ഇന്ത്യയിലെ വിധവകൾ അനുഭവിച്ചതുപോലെ അവഗണനയും വേദനയും മറ്റൊരു നാട്ടിലെയും സ്ത്രീകൾ അനുഭവിച്ചിട്ടുണ്ടാവുകയില്ല. സ്ത്രീയുടെ കുറ്റംകൊണ്ടാണ് ഭർത്താവ് മരിക്കുന്നത്, അതിനാൽ സ്ത്രീ ശിക്ഷിക്കപ്പെടണം എന്നായിരുന്നു ഇന്ത്യയിലെ പൗരാണിക അധീശ സംസ്കാരമായ ഹിന്ദുമതത്തിന്റെ ധാരണ. സ്ത്രീക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. സ്വയം തീയിൽ ചാടി മരിക്കണം. മരണാനന്തരം അവർ സതീദേവിയെന്ന ആരാധനാമൂർത്തിയാകുമെന്ന് പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നതിൽ ഹിന്ദുമത പൗരോഹിത്യം വിജയിച്ചിരുന്നു.
മഹാഭാരതത്തിൽ കൃഷ്ണന്റെ ആയിരക്കണക്കിനു ഭാര്യമാരിൽ ബഹുഭൂരിപക്ഷവും ഇങ്ങനെ ആത്മഹത്യ ചെയ്യുകയാണ്. ആത്മഹത്യ ചെയ്തില്ലെങ്കിൽ അവരെ പിടിച്ചുകെട്ടി തീയിലേക്കെറിയും. ഷെഹനായ്, ഡോലക്ക് തുടങ്ങിയ വാദ്യങ്ങൾ ഉച്ചസ്ഥായിയിൽ വായിച്ച് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷമാണ് അടുത്തകാലം വരെ രാജസ്ഥാനിൽ ഉണ്ടായിരുന്നത്. ജനിക്കുമ്പോൾ തന്നെ ആചാരപരമായ വിവാഹം നടത്തിയിരുന്നു. പ്രായമായ പുരുഷന്മാരെയാണ് ചടങ്ങിന് നില്ക്കാൻ തിരഞ്ഞെടുക്കുന്നത്. അതിനാൽ 1921ൽ ഒരു വയസുള്ള 597 വിധവകൾ രാജ്യത്തുണ്ടായിരുന്നു. രണ്ടുവയസു വരെയുള്ള വിധവകളുടെ എണ്ണം 494 ആയിരുന്നു. ഇങ്ങനെ മുപ്പതു വയസിനകമുള്ള 26,31,788 വിധവകളുണ്ടായിരുന്നു എന്നാണ് കണക്ക്. ഒരു കാലത്ത് നിരോധിക്കപ്പെട്ടിരുന്ന ഇ മാധവന്റെ സ്വതന്ത്രസമുദായം എന്ന പുസ്തകത്തിലാണ് ഈ അവിശ്വസനീയമായ കണക്കുകൾ ഉദ്ധരിച്ചിട്ടുള്ളത്.
തീയിൽ ചാടി മരിക്കാത്ത പാവങ്ങളെ കാത്തിരുന്നത് അതിനെക്കാൾ ദുസ്സഹമായ മറ്റൊരു അഗ്നിപഥമാണ്. മരണം വരെ വെള്ളയുടുത്ത് ഇരുട്ടറയിൽ കഴിയണം. മുടി വളർത്താൻ പാടില്ല. നരകതുല്യമായിരുന്നു അവരുടെ ജീവിതം. ഒരുനേരം മാത്രം അല്പഭക്ഷണം. വീട്ടുജോലികളെല്ലാം അവരാണ് ചെയ്യേണ്ടിയിരുന്നത്. ഇതൊന്നും വിധവന്മാർക്ക് ബാധകമല്ല. അവർക്ക് പിന്നെയും ശൈശവ, ബാല വിവാഹമടക്കം നടത്തി കാളക്കൂറ്റന്മാരായി ജീവിക്കാം. ഭാര്യ മരിക്കുന്നതു പുരുഷന്റെ കുറ്റം കൊണ്ടല്ല, സ്ത്രീയുടെ ദോഷം കൊണ്ടാണ്. ഇതിന് ഹിന്ദുമതം ചൊവ്വാഗ്രഹത്തെ വരെ കൂട്ടുപിടിച്ചിരുന്നു. വിധവാവിവാഹം എന്ന ആശയം മുന്നോട്ടുവച്ച ഈശ്വർചന്ദ്ര വിദ്യാസാഗറിനും മറ്റും വലിയ അവഹേളനങ്ങൾ നേരിടേണ്ടിവന്നു. വി ടി ഭട്ടതിരിപ്പാടിന്റെയും മറ്റും നേതൃത്വത്തിൽ കേരളത്തിലാണ് വിധവാവിവാഹത്തിന്റെ പതാക പാറിയത്.
