Site iconSite icon Janayugom Online

മത്സ്യബന്ധനത്തിനിടയിൽ കണ്ടെയ്നറിൽ കുടുങ്ങി വീണ്ടും വല നഷ്ടമായി

മത്സ്യബന്ധനത്തിനിടെ കണ്ടെയ്നറിൽ കുടുങ്ങി മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെടുന്ന സംഭവം വീണ്ടും. തൃക്കുന്നപ്പുഴ കോട്ടേമുറിയിൽ റെജിയുടെ ഉടമസ്ഥതയിലുള്ള പമ്പാവാസൻ വള്ളത്തിന്റെ 1000 കിലോ വലയും 600 കിലോ ഈയക്കട്ടിയും റോപ്പും നഷ്ടപ്പെട്ടു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടു മുറിയിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള പാൽക്കാവടി വള്ളത്തിന് 800 കിലോ വലയും 150 കിലോ ഈയക്കട്ടിയും റോപ്പും നഷ്ടപ്പെട്ടു. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കരുതുന്നു. വലയിൽ കുടുങ്ങി കണ്ടെയ്നറിന്റെ ഭാഗങ്ങൾ തൊഴിലാളികൾക്ക് ലഭിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 20ലേറെ വള്ളങ്ങളുടെ വലയും മറ്റ് സാമഗ്രികളും ആണ് നഷ്ടപ്പെട്ടത്. കപ്പലപകടത്തിന് ശേഷം കടൽ താഴ്ന്നുകിടക്കുന്ന കണ്ടെയ്നറുകൾ മത്സ്യബന്ധനത്തിന് ഗുരുതര ഭീഷണി ഉയർത്തുന്നതായി പരാതി ശക്തമാണ്. കായംകുളം ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടുകളിൽ കണ്ടൈനറിന്റെ വലിയ ഭാഗങ്ങൾ കഴിഞ്ഞദിവസം ലഭിച്ചിരുന്നു.

Exit mobile version