Site iconSite icon Janayugom Online

മൊത്തവില പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 14.55 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ 13.11 നിരക്കിലായിരുന്ന പണപ്പെരുപ്പം മാര്‍ച്ചില്‍ 14.55 ആയി. പച്ചക്കറി വിലപ്പെരുപ്പത്തില്‍ കഴിഞ്ഞ മാസം നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ക്രൂഡ് ഓയില്‍, വൈദ്യുതി, അവശ്യസാധനങ്ങള്‍ എന്നിവ ഉയര്‍ന്ന വിലപ്പെരുപ്പമാണ് രേഖപ്പെടുത്തിയത്. ക്രൂഡ്, പെട്രോളിയം ഉല്പന്നങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 55.17 ശതമാനത്തില്‍ നിന്ന് കുത്തനെ ഉയര്‍ന്ന് 83.56 ശതമാനമായി. മറ്റ് മേഖലകളില്‍, അടിസ്ഥാന സാധനങ്ങളുടെ പണപ്പെരുപ്പ നിരക്ക് 13.39ല്‍ നിന്ന് 15.54 ശതമാനമായും നിര്‍മ്മിത ഉല്പന്നങ്ങളുടെ നിരക്ക് 9.84 ല്‍ നിന്ന് 10.71 ശതമാനമായും ചരക്ക് സൂചിക 2.69 ശതമാനമായും വര്‍ധിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്ത പണപ്പെരുപ്പ നിരക്ക് നേരത്തെ കണക്കാക്കിയതിനേക്കാള്‍ കൂടുതലാണ്. 13.30 ശതമാനമായി ഉയരുമെന്നായിരുന്നു പ്രവചനം. ഫെബ്രുവരിയില്‍ പച്ചക്കറി വില 26.93 ശതമാനമായിരുന്നെങ്കില്‍ മാര്‍ച്ചില്‍ 19.88 ശതമാനമായി കുറഞ്ഞു. മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ തോത് 8.19ല്‍ നിന്ന് 8.06 ആയും കുറഞ്ഞു. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും പണപ്പെരുപ്പം ഫെബ്രുവരിയിലെ 31.50 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 34.52 ശതമാനമായി ഉയര്‍ന്നു.

മൊത്തവിലപ്പെരുപ്പത്തിന്റെ കണക്ക് കഴിഞ്ഞ 12 മാസമായി ഇരട്ട അക്കത്തില്‍ തുടരുകയാണ്. ഇതോടൊപ്പം, മാര്‍ച്ച് മാസത്തിലെ മൊത്ത പണപ്പെരുപ്പത്തിന്റെ തോത് 2021 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2022 മാര്‍ച്ചില്‍ റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം മൂലം ഉണ്ടായ ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish summary;Wholesale price infla­tion rose sharply

You may also like this video;

Exit mobile version