ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയായി. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനുമായിരുന്നു. നാളെ വോട്ടെണ്ണലിന് രാജ്യം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനം എന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്.
ഈ വര്‍ഷം ബിജെപിയെ കൂടാതെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമാണ് അധികാരത്തിനായുള്ള പോരാട്ടത്തിലുള്ളത്. 2017ലെ തെരഞ്ഞെടുപ്പിലും ആംആദ്മി മത്സരിച്ചെങ്കിലും ഇതാണ് അവരുടെ ഏറ്റവും വലിയ ഗുജറാത്ത് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഫലം അറിയാനുള്ള ആകാംഷ പോലെ തന്നെയാണ് ആംആദ്മിക്ക് ലഭിക്കുന്ന വോട്ട് വിഹിതം ആരില്‍ നിന്നായിരിക്കുമെന്നതും. ആംആദ്മിക്ക് ലഭിക്കുന്ന വോട്ട് വിഹിതത്തിന്റെ സിംഹഭാഗവും കോണ്‍ഗ്രസില്‍ നിന്നുള്ളതാണെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ആംആദ്മിയുടെ സാന്നിധ്യം ബിജെപിക്ക് കാര്യമായ നഷ്ടം ഉണ്ടാക്കില്ലെന്നും. എന്നാല്‍ ഈ എക്സിറ്റ് പോളുകളെല്ലാം സംഘടിപ്പിച്ചിരിക്കുന്നത് കേന്ദ്രസര്‍ക്കാരും ബിജെപിയും നിയമിച്ച ഏജന്‍സികളാണെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ സൂചിപ്പിക്കുന്ന കണക്ക് അനുസരിച്ച് 2017ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന് നഷ്ടമാകുന്ന വോട്ട് വിഹിതം ആംആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതില്‍ നിന്നും അധികമായി ലഭിക്കുന്ന വോട്ടു വിഹിതത്തിന് തുല്യമാണ്. 182 സീറ്റുകളാണ് ഗുജറാത്തില്‍ ആകെയുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ട മാജിക് നമ്പര്‍ 92ഉം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റാണ് ലഭിച്ചത്. 2012ലെ തെരഞ്ഞെടുപ്പില്‍ ഇത് 115ഉം. നഷ്ടപ്പെട്ട ആ പതിനാറ് സീറ്റുകളും കോണ്‍ഗ്രസിനാണ് ലഭിച്ചത്. 2017ല്‍ അവര്‍ക്ക് 77 സീറ്റുകളാണ് ലഭിച്ചത്. വോട്ട് വിഹിതത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നേട്ടമുണ്ടാക്കാനായി. 1.15 ശതമാനവും 2.57 ശതമാനവും വീതം അധികം വോട്ടുകള്‍ നേടിയ ഇരു പാര്‍ട്ടികളുടെയും ആകെ വോട്ട് വിഹിതം 49.05 ശതമാനവും 41.44 ശതമാനവും വീതമായിരുന്നു.
2022ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 117 മുതല്‍ 140 വരെ സീറ്റുകള്‍ നേടുമെന്നാണ് ജന്‍ കി ബാത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് 34 മുതല്‍ 51 വരെയും ആംആദ്മി ആറ് മുതല്‍ 13 വരെയും. സിവോട്ടറിന്റെ കണക്കുകള്‍ അനുസരിച്ച് ബിജെപിക്ക് 128 മുതല്‍ 140 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് 31 മുതല്‍ 43 വരെയും ആംആദ്മിക്ക് മൂന്ന് മുതല്‍ 11 വരെയും സീറ്റുകള്‍ ലഭിക്കും. ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകള്‍ അനുസരിച്ച് ബിജെപി 129–151, കോണ്‍ഗ്രസ് 16–30, ആംആദ്മി 9–21. പിഎംഎആര്‍ക്യൂ കണക്കുകള്‍ അനുസരിച്ച് ബിജെപി 128–148, കോണ്‍ഗ്രസ് 30–42, ആംആദ്മി 2–10. ഇടിജി കണക്കുകളില്‍ ബിജെപി 139, കോണ്‍ഗ്രസ് 30, ആംആദ്മി 11. ടിവി9 കണക്കുകളില്‍ പറയുന്നത് ബിജെപി 125–130ഉം, കോണ്‍ഗ്രസ് 40–50ഉം, ആംആദ്മി 3–5ഉം എന്നും. ഈ കണക്കുകളില്‍ തന്നെ ആംആദ്മിക്ക് നേട്ടമുണ്ടാകുമ്പോള്‍ കോണ്‍ഗ്രസിനാണ് നഷ്ടമുണ്ടാകുന്നതെന്നും ബിജെപിയെ അത് ബാധിക്കുന്നില്ലെന്നും കാണാം.
