Site iconSite icon Janayugom Online

മണ്ണേ നമ്മളൊന്നായലിയുമ്പോൾ

നിനക്കും മുകളിൽ ഇത്തിരി മുൻപുവരെ
ഞാനുണക്കാൻ വിരിച്ചിട്ട നനഞ്ഞ സ്വപ്നങ്ങളുടെ
ചീതൻ മണമുണ്ടായിരുന്നു
രുചിക്കൂട്ടുകളുടെ സുഗന്ധങ്ങളിലേക്ക്
മാടി വിളിക്കുന്നൊരടുക്കള
ഒരുരുള കൂടിയെന്റെ കുട്ടിയേ
എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു
ഹെയർപിൻ വളവു കടന്നുവരുന്നൊരു
തെക്കൻകാറ്റ്
കാപ്പിപ്പൂമണമെന്റെ ജനാലയ്ക്കൽ
പാത്തുവച്ചിട്ടുണ്ടായിരുന്നു
കാടകത്തിന്റെ നനുത്ത താരാട്ടിലേക്ക്
മഞ്ഞും നിലാവും
കൂട്ടിപ്പിടിച്ചുറങ്ങാൻ കിടന്നിട്ടുണ്ടായിരുന്നു
ഇരുളിലെപ്പോഴോ പേമാരിയാർത്തു
പുൽകിയപ്പോഴാണ്
ഭൂപടത്തിൽ നിന്ന് വേരറുക്കപ്പെട്ടൊരു നാട്
പ്രാണൻ വാരിപ്പിടിച്ച് ചുരമിറങ്ങിപ്പോന്നത്
കണ്ണേയെന്നു വിളിച്ചെന്റെ
വിരലിൽ കൊരുത്തൊരമ്മച്ചൂട്
വറ്റാത്ത കണ്ണീർപ്പുഴയായൊഴുകാൻ തുടങ്ങിയതും
ഇരുളിന്റെ ഹുങ്കാരമെന്നിൽ മുറിവുകളെഴുതുമ്പോൾ
നോവുറഞ്ഞ്, പ്രാണൻ പറിച്ചെറിഞ്ഞ്,
മണ്ണേ…നീയെന്നെ കെട്ടിപ്പിടിച്ച്
മടിത്തട്ടിലുറക്കാൻ തുടങ്ങുന്നു
കാടിറങ്ങിപ്പോയൊരു വസന്തത്തിന്റെ
നിലവിളിയൊച്ച നേർത്ത താരാട്ടായൊഴുകിപ്പടരുന്നു
എന്റെ ജീവനെയെന്നോർത്തോർത്തു തേങ്ങുമ്പോൾ
നീയെന്റെ വിരൽത്തുമ്പിലേക്ക്
ഒരു തളിർത്തെയ്യിനെ വരച്ചു ചേർക്കുന്നു
ചിറകിലാകാശം തുന്നിച്ചേർത്തൊരു കിളിച്ചുണ്ട്
നിറയെ പച്ചയെന്നതിനെ ഇക്കിളി കൂട്ടുന്നു
വെയിൽച്ചില്ലകളതിന്റെ പൂക്കാലത്തിലേക്ക്
ഒരുപിടി കവിതക്കുരുന്നുകളെ പെറ്റിടുന്നു
ഒരു മണ്ണുമാന്തിക്കുമിളക്കാനാവാത്തവിധം
മണ്ണേ, നമ്മളൊന്നായലിയുമ്പോൾ
പിറവിയുടെ പൊരുളിലേക്കൊരായിരം
പച്ചത്തെകൾ മുള പൊട്ടിയുയരുന്നു

Exit mobile version