Site iconSite icon Janayugom Online

കെഎസ് ചിത്രയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

K S ChithraK S Chithra

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിവസം എല്ലാവരും നാമം ജപിക്കണമെന്ന പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ലെന്ന് എഴുത്തുകാരി ഇന്ദുമേനോൻ ഫേസ് ബുക്കിൽ കുറിച്ചു. അഞ്ചല്ല അഞ്ചുലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസിൽ വെളിച്ചം നിറയാനും പോകുന്നില്ല. 

കുയിൽ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത്, എന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു. ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ നടപ്പിലാക്കിയാൽ മതിയെന്നും ഇന്ദു മേനോൻ പ്രതികരിച്ചു. ചിത്രയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ഇഷ്ടമുള്ള പക്ഷത്ത് നിൽക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. മനുഷ്യഹത്യയും വംശീയോന്മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവല്‍ക്കരിക്കുന്നത് നിഷ്കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്. 

ക്ലാസിക് കലകൾക്കൊപ്പം നിൽക്കുന്നവർ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീർത്തനങ്ങൾ പാടുകയും പദങ്ങൾ പഠിക്കുകയും ചെയ്യുമായിരിക്കും. അതിനർത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നിൽക്കുക എന്നതല്ല. നിങ്ങൾ നിഷ്കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യർ കൊല്ലപ്പെടുക തന്നെ ചെയ്യുമെന്നും ഇന്ദു മേനോൻ വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് കെ എസ് ചിത്ര വീഡിയോയിൽ പറയുന്നത്. 

Eng­lish Sum­ma­ry: Wide­spread protest against KS Chi­tra’s reference

You may also like this video

Exit mobile version