ദി അണ്ടർവേൾഡ് എന്ന പുസ്തകത്തില്‍ പറയുന്നു.
മുംബൈയിലെ അധോലോകത്തിന്റെ കഥകള്‍ പങ്കുവയ്ക്കുന്നതാണ് കമ്മിഷണറുടെ പുസ്തകം. അക്കൂട്ടത്തിലാണ് ബോളിവുഡിലെ പ്രശസ്ത നര്‍ത്തകി എന്നറിയപ്പെട്ടിരുന്ന ഹെലനെക്കുറിച്ചും മറ്റ് താരങ്ങളെക്കുറിച്ചുമുള്ള പരാമര്‍ശം.
ഹെലൻ ഒരു ദുർബലയായ യുവതിയായിരുന്നുവെന്നും തന്റെ സ്വത്തുക്കള്‍ ഭര്‍ത്താവ് അറോറ തട്ടിയെടുക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതായി പുസ്തകത്തില്‍ പറയുന്നു. തുടര്‍ന്ന് ഹെലൻ മുതിർന്ന നടൻ ദിലീപ് കുമാറിന്റെയും എഴുത്തുകാരനും നടനുമായ സലിം ഖാന്റെയും സഹായം തേടി. ഇവരാണ് കരിം ലാലയുമായി ബന്ധപ്പെടാൻ ഹെലനോട് നിര്‍ദേശിച്ചത്. ദിലീപ് കുമാർ ആദ്യം ലാലയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഒരു കത്ത് നല്‍കി ഹെലനോട് നേരിട്ട് ചെന്ന് ലാലയെ കാണാൻ ആവശ്യപ്പെട്ടു. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്നയാളായിരുന്നു കരിം ലാലയെന്ന് ബുക്കില്‍ പറയുന്നു. ഹെലന്റെ ദുരവസ്ഥ മനസിലാക്കിയ ലാല സഹായിക്കാമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്ന് കുറച്ച് മണിക്കുറുകള്‍ക്ക് ശേഷം തന്നെ പുറത്താക്കിയ വീട്ടിലേക്ക് മടങ്ങി ചെല്ലണമെന്നും കരിം ലാല ഹെലനോട് പറഞ്ഞു. ഇതുപ്രകാരം ഹെലൻ വീട്ടിലെത്തിയപ്പോള്‍ അറോറ അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. നിമിഷം നേരംകൊണ്ട് അറോറയെ ഒഴിപ്പിച്ച് ഹെലന്റെ വീട് കരിം ലാല മടക്കി നല്‍കിയതായി കമ്മിഷണര്‍ തന്റെ ബുക്കില്‍ പറയുന്നു.
അടുത്തിടെയാണ് ബോളിവുഡ് നടി ഹെലന്‍ തന്റെ 87-ാം പിറന്നാള്‍ ആഘോഷിച്ചത്. ഹൗറ ബ്രിഡ്ജ് എന്ന ചിത്രത്തിലെ ‘മേരാ നാം ചിന്‍ ചിന്‍ ചു’ എന്ന ഗാനത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട അവരുടെ സ്വകാര്യ ജീവിതവും ഏറെ ചര്‍ച്ചയായിരുന്നു. ജപ്പാനീസ് അധിനിവേശത്തെ തുടര്‍ന്ന് അവരും കുടുംബവും മ്യാന്‍മറില്‍നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന അവരുടെ ജീവിതം മാറ്റിമറിച്ചത് ഹൗറ ബ്രിഡ്ജ് എന്ന ചിത്രത്തിലെ ഗാനമാണ്. അത് അവരെ ഒറ്റ രാത്രികൊണ്ട് പ്രശസ്തയാക്കി. തുടര്‍ന്ന് തുടര്‍ച്ചയായി നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട അവര്‍ ‘ബോളിവുഡിന്റെ കാബറേ ക്വീന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1978 ല്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന സിനിമയിലെ കാമിനി എന്ന കഥാപാത്രം അവരുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായി മാറി. 1957 ൽ, ദിൽ ദൗലത്ത് ദുനിയ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ചലച്ചിത്ര സംവിധായകൻ പ്രേം നാരായൺ അറോറയുമായി ഹെലന്റെ ആദ്യ വിവാഹം നടന്നു. 1974 ൽ അവർ അദ്ദേഹത്തെ വിവാഹമോചനം ചെയ്തു. 1981ൽ, പ്രമുഖ ബോളിവുഡ് തിരക്കഥാകൃത്തായ സലിം ഖാനെ ഹെലൻ വിവാഹം കഴിച്ചു .
ബോളിവുഡ് നടി ഹെലനെ സഹായിച്ചത് അധോലോകനായകന്‍ കരിം ലാല

