സിനിമാപ്രചരണവുമായി ബന്ധപ്പെട്ട് അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലേക്ക് കടന്നുവരുമ്പോൾ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകൻ സകരിയയും അണിയറ പ്രവർത്തകരും പ്രതീക്ഷിച്ചത്. എന്നാൽ,ഒരുപാട് ചോദ്യങ്ങളുമായാണ് വിദ്യാർഥികൾ അവരെ സ്വീകരിച്ചത്. മോമോ ഇൻ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകർപ്പൻ ചോദ്യങ്ങൾ ഉയർന്നത്.
“ഇപ്പോൾ യുഎഇയിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം?” “കുട്ടികൾക്ക് വേണ്ടി മാത്രമായി ഇങ്ങനയൊരു ചിത്രം നിർമിച്ചതിന്റെ ഉദ്ദേശം?” “എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത് ?” “ഞങ്ങൾക്കും അഭിനയിക്കണം, അതിനു ഞങ്ങൾ എങ്ങിനെയാണ് തയ്യാറാകേണ്ടത്?” “കുട്ടികൾക്കായി ഒരുപാട് സിനിമകൾ ഇറങ്ങുന്നതുണ്ടല്ലോ, ഈ സിനിമക്കിപ്പോ എന്താ പ്രത്യേകത?” — എന്നിങ്ങനെ സകല മേഖലകളെ കുറിച്ചും അജ്‌മാൻ അൽ ജർഫ് ഹാബിറ്റാറ് സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളുണ്ടായിരുന്നു. 360 റേഡിയോ ആണ് കുട്ടികളിലെ മുഖാമുഖത്തിനുള്ള കഴിവ് പ്രകടിപ്പിക്കാൻ അവസരമൊരുക്കിയത്.
യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നെടുത്തതാണ് മോമോ ഇന്‍ ദുബൈ എന്ന സിനിമയുടെ കഥയെന്ന് നിര്‍മാതാവ് സകരിയ മറുപടിയായി പറഞ്ഞു . നിങ്ങളെപ്പോലെയുള്ള കുട്ടികളുടെ കഥയാണ്. കുട്ടികളിടെ കൗതുകങ്ങളും ചിന്തകളുമാണ് സിനിമ പറയുന്നത്. വര്‍ഷങ്ങളായി അബുദബിയില്‍ ജോലി ചെയ്യുന്ന സംവിധായകന്റെ മുന്നില്‍ വന്നൊരു അനുഭവമം സിനിമയാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പഠിക്കുക എന്നതിനാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനമെന്ന് ചിത്രത്തില്‍ പ്രധാന കഥാപാത്രമായ മോമോയെ അവതരിപ്പിച്ച് ആത്രയ് ബൈജുരാജ് പറഞ്ഞു. പഠനത്തിനൊപ്പം താല്പര്യങ്ങളെയും മുറുകെപ്പിടിച്ച് മുന്നോട്ട് കൊണ്ടുപോകണം. എങ്കിലേ അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളു എന്നും ആത്രയ് പറഞ്ഞു. സിനിമയുടെ കഥാപശ്ചാത്തലം യുഎഇ ആയതിനാലാണ് സിനിമ ഇവിടെ യുഎയില്‍ തന്നെ ചിത്രീകരിച്ചതെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുത്തരമായി കിട്ടിയത്. 1500 ല്‍ അധികം പേരില്‍ നിന്നാണ് ചിത്രത്തിലേക്ക് ബാലതാരങ്ങളെ തെരഞ്ഞെടുത്തതെന്ന് സംവിധാകയന്‍ അമീന്‍ അസ്ലം ഒരു ചോദ്യത്തിനു ഉത്തരമായി പറഞ്ഞു. സിനിമ താരം അനീഷ് ജി മേനോനും ഏറെ നേരം കുട്ടികളോട് സംവദിച്ചു.
360 റേഡിയോ പ്രോഗ്രാം ഡയറക്ടർ ബിഞ്ചു കൊച്ചുണ്ണി പരിപാടികൾ നിയന്ത്രിച്ചു. പഠനത്തിനു പുറമെ കുട്ടികളിലെ കലാ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചോദ്യങ്ങൾ ചോദിക്കാനുള്ള ആത്മവിശ്വാസം വർധിപ്പിക്കാനുമാണ് ഇതുപോലെ ഉള്ള വേദികൾ സ്കൂളിലും ഒരുക്കുന്നത് എന്ന് സ്കൂൾ പ്രിൻസിപ്പൽ ബാലറെഡ്ഢി അമ്പാട്ടി പറഞ്ഞു.