Site iconSite icon Janayugom Online

സംസ്ഥാനത്ത് ഒരാഴ്ച വ്യാപക മഴ

സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതാണ് മഴ ശക്തിപ്രാപിക്കാന്‍ കാരണം. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത മൂന്ന്, നാല് ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. ശ്രീലങ്കയ്ക്ക്‌ മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 12 മുതൽ 13 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

Exit mobile version