Site iconSite icon Janayugom Online

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുനമർദ്ദമായി തീർന്നു. എന്നാൽ, വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുനമർദ്ദം നിലനിൽക്കുന്നുണ്ട്.

മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് വടക്കോട്ട് മാറിയിട്ടുണ്ട്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

കേരളത്തിൽ ജൂലൈ 18 മുതൽ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ മാത്രമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നത്. നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്ച വരെ മഴ കുറവായിരിക്കുമെന്നാണ് നേരത്തെയുള്ള പ്രവചനം.

കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്ന മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. ഒരാഴ്ച കൊണ്ട് സംസ്ഥാനത്ത് 259 മില്ലിമീറ്റർ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Eng­lish summary;Widespread rain is like­ly in the state for the next five days

You may also like this video;

Exit mobile version