Site icon Janayugom Online

മന്ത്രിയുടെ വിജയാഘോഷ യാത്ര; വാഹനം തടഞ്ഞു, ചികിത്സകിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു

മന്ത്രിയുടെ വിജയാഘോഷത്തിനിടെ ഗതാഗതകുരുക്കിൽപെട്ട് എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്ദ്പൂർ ജില്ലയിലെ കല്യാൺദുർഗിലാണ് സംഭവം. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഉഷ ശ്രീചരണിന്‍റെ വിജയാഘോഷ യാത്ര കടന്നുപോകാനായി പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തിയത്. ഇതോടെ കുട്ടിക്ക് കൃത്യസമയത്ത് ലഭിക്കേണ്ട ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന് കുടുംബം പറയുന്നു.

പ്രതിപക്ഷ പാർട്ടികളും മന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തി രംഗത്ത് എത്തി. കുട്ടിയുടെ മരണം മന്ത്രി നടത്തിയ കൊലപാതകമാണെന്ന് അവര്‍ ആരോപിച്ചു. കുട്ടിയുടെ മാതാപിതാക്കളായ ഗണേഷും ഈശ്വരമ്മയും കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെ ആംബുലൻസ് വിളിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി അനുയായികൾ സംഘടിപ്പിച്ച ഘോഷയാത്ര മൂലം ഗതാഗതം തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് ആംബുലൻസ് എത്തിയില്ല.

പിന്നീട് ഓട്ടോയിൽ ആശുപത്രിയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഘോഷയാത്രയുടെ നിയന്ത്രണങ്ങൾ കാരണം പൊലീസ് വാഹനം തടയുകയും. ഒടുവിൽ ഇരുചക്ര വാഹനത്തിൽ കുഞ്ഞിനെ കല്യാൺദുർഗിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Summary:When the vehi­cle was stopped, the youngest child died with­out any treatment
You may also like this video

Exit mobile version