Site iconSite icon Janayugom Online

രാജ്യത്തെ വർഗീയ ഭീകരത ലോകം ചൂണ്ടിക്കാട്ടുമ്പോള്‍

രാജ്യത്തെ നെടുകയും കുറുകയും വെട്ടിമുറിക്കുന്ന പൈശാചിക കരുത്തായി വര്‍ഗീയത വളരുകയാണ്. ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചും ജനകീയ സംഹിതകള്‍ തച്ചുടച്ചും വര്‍ഗീയതയുടെ വേരുകള്‍ ആഴങ്ങള്‍ തേടുകയാണ്. മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് സമൂഹമെന്ന ഭരണഘടനാമൂല്യങ്ങളെ തകർക്കാനുള്ള തീവ്രശ്രമങ്ങളും ഇതോടൊപ്പം നടക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയിലെവിടെയും യുക്തിസഹമായ അടിത്തറയില്ലെങ്കിലും വർഗീയതയുടെ ഭീഷണസ്വരം നിലനില്‍ക്കുന്നു. സമുദായങ്ങൾ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് രാജ്യത്ത് ശക്തമായ അടിത്തറ കണ്ടെത്താനാകും. പരസ്പരം ഏറ്റുമുട്ടാന്‍ വ്യഗ്രതപ്പെടുന്ന സ്വഭാവം സമുദായ താല്പര്യങ്ങളുടെ ഭാഗമെന്ന് തീര്‍പ്പാക്കാനാകുന്നതുമല്ല. ഹിന്ദു, മുസ്ലിം കർഷകരുടെയും തൊഴിലാളികളുടെയും താല്പര്യങ്ങളില്‍ വേര്‍തിരിവില്ല എന്നപോലെ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിലുള്ള പൊതുതത്വം അന്വേഷിച്ചാല്‍ അത് സാമ്രാജ്യത്വത്തിനെതിരായതും പൊതുസാമൂഹിക താല്പര്യങ്ങള്‍ക്ക് അനുസൃതം നിലകൊള്ളുന്നതുമാണെന്ന് കണ്ടെത്താനാകും. ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ലോകം ബോധവാന്മാരാണ്. ലോക രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും റിപ്പോർട്ടുചെയ്യാനും യുഎസ് കോൺഗ്രസ് സ്ഥാപിച്ച യുഎസ് കമ്മിഷൻ ഓൺ ഇന്റർ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആർഎഫ്) പുറപ്പെടുവിച്ച പ്രത്യേക റിപ്പോർട്ടിൽ ഇന്ത്യയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. ലോകം അഹിംസാ ദിനമായി ആചരിക്കുന്ന ഒക്ടോബർ രണ്ടിന് പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ട് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിൽ തുടരുന്ന ദിവസങ്ങളുമായിരുന്നു. 

