ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ (എൻഇപി) ദേശീയതലത്തിൽ പ്രതിഷേധം വ്യാപിക്കുന്നു. നയത്തിനെതിരെ രാജ്യവ്യാപകമായി 50 ദിവസത്തെ ക്യാമ്പയിന് ദേശീയതലസ്ഥാനത്ത് തുടക്കമായി.
പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ ആരംഭിച്ച ക്യാമ്പയിനിൽ 150 ലേറെ വിദ്യാർത്ഥികളും അധ്യാപകരും സാംസ്കാരികനായകരും പങ്കെടുത്തു.
വിദ്യാഭ്യാസരംഗത്ത് പാർശ്വവല്ക്കകരിക്കപ്പെട്ടവർക്കുള്ള സംവരണങ്ങൾ ഇല്ലാതാക്കുന്നതിനും ഫീസ് വർധനയ്ക്കും ഉന്നതവിദ്യാഭ്യാസത്തിൽ കരാർവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും ഉയർച്ചയ്ക്കും കാരണമാകുമെന്ന് സമ്മേളനം ചൂണ്ടിക്കാണിച്ചു.
താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ പൊതുവിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം ലംഘിക്കുന്നതാണ് പുതിയ നയം. ഇത് താഴ്ന്ന, ഇടത്തരം വരുമാനക്കാരെ ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് നയിക്കുമെന്ന് ഗ്രന്ഥകാരനും ചരിത്രകാരനുമായ സയ്യിദ് ഇർഫാൻ ഹബീബ് പറഞ്ഞു. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ അടുത്തിടെ സമാപിച്ച കർഷക പ്രതിഷേധം പോലുള്ള ശക്തമായ ഒരു പ്രസ്ഥാനത്തിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരും എൻഇപിയും നമ്മുടെ സംസ്കാരത്തെയും ദൈനംദിന ജീവിതത്തെയും കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു. സ്വാതന്ത്ര്യം നേടി 70 വർഷത്തിനു ശേഷവും പഴയ വിഷയങ്ങളിലേക്ക് തിരിച്ചെത്തേണ്ടിവരുന്നത് നിർഭാഗ്യകരമാണ്. ‘വിദ്യാഭ്യാസ നയം കാർഷിക ബില്ലിന് സമാനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി തെരുവുകളെയും ജനങ്ങളുടെ ചലനങ്ങളെയും ഭയപ്പെടുന്നു‘വെന്ന് മനോജ് ഝാ എംപി പറഞ്ഞു.
ഡൽഹി സർവകലാശാലയിലെ മുതിർന്ന പ്രൊഫസർ രത്തൻ ലാൽ, ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് നന്ദിത നരേൻ, മുതിർന്ന പത്രപ്രവർത്തകനായ അജോയ് ആശിർവാദ് മഹാപ്രശസ്ത തുടങ്ങിയവർ പങ്കെടുത്തു.
English Summary: Widespread protest against national education policy
You may like this video also