Site iconSite icon Janayugom Online

പല വഴികളിൽ കണ്ടുമുട്ടുന്നവർ

ല വഴികളിൽ
ചില നേരങ്ങളിൽ
കണ്ടുമുട്ടുന്ന
ചിലരുണ്ട്
പരിചയമില്ലെങ്കിലും
വിശേഷങ്ങൾ തിരക്കുന്നവർ
വിവിധ വിഷയങ്ങൾ
ചൊല്ലി
ചേർത്തു നിർത്തുന്നവർ
പിണങ്ങി നിൽക്കുന്നവർ
ഇടക്ക്
കാണാതാകുന്നവർ
പിന്നെ,
യാദൃച്ഛികമായി
പ്രത്യക്ഷപ്പെടുന്നയാൾ
താടിയും മുടിയും
വെട്ടി സുന്ദരനാകുന്ന
ആൾ
പാവാടയിൽ നിന്നും
സാരിയിലേക്ക് മാറി
വീണ്ടും
സുന്ദരിയാകുന്ന
ഒരാൾ
അതിലൊരാളെ
ഇന്ന് കണ്ടുമുട്ടി
ഭിത്തിയിലും
വൈദ്യുത തൂണിലും
ചിരിച്ചു കൊണ്ട്
ഒരു ചിത്രമായി
അയാൾ
എന്നോട് എന്തോ
പറയുന്നുണ്ടായിരുന്നു
ഇന്നലെ,
തൊട്ടടുത്ത്
തോളിൽ കൈ ചേർത്ത്
ചിരിച്ചു നിന്നവൻ
പേരില്ലാത്തവൻ
അല്ല
എന്നോട്, ചോദിക്കാതെ
പറയാതെ
മിണ്ടിയോൻ
ഭിത്തിയിൽ
നിന്നും നൂണ്ട് നിവർന്ന്
പകച്ചു നിൽക്കുന്ന
മുഖവുമായി
വീണ്ടും മുന്നിൽ
സുഹൃത്തേ,

ഭിത്തിയിൽ
നിനക്കായി ഒരിടം ഉണ്ട്
കാത്തിരിക്കണേ
വെയിലേറ്റ്
മഴയേറ്റ്
മാഞ്ഞുപോകുന്ന
മുഖങ്ങളിൽ
ഞാനും
പല വഴികളിൽ
തിരിഞ്ഞു പോയവർ
ഒരു വഴിയിൽ
ഒത്തുചേരുന്നു
ചങ്ങാതി
അല്ല; പ്രിയപെട്ടവൻ
ഇപ്പോൾ
തെരുവോരത്തെ
ഭിത്തിയിൽ
നമ്മളിരുവരും
ഒരു ചിത്രമായി
രണ്ടു മുഖങ്ങൾ

Exit mobile version