Site iconSite icon Janayugom Online

മൊത്ത വില പണപ്പെരുപ്പം റെക്കോഡില്‍

മൊത്ത വിലയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം റെക്കോഡില്‍. മേയ് മാസത്തില്‍ മൊത്തവില പണപ്പെരുപ്പം 15.88 ശതമാനമായി ഉയര്‍ന്നു. പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ 15.08 ശതമാനമായിരുന്നു പണപ്പെരുപ്പം. കഴിഞ്ഞ വര്‍ഷം മേയില്‍ 13.11 ശതമാനമായിരുന്നു പണപെരുപ്പം രേഖപ്പെടുത്തിയിരുന്നത്.

തുടര്‍ച്ചയായ 14 മാസങ്ങളിലായി മൊത്തവില പണപ്പെരുപ്പം ഇരട്ട അക്കങ്ങളിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മേയ് മാസത്തിലെ ഭക്ഷ്യോല്പന്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 12.34 ശതമാനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട രേഖയില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സമാന കാലയളവില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വന്‍ വില വര്‍ധനവാണ് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലുണ്ടായത്. ധാതു എണ്ണകള്‍. ക്രൂഡോയില്‍, പ്രകൃതി വാതകം, ഭക്ഷ്യോല്പന്നങ്ങള്‍, അടിസ്ഥാന ലോഹങ്ങള്‍, ഭക്ഷ്യേതര ഉല്പന്നങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയുടെ വിലയിലുണ്ടായ വര്‍ധനവാണ് പണപ്പെരുപ്പം കുതിച്ചുയരാന്‍ കാരണമായതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ പണപ്പെരുപ്പം മേയ് മാസത്തില്‍ 7.04 ശതമാനമായി കുറഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട രേഖകളില്‍ പറയുന്നത്. ഏപ്രില്‍ മാസത്തിലെ ചില്ലറ പണപ്പെരുപ്പം 7.79 ശതമാനമായിരുന്നു.

എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്.

Eng­lish Sum­ma­ry: Whole­sale price infla­tion hits record high

You may like this video also

Exit mobile version