പൊതുസമൂഹത്തിൽ നിന്നും വിധവകളെ ചാപ്പകുത്തി മാറ്റിനിർത്തുന്ന സമ്പ്രദായം ഇപ്പോഴും പലയിടത്തും നിലനിൽക്കുന്നുണ്ട്. അതിലൊരു പ്രധാനസ്ഥലം ഹിന്ദുമതത്തിന് അമിതപ്രാധാന്യമുള്ള മഹാരാഷ്ട്രയാണ്. അതെ, ഇത്തരം ദുഷ്‌പ്രവണതകൾക്കെതിരെ പോരാടി വീരമരണം വരിച്ച ഗോവിന്ദ് പൻസാരെയുടെയും നരേന്ദ്രധബോൽക്കറുടെയും സ്വന്തം മഹാരാഷ്ട്ര. മഹാത്മാ ഫുലെയുടെയും ബാബ ആംതെയുടെയും പ്രവർത്തന പദ്ധതികൾക്ക് ഇടം നല്കിയ മഹാരാഷ്ട്ര. ഡോ. ബി ആർ അംബേദ്ക്കറിന്റെയും ബി ടി രണദിവേയുടെയുമൊക്കെ കർമ്മമണ്ഡലമായിരുന്ന മഹാരാഷ്ട്ര. നാരായൺ സുർവേയെപ്പോലെയുള്ള വിപ്ലവകവികൾ ജീവിച്ച് മരിച്ച മഹാരാഷ്ട്ര. കോവിഡ് മരണങ്ങൾ അധികമായതോടെ വിധവകളുടെ എണ്ണം വർധിച്ചു. ഈ അസാധാരണ സംഭവം കോലാപ്പൂരിലെ ഹെർവാദ് ഗ്രാമത്തിന്റെയും മാൻഗാവ് ഗ്രാമത്തിന്റെയും കണ്ണു തുറപ്പിച്ചു. യുവതികളായ വിധവകൾക്കായി മതം വാഗ്ദാനം ചെയ്യുന്ന ദാരുണജീവിതം അവസാനിപ്പിക്കാൻ തന്നെ അവർ തീരുമാനിച്ചു.
മഹാരാഷ്ട്രാ സർക്കാരും ഈ വഴിയേ ചിന്തിച്ചു. വിധവകളുമായി ബന്ധപ്പെട്ട ആചാരങ്ങളെല്ലാം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. ഇനി മുതൽ ഭർത്താവ് മരിച്ച സ്ത്രീകൾക്ക് പച്ച നിറമുള്ള വസ്ത്രങ്ങൾ ധരിക്കാം. നെറ്റിയിൽ സിന്ദൂരം ചാർത്താം. ഭർത്താവിന്റെ മൃതശരീരം ചിതയിലേക്കെടുക്കുന്നതിനു മുൻപ് പച്ചകൈവളകൾ പൊട്ടിക്കേണ്ടതില്ല. മൂക്കുത്തിയും മിഞ്ചിയും ഊരിമാറ്റേണ്ടതില്ല. താലി മുറിച്ചുകളയേണ്ടതില്ല. മംഗളകർമ്മങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതില്ല. അടുപ്പിൽ തീകത്തിക്കാം. ആഹാരം കഴിക്കാം. വധുവിന്റെ അമ്മയായിത്തന്നെ കല്ല്യാണമണ്ഡപത്തിലെത്താം. ആരെയും അനുഗ്രഹിക്കാം. ഗ്രാമപഞ്ചായത്തിനെ സംസ്ഥാനം മാതൃകയാക്കുന്നതാണ് നമ്മൾ മഹാരാഷ്ട്രയിൽ കാണുന്നത്. സംസ്ഥാനത്തെ രാഷ്ട്രം മാതൃകയാക്കുന്ന കാലം എന്നാണുണ്ടാവുക?