വോട്ട് വിഹിതത്തില്‍ ബിജെപിക്ക് നേരിയ കുറവുണ്ടാകുന്നുണ്ടെങ്കിലും വലിയ നഷ്ടം സംഭവിക്കുന്നത് കോണ്‍ഗ്രസിനാണ്. 0.1 ശതമാനം മാത്രമായിരുന്നു 29 സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരിപ്പിച്ച 2017ലെ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ വോട്ട് വിഹിതം. 12–19, 15, 15.4, 24.2 ശതമാനം വീതം വോട്ട് വിഹിതമാണ് ഓരോ ഏജന്‍സികളും പറയുന്നത്. ബിജെപിക്ക് കുറയുന്ന വോട്ട് വിഹിതമാകട്ടെ 0.1–5.1, 0.1, 3.1, 0.9, 2.4 ശതമാനങ്ങള്‍ വീതം മാത്രം കുറയുമെന്നാണ് മുകളില്‍ പറഞ്ഞ ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് കുറയുന്നത് 9.4–13.4, 8.4, 15.4 8.8, 18 ശതമാനം വീതം വോട്ടുകള്‍ കുറയുന്നുണ്ട്. ഈ കണക്കുകളാണ് ആംആദ്മി സാന്നിധ്യം ബിജെപിക്കല്ല കോണ്‍ഗ്രസിനാണ് ദോഷം ചെയ്യുകയെന്നതിന്റെ അടിസ്ഥാനം. എന്നാല്‍ ബിജെപി സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എക്സിറ്റ് പോള്‍ ഏജന്‍സികളാണ് ഇവയെന്നതിനാല്‍ ഈ കണക്കുകളില്‍ എത്രമാത്രം വിശ്വാസ്യതയുണ്ടെന്നത് സംശയമാണ്.
ഈ ഏജന്‍സികളെല്ലാം 2012ലും 2017ലും എക്സിറ്റ് പോളുകള്‍ നടത്തുകയും ഫലം പുറത്തുവിടുകയും ചെയ്തതാണ്. 2017ലെ തെരഞ്ഞെടുപ്പില്‍ ആക്സിസ് മൈഇന്ത്യയുടെ കണക്കുകള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ശരിയായത്. ബിജെപിക്ക് 99 മുതല്‍ 113 വരെ സീറ്റുകളും കോണ്‍ഗ്രസിന് 68 മുതല്‍ 82 വരെ സീറ്റുകളുമാണ് അവര്‍ പറഞ്ഞത്. യഥാര്‍ത്ഥ ഫലം 99ഉം 77ഉം ആയി. മറ്റുള്ളവരുടെ കണക്കുകളൊന്നും അടുത്ത് പോലും എത്തിയതുമില്ല. കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ സിവോട്ടര്‍ പറഞ്ഞതും ഏകദേശം അടുത്തു വന്നു. 74 സീറ്റുകള്‍ ആണ് അവര്‍ പറഞ്ഞത്. 2012ലെ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഏജന്‍സികളുടെ കണക്കുകള്‍ ഏകദേശം അടുത്ത് വന്നിരുന്നു. എന്നാല്‍ ബിജെപിക്ക് 140 സീറ്റുകള്‍ കിട്ടുമെന്ന് വരെ പ്രവചിച്ച ഏജന്‍സികളും ഉണ്ടായിരുന്നു. യഥാര്‍ത്ഥ ഫലം വന്നപ്പോള്‍ ബിജെപിക്ക് 126ഉം കോണ്‍ഗ്രസിന് 61ഉം ആയിരുന്നു സീറ്റുകള്‍.
ഈ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ പ്രതിഫലിക്കുക വികസനം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം, അഴിമതി എന്നിവയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷെ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അത്തരമൊരു വികാരം കാണുന്നില്ല. അഴിമതിക്കും വിലക്കയറ്റത്തിനും എതിരെ ആദ്യത്തെ ജനകീയ പ്രക്ഷോഭം നടന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. 1974ല്‍ നവ നിര്‍മ്മാണ്‍ ആന്ദോളന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ പുറത്തായി. അതുകൊണ്ട് തന്നെ എക്സിറ്റ് പോളിലൊന്നും യാതൊരു കാര്യവുമില്ലെന്നും പറയാം. എന്തായാലും യഥാര്‍ത്ഥ ജനവിധി അറിയാൻ നാളെ വരെ കാത്തിരിക്കാം.
English Summery: Who Gained Aam Admi Party’s Vote Share in Gujarat Election
You May Also Like this Video