ഫോണിൽ സംസാരിക്കവെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. അരുവിക്കര മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വീട്ടുകാർ യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു.
വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധുകുമാർ മദ്യപിച്ചിരുന്നു എന്നാണ് വിവരം. കേബിൾ ടിവി ജീവനക്കാരനായിരുന്നു ഇയാൾ. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു. ഊഞ്ഞാലില്‍ ഇരുന്ന് കറങ്ങുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

