Site icon Janayugom Online

ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എന്തിനാണ്: ഡോ. എം കെ മുനീര്‍

വീണ്ടും വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണെന്ന് ഡോ. എം കെ മുനീര്‍ ചോദിച്ചു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോയെന്നും മുനീര്‍ ചോദിച്ചു.

വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും മുനീര്‍ പറഞ്ഞു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയില്‍ മുനീര്‍ ചോദിച്ചിരുന്നു. പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ചചെയ്യാന്‍ വെച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ.

മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?’, മുനീര്‍ ചോദിക്കുന്നു. മുസ്ലിം ലീഗും എംഎസ്എഫും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രസ്ഥാനങ്ങളാണെന്നും മുനീര്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്.

Eng­lish sum­ma­ry; Why POCSO case if boys and adults have sex: Dr MK Muneer
You may also like this video;

Exit mobile version