Site iconSite icon Janayugom Online

ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം

വേനല്‍മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം.
ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും മല്ലപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണ് ഏറെ ദുരിതം ഉണ്ടായത്. വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂര കാറ്റിൽ പറന്നുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടം ഉണ്ടായി.ചുങ്കപ്പാറ — ചാലാപ്പള്ളി റോഡിൽ പെരുമ്പെട്ടി സെന്റ് ജോർജ് ഹൈസ്കൂളിന് സമീപം സർബത്ത് നടത്തുന്ന മധുവിന്റെ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര കാറ്റിൽ പൂർണ്ണമായും തകർന്നു. കടയിലെ വൈദ്യുതോപകരണങ്ങൾക്കും കേടുപാടി ഉണ്ടായിട്ടുണ്ട്. സമീപത്തെ റേഷൻകടയുടെ മേൽക്കൂരയുടെ ഒരു ഭാഗത്തെ ഓട് കാറ്റിൽ പറന്നുപോയി. 

മുഹിയദ്ദീൻ പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. പാടിമൺ — കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ കല്ലേലിപ്പടിക്കു സമീപം മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഊട്ടുകുളം റോഡിലും മരം വീണു. വിവിധ സ്ഥലങ്ങളിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് തകരാറിലായ വൈദ്യുതി ബന്ധം ഏറെ വൈകിയും പുനസ്ഥാപിച്ചിട്ടില്ല. കണമുക്ക് ‑വാഴക്കുന്നം റോഡിൽ കാട്ടൂർപേട്ട പുത്തൻ പള്ളിക്ക് സമീപം ട്രാൻസ്ഫോർമറിന് മുകളിലേക്ക് റബ്ബർമരം ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധം പ്രദേശത്ത് താറുമാറായി. മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ്. കാറ്റിൽ മരം വീണ് നിരവധി വൈദ്യുതി തൂണുകൾ ഒടിഞ്ഞു നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രുപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിവരം. വ്യാപക തോതിൽ കൃഷിനശിച്ചതായും റിപ്പോർട്ടുണ്ട്. നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കെടുപ്പുകൾ പൂർത്തിയായി വരുന്നതേയുള്ളു. 

Exit mobile version