Site iconSite icon Janayugom Online

പഠന മോഹികള്‍ ഉക്രെയ്നിലേക്ക്; വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം കഴിയുന്ന കുട്ടികള്‍ ഇന്ത്യയില്‍ യോഗ്യതാപരീക്ഷ ജയിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി

doctorsdoctors

നീറ്റ് യോഗ്യത നേടാന്‍ കഴിയാത്തതും സാമ്പത്തികമായ പ്രയാസങ്ങളും ഡോക്ടറാകണമെന്ന മോഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ അവര്‍ ആശ്വാസം കണ്ടെത്തിയത് ഉക്രെയ്‍നിലെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം തരപ്പെടുത്തിയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പതിനായിരക്കണക്കിനു കുട്ടികളാണ് ഇവിടെ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലും വിദേശങ്ങളിലുമായി ആതുരസേവനം നടത്തുന്നത്. പ്രതീക്ഷയുടെ ചിറകുകള്‍ വിടര്‍ത്തി പറന്ന ആയിരക്കണക്കിനു കുട്ടികള്‍ ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ പ്രാണഭയത്തില്‍ അകപ്പെട്ടപ്പോഴാണ് ഇത്രയുംപേര്‍ പ്രതിവര്‍ഷം ഉക്രെയ്‍നിലും റഷ്യയിലുമൊക്കെയായി മെഡിക്കല്‍ പഠനത്തിനുപോകുന്ന കാര്യം സമൂഹം തിരിച്ചറിയുന്നത്.

മെഡിസിന്‍ പഠനത്തോടുള്ള മലയാളികളുടെ വര്‍ധിച്ച താല്പര്യമാണ് വലിയ തോതില്‍ വിദ്യാര്‍ത്ഥികളെ ഉക്രെയ്‍നടക്കമുള്ള നാടുകളില്‍ എത്തിച്ചത്. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാന്‍ താരതമ്യേന ചെലവു കുറവാണ്. ഇന്ത്യയിലെയും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെയും മെഡിക്കല്‍ പഠനവുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കേണ്ട പ്രവേശന പരീക്ഷകളും കടമ്പകളും ഈ രാജ്യങ്ങളില്‍ ആവശ്യമില്ല. ഏതാണ്ട് 30 ലക്ഷത്തോളം രൂപയുണ്ടെങ്കില്‍ നന്നായി പഠിച്ചാല്‍ എംബിബിഎസ് സര്‍ട്ടിഫിക്കറ്റുമായി നാട്ടിലെത്താം. ഇവര്‍ ഇന്ത്യയിലെത്തിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ നേടേണ്ടതുണ്ട്.
എഫ്എംജി(ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്സാം)പരീക്ഷ വിജയിച്ചാല്‍ മാത്രമേ ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിലെ എംബിബിഎസ് ബിരുദധാരികള്‍ക്ക് ഇന്ത്യയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ കഴിയൂ. ഈ കടമ്പ കടുത്തതാണെങ്കിലും വരുന്ന വഴിക്ക് കാണാം എന്ന മട്ടില്‍ ഡോക്ടറാവാനുള്ള മോഹം മൂലം എങ്ങിനെയെങ്കിലും ഉക്രെയ്ന്‍, റഷ്യ, ചൈന, ജോര്‍ജിയ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജില്‍ പ്രവേശനം ഉറപ്പിക്കുന്നു. പ്രതിവര്‍ഷം മൂന്ന്ആറ് ലക്ഷം രൂപയുണ്ടെങ്കില്‍ ഇവിടങ്ങളില്‍ മികച്ച പഠനം സാധ്യമാവുകയും ചെയ്യും. ഇത് ഇന്ത്യയിലെ മെഡിക്കല്‍ പഠന ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒട്ടും കൂടുതലുമല്ല. മെഡിസിന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ബിരുദ, ബിരുദാനന്തര സ്പെഷ്യലൈസേഷനുകള്‍ ഉള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഉക്രെയ്ന്‍.

ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ ഉക്രെയ്‍നിലെ ചില സര്‍ക്കാര്‍ സര്‍വകലാശാലകള്‍ പ്രശസ്തമാണ്. ലോകാരോഗ്യ സംഘടനയും യുനെസ്‌കോയും ഇന്ത്യന്‍ റെഗുലേറ്ററി ബോഡികളും അംഗീകാരം നല്‍കിയിട്ടുള്ള കോളജുകളാണ് ഇവിടെയുള്ളത്. അത്തരം കോളജുകളില്‍ പ്രവേശനം നേടുന്നതിന് മുമ്പ്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങിയാല്‍ മാത്രം മതി.
2020ല്‍ ലഭ്യമായ വിവരം അനുസരിച്ച്, ഉക്രെയ്‍നിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 25 ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഉക്രെയ്നിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉക്രെയ്‍നിലുണ്ട്. അതായത് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തിന് മുകളിലും മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ്.

അതേസമയം വിദേശത്തു മെഡിസിൻ പഠിക്കുന്ന 90 ശതമാനം ഇന്ത്യൻ വിദ്യാർഥികളും ഇന്ത്യയിൽ യോഗ്യതാ പരീക്ഷയിൽ പരാജയപ്പെടുകയാണെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. എന്നിരുന്നാലും, എന്തുകൊണ്ടാണ് വിദ്യാർഥികൾ മെഡിസിൻ പഠിക്കാൻ വിദേശത്തേക്കു പോകുന്നത് എന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഇതു ശരിയായ സമയമല്ലെന്നും പാർലമെന്‍ററി കാര്യമന്ത്രി ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. വിദേശത്തു മെഡിക്കൽ ബിരുദം നേടുന്നവർ ഇന്ത്യയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിനു ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ (എഫ്എംജിഇ) എഴുതി ജയിക്കണം. എന്നാൽ, പുറത്തു പഠിച്ചെത്തുന്ന ബഹുഭൂരിപക്ഷവും ഈ പരീക്ഷയിൽ പരാജയപ്പെടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ആയിരക്കണക്കിന് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ജോഷിയുടെ വിവാദ അഭിപ്രായ പ്രകടനം.

Eng­lish Sum­ma­ry: Why study aspi­rants go to Ukraine; Union Min­is­ter says stu­dents who have med­ical edu­ca­tion abroad do not pass the qual­i­fy­ing exam­i­na­tion in India

 

You may like this video also

Exit mobile version