Site iconSite icon Janayugom Online

ജൈന സംഘടനകളോട് ഹൈക്കോടതി മറ്റുള്ളവരുടെ അവകാശത്തില്‍ കടന്നു കയറുന്നതെന്തിന്?

മാധ്യമങ്ങളില്‍ മാംസം, മാംസ്യ ഉല്പന്നങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജൈനമത ചാരിറ്റബിള്‍ ട്രസ്റ്റുകളെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഇത്തരം പരസ്യങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ട്രസ്റ്റുകളും മുംബൈ സ്വദേശിയായ ജൈനമത വിശ്വാസിയുമാണ് കോടതിയെ സമീപിച്ചത്. മറ്റുള്ളവരുടെ അവകാശത്തില്‍ കടന്നു കയറുന്നതെന്തിനാണെന്ന് ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വിഷയം നിയമസഭയുടെ പരിധിയിൽ വരുന്നതാണെന്നും നിരോധനം ഏർപ്പെടുത്തുന്ന നിയമങ്ങള്‍ രൂപപ്പെടുത്താൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് മാധവ് ജംധാര്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ഇത്തരമൊരു പരസ്യം വരുമ്പോൾ ടെലിവിഷൻ ഓഫ് ചെയ്യാനുള്ള സൗകര്യം ഒരു സാധാരണക്കാരന് ഉണ്ടെങ്കിലും, വിഷയം നിയമപരമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികളടക്കമുള്ള തങ്ങളുടെ കുടുംബാംഗങ്ങള്‍ ഇത്തരത്തിലുളള പരസ്യങ്ങള്‍ കാണുന്നതിന് നിര്‍ബന്ധിതരാകുന്നു എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇത് സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുകയും കുട്ടികളുടെ മനസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം ഈ വാദങ്ങളെ ഹൈക്കോടതി ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. ഭരണഘടനയുടെ 19-ാം അനുച്ഛേദം എങ്ങനെ ലംഘിക്കാനാകുമെന്ന് ചോദിച്ച കോടതി മറ്റുള്ളവരുടെ അവകാശത്തില്‍ കടന്നു കയറുന്നതെന്തിനാണെന്നും ആരാഞ്ഞു. മറ്റ് ഹൈക്കോടതികളുടെ പ്രസക്തമായ ഉത്തരവുകൾ സമർപ്പിക്കുന്നതിന് ഹർജിയിൽ ഭേദഗതി വരുത്തണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹർജി പിൻവലിച്ച് പുതിയ ഹർജി സമർപ്പിക്കാൻ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Why are you seek­ing to encroach on oth­ers’ rights
You may also like this video

Exit mobile version