Site icon Janayugom Online

റോഷാക്കിലെ വൈറ്റ് റൂം ടോർച്ചർ എന്താണ്?

തിയേറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. വിദേശ രാജ്യത്ത് ജയില്‍ ശിക്ഷ അനുഭവിച്ച നായക നടനാണ് ലൂക്കയെന്ന മമ്മൂട്ടിയുടെ കഥാപാത്രം. അവിടെയാണ് ട്രെയ്‌ലറില്‍ നമ്മള്‍ കണ്ട വൈറ്റ് റൂം ടോര്‍ച്ചര്‍ കാണുന്നത്. മലയാളികള്‍ അത്ര പരിചയമില്ലാത്ത ശിക്ഷാ നടപടിയാണ് വൈറ്റ് റൂം ടോർച്ചർ. കാഴ്ച,കേള്‍വി,സ്പർശം,രുചി,മണം എന്നിവയുടെ നിരാകരണമാണ് വൈറ്റ് റൂം ടോർച്ചർ എന്ന് പറയപ്പെടുന്നത്. 

കാഴ്ച
മുറിയുടെ തറ വെളുപ്പ്, സീലിങ് വെളുപ്പ്, മുറിക്കുള്ളിലെ എല്ലാ ഫര്‍ണിച്ചറും വെളുപ്പ്. ജയില്‍പ്പുള്ളിക്ക് ധരിക്കാന്‍ നല്‍കുന്ന വസ്ത്രം വെളുപ്പ്, കഴിക്കാന്‍ നല്‍കുന്ന പാത്രവും ഭക്ഷണവും വെളുത്ത നിറത്തിലുള്ളതായിരിക്കും. റൂമിലെ ആകെയുള്ള ലൈറ്റും വെളുത്ത നിറത്തിലുള്ളതായിരിക്കും. ഒരു നിഴല്‍വീണ് പോലും മറ്റൊരു നിറം വരാതിരിക്കാന്‍ നിയോണ്‍ ട്യൂബ് ലൈറ്റുകളാണ് ഉപയോഗിക്കുക. 

ശബ്ദം
ഒരു തുള്ളി ശബ്ദം അകത്തേയ്ക്ക് കടക്കില്ല. സൗണ്ട് പ്രൂഫാണ് മുറി. കാവല്‍ക്കാരും ഗാര്‍ഡുകളും നിശബ്ദരായിരിക്കും.ശബ്ദം ഉണ്ടാക്കാത്ത പതുപതുത്ത ചെരുപ്പുകളാണ് ഗാര്‍ഡുകള്‍ക്ക് ധരിക്കാന്‍ നല്‍കുക. ജയില്‍പ്പുള്ളിക്ക് തന്റേതല്ലാത്ത മറ്റൊരു ശബ്ദവും കേള്‍ക്കാനാകില്ല.

സ്പർശം
സ്പര്‍ശനത്തിന്റെ സുഖമറിയാതിരിക്കാന്‍ റൂമിലെ മുഴുവന്‍ പ്രതലങ്ങളും മിനുസപ്പെടുത്തിയിരിക്കും. 

മണം
ഒരുതരത്തിലെ മണവും റൂമിനുള്ളില്‍ കയറ്റില്ല. കഴിക്കാന്‍ നല്‍കുന്ന ഭക്ഷണം പോലും മണമില്ലാത്തതായിരിക്കും. വസ്ത്രത്തിന് പോലും മണമുണ്ടാകില്ല. 

രുചി
വെളുത്ത നിറത്തിലുള്ള ഒരു തരത്തിലുള്ള രുചിയും ഇല്ലാത്ത ഭക്ഷണമായിരിക്കും കഴിക്കാന്‍ നല്‍കുക. ഉപ്പോ ‚മധുരമോ, ചവർപ്പോ,എരിവോ,പുളിയോ ഒന്നുമുണ്ടാകില്ല. 

രണ്ട് മാസമൊക്കെ ഈ മുറിക്കുള്ളില്‍ അകപ്പെട്ടാല്‍ ജീവച്ഛവമായി മാറും. മനുഷ്യാവകാശ നിഷേധത്തിന്‍റെ അങ്ങേയറ്റമാണിത്. ചില രാജ്യങ്ങളില്‍ കുറ്റവാളികളെ പാർപ്പിക്കുന്ന ഇത്തരം റൂമുകളെ വിളിക്കുന്നത് വൈറ്റ് റൂം ടോർച്ചർ എന്നാണ്. വ്യവസ്ഥാപിത കുരുതി.

Eng­lish Summary:White Room Tor­ture in Rorschach
You may also like this video

Exit mobile version