“മതസ്വാതന്ത്ര്യത്തില്‍ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമായി” ഇന്ത്യയെ രേഖപ്പെടുത്തിയിരിക്കുന്നു റിപ്പോര്‍ട്ട്. “തീവ്ര മതചിന്തകളില്‍ നയിക്കപ്പെടുന്ന ഭൂരിപക്ഷ വിഭാഗങ്ങളാല്‍ വ്യക്തികൾ കൊല്ലപ്പെടുന്നു, മ‍ൃഗീയമായി അക്രമിക്കപ്പെടുന്നു, മതനേതാക്കള്‍ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യപ്പെടുന്നു, വീടുകളും ആരാധനാലയങ്ങളും തകർക്കപ്പെടുന്നു”… റിപ്പോർട്ടിൽ പരാമർശങ്ങള്‍ നീളുകയാണ്. മതന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണങ്ങൾ വ്യാപിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതും വിദ്വേഷ പ്രസംഗം ഉൾപ്പെടെ തെറ്റായ വിവരങ്ങളുടെയും രീതികളുടെയും പ്രയോഗവും തുടരുകയാണ്. പൗരത്വ ഭേദഗതി നിയമം (സിഎഎ), ഏകീകൃത വ്യക്തിനിയമം (യുസിസി), മതപരിവർത്തന വിരുദ്ധ നിയമം, ഗോവധ നിരോധന നിയമം എന്നിവയുൾപ്പെടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടും അവരുടെ അവകാശം ഇല്ലാതാക്കാനും ലാക്കാക്കി നടത്തുന്ന ശ്രമങ്ങളെയും റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കുന്നു. മുസ്ലിങ്ങളെ ഉദ്ദേശിച്ചുള്ള വിദ്വേഷ പ്രസംഗ കേമന്മാരുടെ നിര, പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡിയില്‍ തുടങ്ങി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംഎൽഎമാർ, നിതേഷ് റാണെ, ഗീതാ ജെയിൻ, തെലങ്കാനയിലെ ടി രാജ സിങ് എന്നിങ്ങനെ നീളുന്നു.
2024 ജൂണിലെ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ നേതാക്കൾ പ്രത്യേകിച്ചും ബിജെപി നേതൃത്വം മതന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും വിവേചനപരമായ വിദ്വേഷ പ്രയോഗങ്ങളും വർധിതമായി ആവര്‍ത്തിച്ചു. ഹിന്ദു വിശ്വാസത്തെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനാണ് പ്രതിപക്ഷ പദ്ധതിയെന്നുപോലും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദുക്കൾ സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരായി കഴിയേണ്ടി വരുമെന്നും മുസ്ലിങ്ങളെ ‘നുഴഞ്ഞുകയറ്റക്കാർ’ എന്നും വിശേഷിപ്പിച്ച് വിദ്വേഷജനകമായ പദപ്രയോഗങ്ങളില്‍ മോഡി അഭിരമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മോഡിയുടെ പ്രസ്താവനകൾ ഏറ്റെടുക്കുകയും പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നടപ്പാക്കുമെന്നും പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തോത് വര്‍ധിക്കുന്നത് യുഎൻ വിദഗ്ധരുടെ ഒരു സംഘം മാർച്ച് മാസം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ചില വിഭാഗങ്ങളെ മാത്രം ലാക്കാക്കിയുള്ള അക്രമം, കവര്‍ച്ച, കൊലപാതകങ്ങൾ, എന്നിവയും വ്യക്തമാക്കിയിരുന്നു. ജനുവരി മുതൽ മാർച്ച് വരെ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരായ 161 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 47 എണ്ണം ഛത്തീസ്ഗഢിലാണ്. പള്ളികൾക്കും പ്രാർത്ഥനാ യോഗങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ മുതൽ ശാരീരികമായ കയ്യേറ്റങ്ങള്‍ വരെ പതിവായിരിക്കുന്നു. നിർബന്ധിത മതപരിവർത്തനം എന്ന് ആരോപിച്ച് നിയമക്കുരുക്കില്‍പ്പെടുത്തുന്നതിന് പ്രത്യേകം ആസൂത്രണങ്ങള്‍ നടക്കുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ജൂൺ മുതൽ ഓഗസ്റ്റ് വരെ മുസ്ലിങ്ങൾക്കെതിരെ 28 ഇടങ്ങളില്‍ ആക്രമണങ്ങളുണ്ടായി. മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ഏപ്രിലിൽ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ), സിനഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസ്, ചർച്ചസ് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ അഞ്ച് എൻജിഒകളുടെ എഫ്‌സിആർഎ ലൈസൻസുകൾ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. 2012 മുതൽ സർക്കാർ റദ്ദാക്കിയ എഫ്‌സിആർഎ രജിസ്ട്രേഷനുകൾ 20,000ത്തിലധികമാണ്. റിപ്പോര്‍ട്ടുകളോട് അമേരിക്കയിലെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നായിരുന്നു ഇന്ത്യയുടെ മറുപടി. വിദേശകാര്യ മന്ത്രാലയം യുഎസ് സിഐആർഎഫിനെ ‘രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടന’ എന്ന് വിശേഷിപ്പിച്ചു. യുഎസ് റിപ്പോർട്ട് ഉന്നയിക്കുന്ന ആരോപണങ്ങളിൽ നിന്ന് മുഖംതിരിക്കുന്നതിനു പകരം, മോഡി സർക്കാർ സ്വയം പരിശോധന നടത്തണം. ന്യൂനപക്ഷ ആരാധനാലയങ്ങൾക്കെതിരായ വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളും സംബന്ധിച്ച് യുഎസ് സ്റ്റേ
റ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിസ്ഥാനമായി ജൂണിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സമാനമായ ഒരു റിപ്പോർട്ട് പുറത്തിറക്കി. അന്നും ‘ഇന്ത്യയുടെ സാമൂഹിക ഘടനയെക്കുറിച്ച് യാതൊരു ധാരണയില്ലാത്തവര്‍ തയ്യാറാക്കിയ ഒരു കൂട്ടം തെറ്റിദ്ധാരണകൾ’ എന്നപഹസിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അത് നിരസിക്കുകയായിരുന്നു. 

Exit mobile version