Site iconSite icon Janayugom Online

ചിറകുകൾ വിടർത്തി വെള്ള വയറൻ കടൽ പരുന്ത്

ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തിന് സമീപത്തു കൂടി കാസർകോട് കളക്ടറേറ്റിലേക്ക് എത്തുന്നവരെ തന്റെ ചിറകുകൾ വിടർത്തി സ്വാഗതം ചെയ്യുകയാണ് ജില്ലയുടെ സ്വന്തം വെള്ളവയറൻ കടൽപരുന്ത്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് വൃത്തി കോൺക്ലേവിന്റെ ഭാഗമായി ഉപയോഗ ശൂന്യമായ വസ്തുക്കളുപയോഗിച്ച് വെള്ള വയറൻ കടൽപ്പരുന്തിന്റെ ശില്പം നിർമിച്ചിരിക്കുന്നത്. വെള്ളച്ചാലിയിലെ എ ജി നാരായണനാണ് ശില്പി. ഉപയോഗ ശൂന്യമായ ഇരുമ്പു കമ്പികൾ വളച്ചെടുത്താണ് പക്ഷിയുടെ ദേഹം ഉണ്ടാക്കിയത്. പഴയ ഹെൽമെറ്റാണ് പരുന്തിന്റെ തലയുടെ നിർമ്മാണത്തിനു ഉപയോഗിച്ചത്. പിവിസി പൈപ്പുകൾ ഉപയോഗിച്ച് ചുണ്ടും, പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്ന് കണ്ണുകളും ഉണ്ടാക്കി. സോപ്പുകളുടെ കവറാണ് പക്ഷിയുടെ നാക്ക് നിർമിക്കാൻ ഉപയോഗിച്ചത്. പാക്കേജിങ്ങിന് ഉപയോഗിക്കുന്ന തെർമോകോൾ ഹീലോണുകകളാണ് പരുന്തിന്റെ തൂവലുകളുടെ നിർമാണത്തിനുപയോഗിച്ചത്. 

ഏകദേശം 2000 ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് രൂപം ഒരുക്കിയത്. ഹരിത കർമ്മസേനയുടെയും പഞ്ചായത്തുകളുടെയും സഹായത്തോടെയാണ് വീടുകളിൽ നിന്ന് വേസ്റ്റ് മെറ്റീരിയലുകൾ ശേഖരിച്ചത്. മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള തീരദേശങ്ങളിൽ മാത്രം കണ്ടുവരുന്ന അപൂർവ പക്ഷിയാണ് വെള്ളവയറൻ കടൽപരുന്ത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ പക്ഷിയെ 2023 ലാണ്കാസർകോടിന്റെ ജില്ലാ പക്ഷിയായി പ്രഖ്യാപിച്ചത്. രണ്ടുദിവസത്തെ പരിശ്രമത്തിലൂടെ ഒരുക്കിയ ശില്പം കാഴ്ചക്കാർക്ക് കൗതുകമാവുകയാണ്.
നീലേശ്വരം തൈക്കടപ്പുറത്തും ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് ഒരു മത്സ്യത്തിന്റെ രൂപം നിർമ്മിച്ചിട്ടുണ്ട്. 

Exit mobile version