രാജ്യത്ത് മൊത്തവില അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം തുടർച്ചയായി നാലാം മാസവും ഉയർന്നു. ജൂണിൽ 3.36 ശതമാനം രേഖപ്പെടുത്തി 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പച്ചക്കറിയുൾപ്പെടെ ഭക്ഷ്യോല്പന്നങ്ങളുടെ വിലക്കയറ്റമാണ് നാണയപ്പെരുപ്പത്തിൽ വർധനവിന് കാരണമായതെന്ന് വാണിജ്യ‑വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
മൊത്തവില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം മേയിൽ 2.61 ശതമാനമായിരുന്നു. മേയ് മാസത്തിലെ 9.82 ശതമാനത്തിൽ നിന്ന് ജൂണിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 10.87 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 38.76 ശതമാനം രേഖപ്പെടുത്തി. ഉള്ളി വില 93.35 ശതമാനവും ഉരുളക്കിഴങ്ങിന്റെ വില 66.37 ശതമാനവും ഉയര്‍ന്നു. പയറുവർഗങ്ങളുടെ പണപ്പെരുപ്പം ജൂണിൽ 21.64 ശതമാനവും രേഖപ്പെടുത്തിയതായി പ്രസ്താവന വ്യക്തമാക്കുന്നു.
രാജ്യത്ത് ചില്ലറ വില പണപ്പെരുപ്പവും ജൂണില്‍ കുത്തനെ ഉയര്‍ന്നതായി കഴിഞ്ഞദിവസം കണക്കുകള്‍ പുറത്തുവന്നിരുന്നു. ജൂണിലെ പണപ്പെരുപ്പം 5.08 ശതമാനമാണ് രേഖപ്പെടുത്തിയത്. മേയില്‍ ഇത് 4.8 ശതമാനമായിരുന്നു. മേയില്‍ 5.34 ശതമാനമായിരുന്ന ഗ്രാമീണ പണപ്പെരുപ്പം ജൂണില്‍ 5.66 ശതമാനത്തിലെത്തി. അതേസമയം നഗരങ്ങളില്‍ 4.39 ശതമാനമാണ്. മേയില്‍ ഇത് 4.21 ശതമാനമായിരുന്നു.
ഭക്ഷ്യോല്പന്നങ്ങളുടെ വില ജൂണിൽ 9.55 ശതമാനം ഉയർന്നിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം എട്ട് ശതമാനത്തിലധികം രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ എട്ടാമത്തെ മാസമാണ് ജൂണ്‍. ചില്ലറവില പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയാണ് റിസര്‍വ് ബാങ്ക് പണനയം രൂപീകരിക്കുക. 2022 മേയ് മുതൽ പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി റിപ്പോ നിരക്ക് മൊത്തം 250 ബേസിസ് പോയിന്റ് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കാര്യമായ ഫലപ്രാപ്തി ഉണ്ടായിട്ടില്ലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
English Summary: Wholesale price inflation rebounded; At a 16-month high
You may also like this video